ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

OFFICIAL COVID BULLETINS



CLICK HERE FOR OFFICIAL Covid Daily  Bulletins




1.ദുരന്തകാലത്തെ സർക്കാർ ഉദ്യോഗസ്ഥർ..മുരളി തുമ്മാരുകുടി

1.മുരളി തുമ്മാരുകുടി എഴുതുന്നു. ദുരന്തകാലത്തെ സർക്കാർ ഉദ്യോഗസ്ഥർ..

ഒരു സർക്കാർ ഉദ്യോഗം എപ്പോഴെങ്കിലുമൊക്കെ ഏതാണ്ട് എല്ലാ മലയാളികളുടെയും സ്വപ്നവും ആഗ്രഹവും ആണെങ്കിലും സർക്കാർ ഉദ്യോഗസ്ഥരെ പറ്റി സമൂഹത്തിന്റെ മൊത്തം അഭിപ്രായം പൊതുവെ നെഗറ്റീവ് ആണ്. ഏതൊരു ആവശ്യത്തിന് ചെന്നാലും അതിന് ഉടക്ക് വെക്കുന്നവർ, ചെറിയ കാര്യത്തിന് പോലും പല പ്രാവശ്യം നടത്തിക്കുന്നവർ, കൈക്കൂലി മേടിക്കുന്നവർ എന്നിങ്ങനെ പരാതികൾ പലതുണ്ട്. എല്ലാ ഉദ്യോഗസ്‌ഥരും ഒരു പോലെ അല്ലെങ്കിലും ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവം സർക്കാർ ഓഫീസുകളിൽ നിന്നും കിട്ടാത്തവർ കുറവാണ്, അതുകൊണ്ട് തന്നെ ഇത്തരം സ്റ്റീരിയോ ടൈപ്പുകൾ സമൂഹത്തിൽ പതിഞ്ഞു കിടക്കുന്നു.

പക്ഷെ ഒരു ദുരന്തം വരുമ്പോൾ കാര്യങ്ങൾ അടിമുടി മാറുകയാണ്. രണ്ടായിരത്തി പതിനെട്ടിലെ പ്രളയമാണെങ്കിലും  ഇപ്പോഴത്തെ കൊറോണയാണെങ്കിലും നമ്മുടെ സിവിൽ സർവീസിന്റെ ഏറ്റവും നല്ല മുഖമാണ് പുറത്തു വരുന്നത്. ഔദ്യോഗികമായ കാര്യക്ഷമത വർദ്ധിക്കുന്നത് മാത്രമല്ല വ്യക്തിപരമായും കൂട്ടായും അവർ കാണിക്കുന്ന മാനുഷിക മൂല്യങ്ങൾ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നത് തന്നെയാണ്.ഇതിന് വലിയ ഉദ്യോഗമെന്നോ ചെറിയ ഉദ്യോഗമെന്നോ മാറ്റമില്ല, വകുപ്പുകൾ തമ്മിൽ ഭേദവുമില്ല. ഈ കൊറോണക്കാലത്ത് എത്രയോ അനുഭവങ്ങളാണ് നമ്മൾ കാണുന്നത്, വായിക്കുന്നത്.

ഈ കൊറോണക്കാലത്തെ മുൻ നിരപ്പോരാളികൾ നമ്മുടെ ആരോഗ്യപ്രവർത്തകർ തന്നെയാണ്. ആരോഗ്യ പ്രവർത്തകർ എന്ന് പറയുമ്പോൾ ഡോക്ടർമാരും നേഴ്‌സുമാരും ആണ് ആദ്യം നമ്മുടെ ചിന്തയിൽ വരുന്നത്. ഏറ്റവും മുൻ നിരയിൽ കാണുന്നതും അവരെ തന്നെയാണ്. പക്ഷെ അവിടെ തീരുന്നതല്ല ആരോഗ്യപ്രവർത്തകരുടെ നിര. ഫർമസിസ്റ്റ്, ലബോറട്ടറി സ്റ്റാഫ് എന്നിവർ മുതൽ ആശുപത്രിയിലെ ക്ളീനിംഗും മാലിന്യ നിർമ്മാർജ്ജനം ചെയ്യുന്നവരും ഒക്കെ ഉൾപ്പെട്ട ഒരു സംഘമാണ് നമ്മുടെ കൊറോണ യുദ്ധം മുൻ നിരയിൽ നയിക്കുന്നത്. നമ്മളോട് വീട്ടിലിരിക്കാൻ പറഞ്ഞിട്ട് യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത് ഇവരാണ്.

പക്ഷെ നമ്മൾ അറിയാത്ത മറ്റൊരു സംഘം ആരോഗ്യ പ്രവർത്തകരും നമ്മുടെ ഇടയിൽ ഉണ്ട്. ആശുപ്രത്രിയിൽ എത്തുന്ന രോഗികളുടെ ആരോഗ്യ സംരക്ഷണമല്ല, പൊതുജനാരോഗ്യ സംരക്ഷണമാണ് ഇവരുടെ തൊഴിൽ മേഖല. ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ ആശാ വർക്കർ  (Associated Social Health Activisit)  വരെ ആശുപത്രികൾക്ക് പുറത്ത് സമൂഹത്തിലേക്കിറങ്ങി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് നമ്മൾ അധികം ശ്രദ്ധിക്കാറില്ല. പൊതുജനാരോഗ്യ സംരക്ഷണത്തിന് നമ്മുടെ ആരോഗ്യത്തിൽ ഉള്ള പങ്ക് നമ്മൾ അറിയാറുമില്ല. വാസ്തവത്തിൽ ഞാൻ ഇന്ന് വരെ കേരളത്തിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടറെ ഔദ്യോഗികമായ ജോലിക്കിടക്ക് നേരിട്ട് കണ്ടിട്ടില്ല. മുനിസിപ്പാലിറ്റികളിൽ ഒക്കെ പഴകിയ ഭക്ഷണം പിടിച്ചെടുക്കുമ്പോൾ വരുന്ന റിപ്പോർട്ടിൽ മാത്രമാണ് അവരുടെ പേരുകൾ കാണാറുള്ളത്. പക്ഷെ ഈ കൊറോണക്കാലത്ത് എയർപോർട്ടിൽ വരുന്ന ആളുകളുടെ റിപ്പോർട്ട് എടുക്കുന്നത് മുതൽ, ക്വറിന്റൈനിൽ ഉള്ള ആളുകളുടെ ലിസ്റ്റ് സൂക്ഷിക്കുക, അവരെ വിളിച്ച് അന്വേഷിക്കുക, കമ്മ്യൂണിറ്റി കിച്ചനിലെ ഭക്ഷണനിലവാരം ഉറപ്പുവരുത്തുക, ഇതര സംസ്ഥാന തൊഴിലാളികൾ ജീവിക്കുന്ന കമ്പുകളിലെ ഹൈജീൻ ഉറപ്പു വരുത്തുക എന്നിങ്ങനെ എത്രയോ കാര്യങ്ങളിൽ ആണ് അവർ മുന്നിലുള്ളത്. നമ്മുടെ ആരോഗ്യ രംഗത്തെ "unsung heroes" ആണ് ഇവർ.

ആരോഗ്യ പ്രവർത്തനം സാധാരണ ഗതിയിൽ പോലീസുകാരുടെ ജോലിയല്ല. പക്ഷെ ഈ കൊറോണ യുദ്ധം നമ്മൾ ഇപ്പോൾ ജയിച്ചു നിൽക്കുന്നതിൽ നമ്മുടെ പോലീസ് സേനക്കുള്ള പങ്ക് എടുത്ത് പറയാതെ വയ്യ. പണ്ട് തന്നെ എട്ടു മണിക്കൂറിൽ ജോലി ചെയ്യുന്നവരാണ് മിക്ക പോലീസുകാരും, ഇപ്പോൾ അത് പലപ്പോഴും പ്രതിനാറു മണിക്കൂറായി. ഒരു ഉത്തരവാദിത്തമില്ലാതെ ലോക്ക് ഡൌൺ ലംഘിച്ച് റോഡിൽ ഇറങ്ങുന്നവരെ തടയുക, വീട്ടിൽ ക്വറിന്റൈനിൽ ഇരിക്കേണ്ടവർ അത് ലംഘിച്ചാൽ അവരെ പോയി പറഞ്ഞു മനസിലാക്കുക, ആവശ്യക്കാരെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കുക, മരുന്നെത്തിക്കുക, ഭക്ഷണവും ഭക്ഷണ സാധനങ്ങളും എത്തിക്കുക, ഇതിനിടയിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലാതിരിക്കുക, മറ്റുള്ളവരുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്താൽ സ്വയം ക്വറിന്റൈനിൽ പോകേണ്ടി വരിക എന്നിങ്ങനെ എത്രയോ ഉത്തരവാദിത്തങ്ങളും പ്രശ്നങ്ങളും. ഈ കൊറോണക്കാലത്ത് നമ്മുടെ യുദ്ധത്തിലെ രണ്ടാമത്തെ വ്യൂഹം ആണിവർ. പോലീസിന്റെ ഇടപെടലും സഹായവുമില്ലതെ ആളുകളുടെ സ്വന്തം പെരുമാറ്റത്തിന് വിട്ടിരുന്നെങ്കിൽ നമ്മുടെ കാര്യം കട്ടപ്പൊക ആയേനെ.

കേരളത്തിൽ ദുരന്ത നിവാരണത്തിന് ഔദ്യോഗിക ഉത്തരവാദിത്തം റെവന്യൂ ഡിപ്പാർട്ട്മെന്റിനാണ് ദുരന്ത നിവാരണ അതോറിറ്റി മുതൽ വില്ലേജ് ഓഫീസുകൾ വരെ ഉള്ള റെവന്യൂ വകുപ്പിന് കീഴിലുള്ള സംവിധാനങ്ങൾ ഒക്കെ പൂർണ്ണമായും ഈ യുദ്ധത്തിൽ ഉണ്ട്. വളരെ പരിമിതമായ വിഭവങ്ങൾ ആണ് അവർക്ക് ദുരന്ത നിവാരണത്തിന് ലഭിക്കുന്നത്, മറ്റു ഡിപ്പാർട്ട്മെന്റുകൾക്ക് ഉള്ളത് പോലെ വിസിബിലിറ്റി കിട്ടുന്നുമില്ല, പക്ഷെ അതിലവർക്ക് പരാതിയില്ല, യുദ്ധത്തിലെ വിജയമാണ് അവരുടെയും ലക്‌ഷ്യം.

കേരളം കൊറോണയെ ഇത്രയും നന്നായി നേരിടുന്നതിന് അടിസ്ഥാനമായ പല കാരണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി പലരും ചൂണ്ടിക്കാണിക്കുന്നത് ത്രിതല സമ്പ്രദായത്തിലുള്ള നമ്മുടെ ജനാധിപത്യത്തിന്റെ വളർച്ചയും, കരുത്തും മത്സരവുമാണ്. ഈ കൊറോണ യുദ്ധത്തിൽ നമ്മുടെ ജനപ്രതിനിധികൾ വഹിക്കുന്ന പങ്കിനെ പറ്റി ഞാൻ പിന്നീടൊരിക്കൽ എഴുതുന്നുണ്ട്. പക്ഷെ ഇപ്പോൾ പറയേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ പറ്റിയാണ്. കമ്മ്യൂണിറ്റി കിച്ചണുകൾ കേരളത്തിൽ സ്ഥാപിക്കണം എന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അതിന് മുൻകൈ എടുക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു മണിക്കൂറുകൾക്കകം ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചൻ പഞ്ചായത്തുകളിൽ ഉണ്ടായിക്കഴിഞ്ഞു, ഇരുപത്തി നാല് മണിക്കൂറിനകം തൊള്ളായിരത്തിന് മുകളിൽ, നാല്പത്തി എട്ടു മണിക്കൂറുകൾ ആയപ്പോൾ ആയിരത്തി മുപ്പത്തിനാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആയിരത്തി മുപ്പതിലും കമ്മ്യൂണിറ്റി കിച്ചണുകളായി. കേരളം ലോകത്തിന് മാതൃകയാണെന്ന് എനിക്ക് പലപ്പോഴും പറയാൻ പറ്റുന്നത് ഇത്തരം കാര്യക്ഷമത കാണുന്നത് കൊണ്ടാണ്.

പറയേണ്ട വകുപ്പുകൾ ഇനിയും ഉണ്ട്. മറുനാടൻ തൊഴിലാളികളുടെ കാര്യം നോക്കുന്ന ഫോറസ്റ്റ് വകുപ്പ്, ബിവറേജസ് അടച്ചിട്ടും മദ്യ ദുരന്തം ഉണ്ടാകാതെ കാക്കുന്ന എക്സൈസ് ഡിപ്പാർട്ട്മെന്റ്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയ സിവിൽ സപ്പ്ളൈസ്,  ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ്,  എന്നിങ്ങനെ പലതും. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ തികച്ചും കസ്റ്റമർ ഫ്രണ്ട്ലിയും കാര്യക്ഷമവും ആയി മാറിയ വൈദ്യതി വകുപ്പിനെ പറ്റി പ്രത്യേകം തന്നെ എഴുതാനുള്ളത് കൊണ്ട് ഇപ്പോൾ കൂടുതൽ പറയുന്നില്ല, ഈ കൊറോണക്കാലത്തും അവരുടെ പ്രവർത്തനം മാതൃകാപരമായിരുന്നു എന്ന് മാത്രം പറയാം. വിട്ടു പോയിട്ടുള്ള വകുപ്പുകൾ ആണ് കൂടുതലും, അവർ പരാതി പറയുമെന്നും അറിയാം. അതുകൊണ്ട് നിങ്ങൾക്കും ഈ വിഷയത്തിൽ ഏതൊക്കെ വകുപ്പുകളെയാണ് അഭിനന്ദിക്കേണ്ടത് എന്ന് വച്ചാൽ പറയാമല്ലോ. ആരെയും മനപ്പൂർവ്വം ഒഴിവാക്കിയതുമല്ല, അറുപത് വകുപ്പുകളെ പറ്റിയും ഒരുമിച്ച് പറയാൻ പറ്റില്ലല്ലോ.

ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പടെ ഉള്ളവർക്കും നമ്മുടെ കൊറോണക്കാലത്തെ പ്രതിരോധത്തിൽ വലിയ പങ്കുണ്ട്, അത് ഞാൻ അടുത്ത ദിവസം പറയാം. ലോകത്തിൽ ഒരു സർക്കാരിനും ജനങ്ങളുടെ എല്ലാ ആവശ്യവും നിറവേറ്റാൻ പറ്റില്ല, സ്വകാര്യ മേഖലക്കും സഹകരണ മേഖലക്കും അതിൽ വലിയ പങ്കുണ്ട്. ഈ കൊറോണക്കാലത്ത് നിന്നും നമുക്ക് ഏറെ പഠിക്കാനുമുണ്ട്.

അവസാനമായി നമ്മുടെ യുവാക്കളായ കലക്ടർമാരെപ്പറ്റിയും രണ്ടു വാക്ക്. കളക്ടർമാർക്ക് അനിയന്ത്രിതമായ അധികാരങ്ങൾ ഉണ്ടെന്നും അതൊക്കെ കുറക്കാൻ സമയമായി എന്നുമൊക്കെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, അതിനെ പറ്റി എഴുതിയിട്ടുമുണ്ട്. അതൊരു താത്വികമായ അവലോകനമാണ്. പക്ഷെ ഓരോ ദുരന്ത കാലത്തും എത്രമാത്രം കാര്യക്ഷമതയോടെ ആണ് നമ്മുടെ യുവാക്കളായ കളക്ടർമാർ അതിൽ ഇടപെടുന്നത് എന്നത് എന്നെ എപ്പോഴും അതിശയിപ്പിക്കുന്നു. ആരോഗ്യം മുതൽ ഭക്ഷണം വരെ എത്രയോ കാര്യങ്ങളാണ് അവർക്ക് കൈകാര്യം ചെയ്യാനുള്ളത് ?, അവർ ദിവസം എത്ര മണിക്കൂർ ഇപ്പോൾ ഉറങ്ങുന്നുണ്ടാകും ? കേരളം മുഴുവൻ ലോക്ക് ഡൗണിൽ ആയി പ്രതീക്ഷിക്കാതെ കുട്ടികൾക്ക് അച്ഛനമ്മമാരോട് ഒത്ത് സമയം പങ്കുവെക്കാൻ പറ്റുമ്പോൾ ഇവരുടെ കുടുംബങ്ങളിൽ കാര്യങ്ങൾ നേരെ തിരിച്ചായിരിക്കില്ലേ?

എന്താണെങ്കിലും ഒരു കാര്യം ഉറപ്പായും പറയാം. ഓരോ ദുരന്തകാലവും നമ്മളോട് പറയുന്നത് ഇതാണ്. നമ്മുടെ സിവിൽ സർവീസ്, കളക്ടർ മുതൽ ക്ളീനിങ്ങ് സ്റ്റാഫ് വരെ "സിവിൽ സർവീസ്" എന്നതിന്റെ അർഥം മനസ്സിലാക്കിയിട്ടുള്ളവർ തന്നെയാണ്. ഒന്നിന് പുറകെ ഒന്നായി വരുന്ന വെല്ലുവിളികൾക്ക് ഓരോന്നിനും ഒപ്പം അവരുടെ സേവനം ഉയരുന്നുണ്ട്. ഇവരൊക്കെയാണ് നാളെ നമ്മുടെ ഉന്നത സ്ഥാനങ്ങളിലേക്ക് പോകാൻ പോകുന്നതെന്നത് നമുക്ക് പ്രതീക്ഷ നൽകുന്നതാണ്. നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായും കാര്യക്ഷമമായും പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്താൽ മാത്രം മതി. ഈ കൊറോണക്കാലത്തു നിന്നും നമ്മൾ പഠിച്ച പാഠങ്ങൾ എങ്ങനെയാണ് സിവിൽ സർവീസിന്റെ സംസ്കാരത്തിന്റെ ഭാഗമാക്കുക എന്നതാണ് ഇനി ഭരണ നേതൃത്വം ചിന്തിക്കേണ്ടത്.

കൊറോണ യുദ്ധരംഗത്തും പ്രതിരോധ രംഗത്തും ഉള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ആദരവോടെ, അഭിമാനത്തോടെ, അത്ഭുതത്തോടെ എന്റെ കൂപ്പു കൈ.

മുരളി തുമ്മാരുകുടി

(ഈ പോസ്റ്റിന്റെ താഴെ ഏതെങ്കിലും ഒരു വകുപ്പിലെ ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ ഈ കൊറോണക്കാലത്ത് മോശമായി പെരുമാറിയതിന് ഉദാഹരണവുമായി വരരുത്. ഏതൊരു നന്മക്കിടയിലും അങ്ങനെയുള്ളവർ കാണും. ഈ പോസ്റ്റിനിടയിൽ അങ്ങനെ പറയാൻ തോന്നുന്നവരും അതേ അച്ചിൽ വർത്തവരാണ്, അവർക്ക് വേണ്ടി എന്റെ ബ്ലോക്ക് ഓഫീസ് എന്നും തുറന്നിരിക്കും).

No comments:

Post a Comment