അമേരിക്കയില്‍ നിന്നും നസീര്‍ ഹൂസെെന്‍ എഴുതുന്നു....
കേരളത്തിൽ കൊറോണ ടെസ്റ്റ് റിസൽറ്റ് പോസിറ്റീവ് ആയിട്ട് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ ഇരുപത് മിനുട്ട് എടുത്തത് വാർത്തയാക്കുന്നവർ ദയവായി അമേരിക്കയിലെ അനുഭവം വായിക്കുക. മൂന്നാഴ്ച മുമ്പ് ഒരു കൂട്ടുകാരന്റെ ബന്ധുവിന് ഉണ്ടായ അനുഭവം ആണ്.
" എനിക്ക് രണ്ടു ദിവസമായി നല്ല പനിയുണ്ട് , വരണ്ട ചുമയുമുണ്ട്. മേലുവേദനയുണ്ട്. കൊറോണ ആണെന്ന് കരുതുന്നു. ഇന്ന് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായപ്പോൾ ആണ് 911 വിളിച്ചത്, ദയവായി ആശുപത്രിയിൽ എമെർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുപോകണം. ഇൻഷുറൻസ് ഉണ്ട്..." : ഇവിടെ അമേരിക്കയിൽ ന്യൂ ജേഴ്‌സിയിൽ ഒരു മലയാളി ചെറുപ്പക്കാരൻ തനിക്ക് കൊറോണ ഉണ്ടെന്ന് സംശയം വന്നപ്പോൾ ആംബുലൻസ് വിളിച്ചതാണ്. മൂന്നു മിനിറ്റ് കൊണ്ട് ആംബുലൻസ് വന്നു. പക്ഷെ ...
"നിങ്ങൾ പറയുന്നത് ശരിയാണ്, നിങ്ങൾക്ക് കൊറോണ ആകാൻ എല്ലാ സാധ്യതയും ഉണ്ട്. പക്ഷെ താങ്കൾക്ക് രണ്ടു വാക്യം മുഴുവൻ ആയി പറയാൻ കഴിയുന്നത് കൊണ്ടും, താങ്കൾ ചെറുപ്പക്കാരൻ ആയതു കൊണ്ടും തത്കാലം ആശുപത്രിയിൽ ഞങ്ങൾ കൊണ്ടുപോകുന്നില്ല, കാരണം ആശുപത്രിയിൽ സ്ഥലമില്ല. മാത്രമല്ല ആശുപത്രിയിൽ വന്നാൽ നിങ്ങൾക്ക് കൊറോണ ഇല്ലെങ്കിൽ തന്നെ നിങ്ങൾക്ക് ആശുപത്രിയിൽ നിന്ന് കൊറോണ പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഇന്ന് ടെസ്റ്റ് ചെയ്യാൻ സ്വാബ് എടുത്താലും, പത്ത് ദിവസം കഴിഞ്ഞു മാത്രമേ ഫലം കിട്ടൂ. പരിശോധിക്കുന്നതിൽ പത്തിൽ ഏഴു പേർക്കും കൊറോണ സ്ഥിരീകരിക്കുന്നത് കൊണ്ട്, ഞങ്ങൾ ഇപ്പോൾ ലക്ഷണം ഉള്ളവർക്ക് , ടെസ്റ്റ് ഫലം വരുന്നതിനു മുൻപ് തന്നെ ചികിത്സ തുടങ്ങുന്നുണ്ട്. താങ്കൾക്ക് നല്ല ന്യൂമോണിയ ഉണ്ട്, തല്ക്കാലം ആന്റി ബയോട്ടിക് നൽകാം. ഇത് കഴിക്കാൻ തുടങ്ങുക, രണ്ടു ദിവസം കഴിഞ്ഞിട്ടും ലക്ഷണങ്ങൾ കുറഞ്ഞില്ലെങ്കിലോ, നിങ്ങൾ മരിക്കും എന്ന് കരുതുന്ന സ്ഥിതിയിലോ ഞങ്ങളെ വീണ്ടും വിളിക്കുക" എന്നും പറഞ്ഞു ആന്റി ബയോട്ടിക് പ്രിസ്‌ക്രിപ്‌ഷൻ കൊടുത്തിട്ട് ആംബുലൻസ് തിരിച്ചു പോയി.
ഇതാണ് അമേരിക്കയിലെ അവസ്ഥ. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഈ കൊറോണക്കാലത്ത് മനുഷ്യന് ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലം കേരളം ആണെന്ന്. കേരളത്തിലെ ചിലർക്ക് ഒഴിച്ച് ലോകത്തിലെ ഏതാണ്ട് എല്ലാവർക്കും അത് ബോധ്യം ആയിട്ടുണ്ട്..
ചില മലയാളി മാധ്യമ പ്രവർത്തകർക്ക് മാത്രം നേരം വെളുത്തിട്ടില്ല..
**************************************************************
കൊറോണ ഉള്ള രോഗി ബോംബ് ആണോ?
പോസിറ്റീവ് ആയ ഉടൻ പരക്കം പായാൻ?
_____
സുഹൃത്തുക്കൾ ഒത്തിരി ലോകം മൊത്തം ഡോക്ടര്മാരായും അല്ലാതെയും ഉണ്ട്.
ഒത്തിരി സ്ഥലങ്ങളിൽ കോവിഡ് സർവ സാധാരണമായ ഒരു അസുഖം ആയി മാറിക്കഴിഞ്ഞു.
ഇംഗ്ലണ്ടിൽ കോവിഡ് വാർഡിൽ ജോലി ചെയ്യുന്ന ഡോക്ടർക്കോ നേഴ്സിനോ പനി, ചുമ ഒക്കെ വന്നാൽ വീട്ടിൽ ഇരിക്കുക എന്നാണ് നിർദേശം കിട്ടുന്നത്. ഒരാഴ്ച്ച കഴിഞ്ഞു പനി മാറിയാൽ തിരിച്ചു ജോലിക്ക് കയറുക. ടെസ്റ്റും ഇല്ല, ഒരു കുന്തവും ഇല്ല.
പണി ആയി എന്ന ഒരു സ്ഥിതി വന്നാൽ അവർ വന്നു കൊണ്ടു പോകും, ചികിൽസിക്കാൻ.
പൊതുജനത്തിനും ഇത് തന്നെ. ശ്വാസം മുട്ട് കൂടി ഒരു പരുവമായാൽ മാത്രമേ ആശുപത്രി ഉള്ളു. അത് വരെ വീട്ടിൽ തന്നെ.
ലോകത്തിൽ മിക്ക സ്ഥലത്തും ഇതാണ് സ്ഥിതി.
ജി ഡി പി യുടെ പതിനഞ്ചു ശതമാനത്തിനാടുത്ത് ആരോഗ്യ മേഖലയിൽ ചിലവാക്കുന്ന, ലോകത്തിലെ ഏറ്റവും നല്ല പൊതു ആരോഗ്യ സംവിധാനം ഉള്ള സ്ഥലമാണ്.
ഇൻഡ്യ എത്രയാണ് പൊതു ആരോഗ്യത്തിന് ചിലവാക്കുന്നത്?
ഒരു ശതമാനം. ഒരേ ഒരു ശതമാനം.
ആളോഹരി നോക്കിയാലോ? നമ്മുടെ ആളോഹരി വരുമാനത്തിന്റെ ഇരുപത് ഇരട്ടി ഉണ്ട് ഇംഗ്ളണ്ടിനും അമേരിക്കക്കും.
അപ്പോ സർക്കാരിനെ സംബന്ധിച്ച്, പൊതുവെ ഇൻഡ്യയിൽ, നമ്മുടെ ഒരാളുടെ ആരോഗ്യത്തിന്റെ വില, ഒരു ഇംഗ്ളീഷുകാരന്റെ നൂറിൽ ഒന്നൊക്കെയെ ഉള്ളു!!
അവിടുത്തെ സ്ഥിതി ആണിത്!
ഇൻഡ്യയിൽ ഇപ്പോഴും നമ്മൾ ആശുപത്രികൾ മൊത്തം അടച്ചിട്ടും, കോവിഡ് വന്ന ആളുകളെ അതി ഭീകരമായ അയിത്തം കൽപ്പിച്ചും ഒക്കെ നേരിടാൻ നോക്കുകയാണ്.
ഇത്രേം വിഭവ ദാരിദ്ര്യത്തിനിടയിലും, വളരെ ഫലപ്രദമായി കേരളത്തിന്, പ്രതിരോധം തീർക്കാൻ കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും അഭിമാനിക്കാവുന്ന നേട്ടം.
പക്ഷെ ഇത്രേം ഓവർ ആക്കിയിട്ട് ഇനി കാര്യമുണ്ടോ എന്ന കാര്യം അധികാരികൾ പരിശോധിക്കേണ്ടിയിരിക്കുന്നു.
കാരണം, എത്രയൊക്കെ നോക്കിയാലും, ഒരു പക്ഷെ, ഇത് ഇവിടുന്ന് അത്ര പെട്ടെന്നൊന്നും പോവില്ല. ഒരിടത്ത് നിന്ന് പുറപ്പെട്ട തിരമാല, തീരത്ത് വരും എന്ന് തന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ശ്രമഫലമായി ചിലപ്പോ വളരെ ചെറിയ ഒരു തിര അടി ആയിരിക്കാം ഉണ്ടാകാൻ പോവുന്നത്.
പക്ഷെ, നമ്മുടെ ഒക്കെ കൈ നനയും.
കടൽവെള്ളത്തോട് അയിത്തം ഒന്നും കല്പിച്ചിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.
എന്ന്, എന്തായാലും ഈ സാധനം ഒരിക്കൽ കിട്ടും എന്നും, അത് പണി ആയേക്കാം എന്നും ഉത്തമ ബോധ്യം ഉള്ള ഒരാൾ.
(Dr. Jimmy Matthew, MBBS, MD. Clinical professor and reconstructive micro surgeon )
No comments:
Post a Comment