ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, September 30, 2018

കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പുനര്‍നിര്‍മ്മിക്കുക (Build Back Better)"

നിയമസഭ അംഗീകരിച്ച പ്രമേയം
2018 ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ ഉടനീളം പെയ്ത കനത്ത മഴയുടെ ഫലമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാവുകയും കേരളം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തം ഏറ്റുവാങ്ങേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. ഈ ദുരന്തം കേരളത്തിന്‍റെ സമസ്ത മേഖലകളിലും ഏല്‍പ്പിച്ച ആഘാതം ഇനിയും പൂര്‍ണ്ണമായി കണക്കാക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയാടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെയും പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയ്യാറാക്കാന്‍ വേണ്ടി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുണമെന്ന് സഭ ആവശ്യപ്പെടുന്നു.
കേരളത്തിലെ 981 വില്ലേജുകളിലായി 55 ലക്ഷത്തോളം ആളുകള്‍ പ്രളയദുരന്തത്തിന് ഇരയായതായി കണക്കാക്കപ്പെടുന്നു. ദുരന്തത്തില്‍ 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. ഇതിനുപുറമെ ഗുരുതരമായ പരിക്കുകള്‍ പറ്റിയ 140 പേരും ഉണ്ട്. മരണസംഖ്യ പരമാവധി കുറയ്ക്കുകയും പ്രളയബാധിതരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുക എന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഈ മഹാദൗത്യത്തില്‍ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളും സ്വന്തം ജീവന്‍ പണയപ്പെടുത്തി മത്സ്യത്തൊഴിലാളികളും യുവാക്കളും സന്നദ്ധപ്രവര്‍ത്തകരും സജീവമായി അണിനിരന്നു. ഇവരോടൊപ്പം ജനപ്രതിനിധികളാകെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. ഇവരുടെയെല്ലാം സേവനം അഭിമാനപൂര്‍വ്വം അനുസ്മരിക്കുന്നതോടൊപ്പം ഇവരോടുളള കേരള സംസ്ഥാനത്തിന്‍റെ കടപ്പാടും നന്ദിയും ഈ സഭ രേഖപ്പെടുത്തുന്നു.
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായി 3,879 ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചവരുടെ എണ്ണം 2018 ആഗസ്റ്റ് 21 ലെ കണക്കുപ്രകാരം 3,91,494 കുടുംബങ്ങളില്‍പ്പെട്ട 14,50,707 പേര്‍ ആണ്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഇപ്പോള്‍ 305 ആയി കുറയുകയും ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 16,763 കുടുംബങ്ങളില്‍ നിന്നുള്ള 59,296 പേര്‍ ആയി കുറയുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാധനസാമഗ്രികളും ധനസഹായവും കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല സംസ്ഥാനത്തിന് പുറത്തു നിന്നും രാജ്യത്തിനു പുറത്തുനിന്നുപോലും പ്രവഹിക്കുന്ന ആവേശജനകമായ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ദുരിതാശ്വാസക്യാമ്പുകളില്‍ ദൃശ്യമായ സൗഹാര്‍ദ്ദവും മൈത്രിയും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒരുമയുടെയും കൂട്ടായ്മയുടെയും മഹനീയ മാതൃകയായി ലോകം വിലയിരുത്തിയ ദിരുതാശ്വാസ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നത്.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുളള മാധ്യമപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിയാണ് നിരവധി മാധ്യമപ്രവര്‍ത്തകര്‍ ദുരന്തഭൂമിയിലെത്തി ദുരന്തത്തിന്‍റെ തീവ്രത പൊതുസമൂഹത്തിന്‍റെയും അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയതെന്ന കാര്യം ഈ സഭ നന്ദിയോടെ സ്മരിക്കുന്നു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നുള്ള പുനരധിവാസ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ എല്ലാ മേഖലകളില്‍ നിന്നും ഗണ്യമായ തോതില്‍ എത്തിക്കൊണ്ടിരിക്കുന്നു. ന്യായാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രവാസികള്‍, വ്യവസായികള്‍, തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും പരമാവധി സംഭാവന നല്‍കാന്‍ മുന്നോട്ടുവരുന്നുണ്ട്. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ മഹായത്നത്തില്‍ സജീവ പങ്കാളികളാകും എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാത്തരം വിഭാഗീയചിന്താഗതികള്‍ക്കും അതീതമായി കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ദൃഢനിശ്ചയത്തോടെ ഒരു പുതിയ കൂട്ടായ്മയും യോജിപ്പിന്‍റെ ഒരു പുതിയ സംസ്കാരവും ഉയര്‍ന്നുവരുന്നുവെന്നതില്‍ ഈ സഭ അഭിമാനവും സന്തോഷവും രേഖപ്പെടുത്തുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിലും എല്ലാവരും ഒരുമിച്ച്നിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുകൊണ്ട് മുന്നേറണമെന്ന് ഈ സഭ ആഹ്വാനം ചെയ്യുന്നു.
ഈ ആഘാതത്തില്‍ നിന്നും കരകയറുക മാത്രമല്ല, "കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പുനര്‍നിര്‍മ്മിക്കുക (Build Back Better)" എന്ന മാതൃക അവലംബിച്ചുകൊണ്ട് ഒരു പുതിയ കേരളം സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍, അതിനാവശ്യമായ വിഭവസമാഹരണം നടത്തുക എന്നത് അസാധാരണമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇപ്പോള്‍ നല്‍കിയിട്ടുള്ള താത്ക്കാലികമായ ആദ്യ ഗഡു എന്ന നിലയിലുള്ള 600 കോടി രൂപയ്ക്ക് പുറമെ നാശനഷ്ടങ്ങളുടെ അന്തിമ കണക്കുകളുടെ അടിസ്ഥാനത്തില്‍ പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനും പര്യാപ്തമായ കേന്ദ്രസഹായം അനുവദിക്കണമെന്ന് കേരള നിയമസഭയുടെ ഈ പ്രത്യേക സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. പ്രളയക്കെടുതിയുണ്ടായപ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിക്കാനെത്തിയെങ്കിലും നവകേരള സൃഷ്ടിക്കായുള്ള തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായ സഹകരണം ഇനിയും കേരളം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള അതിബൃഹത്തായ ഒരു പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കുമ്പോള്‍ സാങ്കേതികമേഖലയിലും ധനസമാഹരണത്തിന്‍റെ കാര്യത്തിലും അന്താരാഷ്ട്രതലത്തിലുള്ള സഹകരണവും സഹായവും ആവശ്യമായി വരുന്നതാണ്. അതിനാല്‍ വിദേശരാജ്യങ്ങള്‍, ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍, ലോകബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ ഏജന്‍സികള്‍ എന്നിവ നല്‍കാന്‍ തയ്യാറുളള സാമ്പത്തിക-സാങ്കേതിക സഹായവും സഹകരണവും കേരളത്തിന്‍റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് പുനര്‍നിര്‍മ്മാണത്തിന് പരമാവധി പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണമെന്നും ഈ സഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

Thursday, September 27, 2018

പ്രളയാനന്തര പാഠങ്ങൾ..!-1

പ്രളയാനന്തര പാഠങ്ങൾ..!
പ്രളയാനന്തര പാഠങ്ങൾ..!
പ്രളയത്തിൽ നാടും നാട്ടുകാരും മുങ്ങിയിരിക്കുന്ന സമയത്ത് പ്രളയത്തിന് ഉത്തരവാദികളെ കണ്ടു പിടിക്കാൻ നോക്കുന്നതും ആളുകളെ കുറ്റപ്പെടുത്തുന്നതും ശരിയല്ല എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. എന്നാൽ ഒരു ദുരന്തത്തിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിച്ചില്ലെങ്കിൽ നമ്മളോ നമ്മുടെ അടുത്ത തലമുറയോ വീണ്ടും ആ ദുരന്തന്തിൽപ്പെടും എന്നത് ഉറപ്പാണ്. 99 -ലെ (1924) വെള്ളപ്പൊക്കത്തിൽ നിന്നും നാം ഒന്നും പഠിക്കാത്തതാണ് 2018 -ൽ പണ്ടത്തേതിലും പലമടങ്ങായി ദുരന്തമുണ്ടാകാൻ കാരണം. ഇനിയാകട്ടെ കാലാവസ്ഥാ വ്യതിയാനം വരുന്നു, മലയാളികളുടെ എണ്ണം കൂടുന്നു, ഉള്ളവർ കൂടുതൽ സമ്പന്നരാകുന്നു. ഇനിയും പെരുമഴക്കാലങ്ങൾ ഉണ്ടാകും എന്ന് ഉറപ്പാണ്. അപ്പോൾ ഈ ദുരന്തത്തിലെ പാഠങ്ങൾ പഠിച്ചില്ലെങ്കിൽ, ഇനിയൊരു പെരുമഴക്കാല ദുരന്തത്തിന്റെ ആക്കം ഇതിലും വലുതായിരിക്കും. അതുകൊണ്ട് പാഠങ്ങൾ പഠിച്ചേ തീരൂ.
ഈ ദുരന്തത്തെക്കുറിച്ച് - ഹൈറേഞ്ചിലും, കുട്ടനാട്ടിലും, ആലുവ-ചാലക്കുടി പ്രദേശങ്ങളിലും എങ്ങനെ ഈ ദുരന്തം വ്യത്യസ്തമായിരുന്നു, ദുരന്തത്തിന്റെ അടിസ്ഥാന കാരണങ്ങൾ, ഡാമുകൾ എങ്ങനെ ഈ ദുരന്തത്തെ ബാധിച്ചു, എങ്ങനെയാണ് ഈ ദുരന്തം സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ (സ്ത്രീകൾ, അംഗപരിമിതർ, വയസ്സായവർ, മറുനാട്ടുകാർ) അധികമായി ബാധിച്ചത് എന്നതെല്ലാം കഴിഞ്ഞ ഒരു മാസമായി ഞാൻ പഠിക്കുകയായിരുന്നു. ഇനി അതിനെ പറ്റി എഴുതാൻ പോവുകയാണ്. ദുരന്ത ബാധിതരെയോ അധികാരികളെയോ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അടുത്ത തലമുറക്ക് വേണ്ടി ഇന്നത്തെ പാഠങ്ങൾ കുറിച്ച് വക്കുകയാണ് ലക്ഷ്യം.
പാഠങ്ങൾ പഠിക്കുക മാത്രമല്ല. എന്തായിരിക്കണം കേരളത്തിന്റെ പുനർ നിർമ്മാണ അടിസ്ഥാന തത്വങ്ങൾ? എങ്ങനെയാണ് പുനർ നിർമ്മാണത്തിന് പണം കണ്ടെത്തേണ്ടത്? പുനർ നിർമ്മാണത്തിന് പുതിയ ഒരു അതോറിറ്റി വേണോ? പരിസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ദുരന്ത ലഘൂകരണത്തിന് എന്ത് സാദ്ധ്യതകളാണുള്ളത്? കാലാവസ്ഥാ വ്യതിയാനവും ദുരന്ത ലഘൂകരണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? കഴിഞ്ഞ രണ്ടു പതിറ്റാണ്ടയായി ലോകത്തെ അനവധി ദുരന്താനന്തര പുനർ നിർമ്മാണങ്ങളും അവയുടെ വിജയ പരാജയങ്ങളും കണ്ടതിന്റെ വെളിച്ചത്തിൽ കേരളത്തിന് പറ്റിയ മാതൃകകളെ പറ്റിയും പറയാം.
ദുരന്തത്തിലെ പാഠങ്ങളും പുനർനിർമ്മാണത്തിന്റെ രീതികളും അവസരങ്ങളും ഉൾപ്പെടുത്തി ഒക്ടോബർ ഒന്ന് മുതൽ പുതിയ പരമ്പര തുടങ്ങുകയാണ്. ഒരു ദിവസം ഒരു ലേഖനം വെച്ച് മുപ്പത്തി ഒന്ന് ദിവസം നോൺ സ്റ്റോപ്പ് ആയിരിക്കും പരമ്പര. ഇതിന് മുൻപുള്ള സീരീസ് പോലെ എൻറെ ലേഖനങ്ങൾ മാത്രമല്ല, നിങ്ങളുടെ കമന്റുകളും കൂടിയാണ് ഈ പരമ്പരയെ സംപുഷ്ടമാക്കുന്നത്. അതുകൊണ്ട് വായിക്കുക, അഭിപ്രായങ്ങൾ പങ്കുവെക്കുക. ഇവിടെ പറയുന്ന കാര്യങ്ങൾ ഇപ്പോൾ അധികാരസ്ഥാനത്തുള്ളവർ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്ക് അറിയാം. അതുകൊണ്ട് തന്നെ നവംബർ ഒന്നിന് നവകേരളം പിറക്കുമ്പോൾ അതിന് ഊർജ്ജം നൽകാൻ നമ്മുടെ ആശയങ്ങളും കൂടി ഉണ്ടാകും.
ഇത്തവണയും ഒരു റിക്വസ്റ്റ് ഉണ്ട്. ഞാൻ എഴുതുന്ന കാര്യങ്ങൾ കേരള സമൂഹത്തിന് ഗുണകരമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, എൻറെ എഴുത്തുകൾ കൂടുതൽ പേരിൽ എത്തണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, നിങ്ങളുടെ ഒരു സുഹൃത്തിനോടെങ്കിലും പുതിയതായി ഈ പരമ്പര വായിക്കാൻ ആവശ്യപ്പെടണം. ഫേസ്ബുക്കിൽ ഉള്ള സുഹൃത്തുക്കൾ കൂടാതെ വാട്ട്സ്ആപ്പ് സൗഹൃദങ്ങളിൽ (പ്രത്യേകിച്ച് കുടുംബം/ഓഫീസ് ഗ്രൂപുകളിൽ) പറയുക. നിങ്ങളുടെ ജനപ്രതിനിധികൾ സമൂഹ മാധ്യമത്തിൽ ഉണ്ടെങ്കിൽ (പഞ്ചായത്ത് മെമ്പർ തൊട്ട് എംപി വരെ) അവരെ ടാഗ് ചെയ്യുന്നതും നല്ലതാണ്. കൂടുതൽ ആളുകളും അധികാര സ്ഥാനങ്ങളിൽ ഉള്ളവരും നമ്മുടെ ആശയങ്ങൾ ശ്രദ്ധിക്കുമ്പോൾ ആണ് മാറ്റങ്ങൾ ഉണ്ടാകുന്നത്.
മുൻ‌കൂർ നന്ദി
മുരളി തുമ്മാരുകുടി

Wednesday, September 26, 2018

ഒഴിവാക്കാനാകുന്ന മരണങ്ങൾ..!-മുരളി തുമ്മാരുകുടി

ഒഴിവാക്കാനാകുന്ന മരണങ്ങൾ..!
"വിമാനത്താവളത്തിൽ യാത്ര അയക്കാൻ കൂട്ടുകാരും വീട്ടുകാരും ഒക്കെ കൂട്ടമായി പോകുന്നതിനെതിരെ മുരളി ഒരു പോസ്റ്റിട്ടിരുന്നില്ലേ, അതൊന്നു കൂടി ഇടാമോ ?"
എൻറെ സുഹൃത്ത്, ദുബായിൽ നിന്ന് എന്നെ വിളിച്ചത് ഇത് പറയാനാണ്.
"ഞാൻ ഒരു തവണ അല്ല, എത്രയോ തവണ ഇട്ടു, എന്ത് കാര്യം?! വീണ്ടും വീണ്ടും ആളുകൾ മരിക്കുന്നു. എനിക്ക് മടുത്തു" ഞാൻ പറഞ്ഞു.
"മുരളി, പ്ലീസ്.. മടിക്കരുത്. കഴിഞ്ഞാഴ്ച എനിക്കൊരു അനുഭവം ഉണ്ടായി. എൻറെ അടുത്ത സുഹൃത്ത് നാട്ടിൽ നിന്നും വരികയാണ്. അവൻ വിമാനം കയറി അധികം വൈകാതെ എനിക്കൊരു കോൾ വന്നു. കൂട്ടുകാരനെ യാത്രയയക്കാൻ പോയ അവൻറെ കുട്ടികളും ഡ്രൈവറും അപകടത്തിൽ പെട്ടു, മകൻ മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. അവൻ വരുമ്പോൾ അവനെ എയർപോർട്ടിൽ പോയി കണ്ട് വിവരം അറിയിച്ചു സമാധാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പറഞ്ഞു വിടണം, ഇതാണ് എനിക്ക് കിട്ടിയ ഉത്തരവാദിത്തം. "എൻറെ ജീവിതത്തിൽ ഇത്രയും വിഷമിച്ച സമയം ഉണ്ടായിട്ടില്ല. സ്വന്തം മകൻ മരിച്ച വിവരം ഒരച്ഛനെ അറിയിക്കേണ്ടി വരിക എന്നതിൽ പരം ബുദ്ധിമുട്ടുള്ള കാര്യം വേറെന്താണ്? " അതാണ് ഞാൻ മുരളിയോട് വീണ്ടും പറഞ്ഞത് എഴുതണം, എഴുതിക്കൊണ്ടേ ഇരിക്കണം. മുരളിയുടെ പോസ്റ്റുകൾ വാസ്തവത്തിൽ ജീവനുകൾ രക്ഷിക്കുന്നുണ്ട്. പക്ഷെ ‘സംഭവിക്കാത്ത അപകടം’ ആകുമ്പോൾ ആരും ഓർക്കുന്നില്ല എന്ന് മാത്രം. ഒരു അപകടം വരുമ്പോൾ ആണ് ‘ഇത് മുരളി എപ്പോഴും പറയാറുള്ളതാണല്ലോ’ എന്ന് ഓർക്കുന്നത്."
സംഗതി സത്യമാണ്. കേൾക്കുമ്പോൾ നിസ്സാരമായ നിർദ്ദേശമാണ്. വിമാനത്താവളത്തിലേക്ക് ഒരാളെ സ്വീകരിക്കാനോ യാത്രയയക്കാനോ ഒന്നിൽ കൂടുതൽ ആളുകൾ പോകരുത്. പറ്റിയാൽ വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്സിയെടുത്ത് വരുന്നതാണ് ഏറ്റവും സേഫ്. ഇല്ലെങ്കിൽ നാട്ടിൽ നിന്നും എയർപോർട്ടിൽ പോയി പരിചയമുള്ള വിശ്വസിക്കാവുന്ന ഒരു ടാക്സിക്കാരനെ പറഞ്ഞു വിടുക. ഇത് രണ്ടും പറ്റിയില്ലെങ്കിൽ മാത്രം സ്വയം പോയാൽ മതി, അപ്പോഴും ഒന്നിൽ കൂടുതൽ ആളുകൾ പോകരുത്. അപകടം ഉണ്ടാകാനുള്ള സാധ്യത ആളുകളുടെ എണ്ണം അനുസരിച്ചു കൂടുന്നില്ല, പക്ഷെ അപകട മരണങ്ങളുടെ എണ്ണം തീർച്ചയായും കുറക്കാൻ പറ്റും.
ഇന്നിപ്പോൾ ബാലഭാസ്കറിന്റെ കുഞ്ഞിന്റെ മരണ വാർത്ത കേട്ടപ്പോൾ അനവധി പേർ എന്നെ ടാഗ് ചെയ്തിട്ടുണ്ട്. സങ്കടമാണ്. എയർപോർട്ട് യാത്ര പോലെ തന്നെ ഞാൻ പല വട്ടം എഴുതിയിട്ടുള്ള ഒന്നാണ് രാത്രി യാത്രയും. രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുൻപും റോഡിലൂടെയുള്ള ദൂരയാത്രകൾ ഒഴിവാക്കണം. ഇതിന് പല കാരണങ്ങളും ഉണ്ട്. ഓരോ രാത്രി യാത്രയും ഒഴിവാക്കുമ്പോൾ നിങ്ങൾ അപകട സാധ്യത കുറയ്ക്കുകയാണ്.
പകലും രാത്രിയും കേരളത്തിലെ റോഡുകൾ കൊലക്കളങ്ങൾ ആണ്.
‘എങ്ങനെയാണ് കേരളത്തിലെ റോഡുകളെ അതിജീവിക്കുന്നത്?’ എന്നൊരു ലേഖനം എഴുതിയാണ് ഞാൻ മാതൃഭൂമി ഓൺലൈനിൽ എഴുത്തു തുടങ്ങിയത് (How to survive the roads in Kerala). പത്തു വർഷം മുൻപ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഒരു വർഷം നാലായിരത്തിന് മുകളിൽ ആളുകളാണ് കേരളത്തിലെ റോഡുകളിൽ ചത്തൊടുങ്ങുന്നത്. ഒരു വർഷം മുന്നൂറു മലയാളികളാണ് കേരളത്തിൽ കൊല ചെയ്യപ്പെടുന്നത് എന്നോർക്കണം. എന്നിട്ടും നമ്മുടെ പോലീസ് സംവിധാനത്തിന്റെ ഒരു ചെറിയ അംശമേ റോഡ് സുരക്ഷക്കായി നിയോഗിക്കപ്പെടുന്നുള്ളൂ. മനുഷ്യന്റെ ജീവന് അല്പം കൂടി വില കൊടുക്കുന്ന ഒരു സമൂഹം ആയിരുന്നു നമ്മുടേതെങ്കിൽ യു കെ യിലെ ‘ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ്’ പോലെ പോലീസിനേക്കാൾ ശക്തമായ - കൂടുതൽ അധികാരങ്ങളുള്ള ഒരു സ്ഥാപനം സുരക്ഷക്കായി നമുക്ക് ഉണ്ടാകുമായിരുന്നു. എങ്കിൽ ഒരു വർഷം പതിനായിരത്തോളം മലയാളികൾ തീർത്തും ഒഴിവാക്കാവുന്ന അപകടങ്ങളിൽ മരിക്കില്ലായിരുന്നു.
തൽക്കാലം ഇതൊക്കെ ‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം’ എന്ന് ചിന്തിക്കാനേ പറ്റൂ. അങ്ങനെ ഔദ്യോഗിക സംവിധാനങ്ങൾ ഒക്കെ ഉണ്ടായി നമ്മുടെ റോഡും, ജലാശയങ്ങളും, വൈദ്യുതി വകുപ്പും, നിർമ്മാണ രീതികളും എല്ലാം സുരക്ഷിതമാകുന്നത് വരെ നിങ്ങൾ തന്നെ നിങ്ങളുടെയും കുടുംബത്തിന്റെയും ജീവൻ കാത്തു രക്ഷിക്കുക എന്നതേ നിർവാഹമുള്ളൂ.
എൻറെ വായനക്കാർ രണ്ടു കാര്യങ്ങൾ ഇന്ന് തന്നെ ചെയ്തു തുടങ്ങണം.
1. വിമാനത്താവളത്തിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.
2. രാത്രിയിലെ ദൂര യാത്രകൾ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.
ഇതിലൂടെ നിങ്ങൾ നിങ്ങളുടെയും നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെയും ജീവൻ രക്ഷിക്കും, ഉറപ്പാണ്. അതിന് നിങ്ങൾക്കോ എനിക്കോ ഒരു ക്രെഡിറ്റും കിട്ടി എന്ന് വരില്ല. റോഡപകടം ആയാലും പ്രളയം ആയാലും വന്നു കഴിയുമ്പോൾ ‘മുരളിച്ചേട്ടൻ എപ്പോഴും പറയാറുണ്ട്’ എന്ന് കേൾക്കുന്നതിൽ എനിക്ക് ഒരു സന്തോഷവും ഇല്ല. ദുരന്ത ലഘൂകരണ വിദഗ്ദ്ധൻ എന്ന അർത്ഥത്തിൽ എൻറെ പരാജയം ആണത്. ദുരന്തങ്ങളും അപകടങ്ങളും ഇല്ലാത്ത, ആരും എന്നെ ഓർക്കാത്ത ഒരു ലോകമാണ് എനിക്കിഷ്ടം.
ബാലഭാസ്കറും ഭാര്യയും അപകടത്തെ അതിജീവിക്കട്ടെ, കലാജീവിതം തുടരട്ടെ. അവരുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ ദയവായി ഒഴിവാക്കണം.
ഈ പോസ്റ്റ് ഷെയർ ചെയ്യുകയും വേണം. ആളുകൾക്ക് ബോറടിക്കും, എന്നാലും ഒരാളുടയെങ്കിലും ചിന്ത മാറിയാൽ അത്രയും ആയില്ലേ.
-മുരളി തുമ്മാരുകുടി

 
Faizal Basheer :ഈ പോസ്റ്റിനോട് അനുബന്ധിച്ചു കുറച്ചു കാര്യങ്ങൾ കൂടി കൂട്ടിവായിക്കണം. നമ്മുടെ വീടുകളിലെ കുട്ടികൾക് യഥേഷ്ടം വാഹനങ്ങൾ ഉപയോഗിക്കാൻ കിട്ടുന്ന അവസരങ്ങളാണ് എയർപോർട്ടിൽ യാത്ര അയക്കാൻ പോകുന്നതും.. വീടുകളിൽ നടക്കുന്ന ചടങ്ങുകക്കുവേണ്ടി കുട്ടികളെ വാഹനങ്ങളിൽ അയക്കുന്നതും. ഈ രണ്ടു അവസരങ്ങളിലും കുട്ടികളെ വാഹനം കൊടുത്തു യഥേഷ്ടം വിടുന്നത് വഴി അറിഞ്ഞോ അറിയാതയോ മുതിർന്നവരും കൂടി ഉത്തരവാദികളാവുകയാണ്.
ഈ പോസ്റ്റിൽ പറഞ്ഞത് പോലെ രാത്രി യാത്ര കഴിയുന്നതും ഒഴിവാക്കുന്നത് പോലെ രാത്രിയിൽ ഹൈ ബീം ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ശിക്ഷിക്കുകയും ശക്തിയേറിയ led ലൈറ്റുകൾക്കു(ഫാക്ടറി ഫിറ്റിങ്സ് ആയാലും) നിയന്ത്രണം ഏർപ്പെടുത്തുകയും വേണം. കൊച്ചു കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിൽ ചൈൽഡ് സീറ്റും നിയമം മൂലം നിർബന്ധമാക്കണം.

ഇനി വരുംകാലങ്ങളിൽ വാഹനവുമായി ബന്ധപ്പെട്ട പിഴ വിവരങ്ങൾ ഒരു സെൻട്രലൈസ്ഡ് സിസ്റ്റവുമായി ബന്ധപ്പെടുത്തി വാഹന ഉടമയുടെ മറ്റ്‌ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടേണ്ട കാലവും വരുമെന്ന് നമുക്കു പ്രതീക്ഷിക്കാം.

നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ്....സ്വന്തം തെറ്റുകൊണ്ടും മറ്റുള്ളവരുടെ തെറ്റുകൊണ്ടും ജീവൻ പൊലിഞ്ഞവരോ ജീവിതത്തിനോട് പൊരുതുന്നവരോ ആയവർക്കും ഇതൊന്നും കണ്ടിട്ടും ഞാൻ എല്ലാത്തിനും അധീനനാണെന്നു അഹങ്കരിക്കുന്നവർക്കും വേണ്ടി നമ്മുക്ക് പ്രാത്ഥിക്കാം.


Wednesday, September 12, 2018

ആഘോഷം മാറ്റിവെക്കരുത്. പണം എത്ര ചിലവാക്കാമോ അത്രയും ചിലവാക്കുക.- മുരളി തുമ്മാരുകുടി


  ചിലവാക്കാൻ ഉദ്ദേശിച്ചിരുന്ന തുകയുടെ പത്തു ശതമാനം ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാനും തീരുമാനിക്കാമല്ലോ.

ദുഃഖത്തിനെന്നു ഞാൻ അവധി കൊടുക്കും ?-മുരളി തുമ്മാരുകുടി

(The most relevant article read LAST MONTH-REPOSTING)

ഇന്ന് ഉത്രാടം ആണ്, കേരളത്തിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കേണ്ട ദിവസം. തെരുവോരത്തെ കച്ചവടക്കാർ മുതൽ നഗരത്തിലെ വൻ കച്ചവടക്കാർ വരെ തിരക്കിലാകേണ്ട ദിവസം, ഓണത്തപ്പന്റെ രൂപം മുതൽ വാഷിംഗ് മെഷീനും ഫ്രിഡ്‌ജും വരെ എല്ലാത്തരം വസ്തുക്കളും വൻ തോതിൽ വിറ്റു പോകേണ്ട ദിവസം.

പക്ഷെ വെള്ളം കയറാത്ത നഗരങ്ങളിൽ ഉൾപ്പടെ ഈ വർഷത്തെ ഉത്രാടം തണുപ്പൻ ആണ്. മാമൻ നാട്ടിലുള്ളത് കൊണ്ട് ഇത്തവണ ഓണക്കോടി വേണം എന്ന് പറഞ്ഞിരുന്ന മരുമക്കൾക്ക് ഇപ്പോൾ ഒന്നും വേണ്ട. അടിപൊളിയായി ഓണം നടത്തിയിരുന്ന തുമ്മാരുകുടിയിൽ ഈ ഓണത്തിന് കഞ്ഞിയും പയറും മാത്രം. ഇതൊക്കെ കേരളത്തിലെ ഓരോ വീട്ടിലും സംഭവിക്കുന്നുണ്ടാകാം.

ഒറ്റ നോട്ടത്തിൽ ഇതൊക്കെ ശരിയാണെന്ന് തോന്നാം. നമ്മുടെ സഹോദരങ്ങൾ വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു കണക്കിന് രക്ഷപെട്ടിരിക്കുമ്പോൾ, നൂറുകണക്കിന് മലയാളികൾ മരിച്ചപ്പോൾ, പതിനായിരങ്ങൾക്ക് വീടില്ലാത്തപ്പോൾ തുമ്മാരുകുടിയിൽ ഓണത്തിന് ചമ്മന്തി വേണോ മരുമകൾക്ക് പുതിയ ഉടുപ്പ് വേണോ എന്നതൊക്കെയാണോ പ്രധാന പ്രശ്നം? ഇങ്ങേർക്ക് ഒരു ഔചിത്യ ബോധവും ഇല്ലേ? ഈ പണം ദുരിത ബാധിതർക്ക് അങ്ങ് കൊടുത്താൽ പോരേ ?

ദുരിതബാധിതർക്ക് പഴയ വസ്ത്രവും ഭക്ഷണവും ദൂര ദൂര ദേശത്തു നിന്നും അയച്ചു കൊടുക്കരുത് എന്ന് ഞാൻ ഒരു മാസം മുൻപ് പറഞ്ഞപ്പോഴും എൻറെ ഔചിത്യ ബോധത്തെ ചോദ്യം ചെയ്തവർ ഉണ്ട്. ഇപ്പോൾ ആ കാര്യങ്ങൾ സമൂഹത്തിന് ബോധ്യമായി. അതിനാൽ ഇന്ന് മുതൽ ചെയ്യേണ്ട ചില കാര്യങ്ങൾ പറയാം.

1. കേരളത്തിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തവും നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കവും ആണെങ്കിലും ഈ പ്രളയവും ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും നേരിട്ട് ബാധിച്ചത് നമ്മുടെ ജനസംഖ്യയുടെ പത്തു ശതമാനത്തെ പോലും ഇല്ല. മൂന്നു കോടി മുപ്പത് ലക്ഷം മലയാളികൾ ഉള്ളതിൽ പത്തു ലക്ഷത്തോളം ആളുകളാണ് ക്യാംപുകളിലുള്ളത്. ഏതാണ്ട് അത്രയോളം തന്നെ ബന്ധു ഗൃഹങ്ങളിലും ഉണ്ടെന്ന് കരുതുക.

2. വിദേശത്തുള്ള ഇരുപത് ലക്ഷത്തിലധികം മലയാളികളിൽ ഒരു ശതമാനം പേർ മാത്രമേ ആ സമയത്ത് നാട്ടിൽ ഈ പ്രളയത്തിൽ നേരിട്ട് ഉൾപ്പെട്ടു കാണാൻ വഴിയുള്ളൂ.

3. ദുരന്തത്തിൽ അകപ്പെട്ടവരോടുള്ള സഹാനുഭൂതിയും ഔചിത്യ ബോധത്തെ പറ്റിയുള്ള ചിന്തകളും കാരണം തൊണ്ണൂറു ശതമാനം ആളുകളും റെസ്റ്റോറന്റ്റ് മുതൽ സ്വർണ്ണക്കട വരെ ഉള്ളിടത്ത് ഉപഭോഗം കുറച്ചിരിക്കയാണ്. ഇതറിയാൻ നമ്മുടെ നഗരത്തിൽ നോക്കേണ്ട, നമ്മുടെ പത്രങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

4. ചിലവാക്കാതിരിക്കുന്ന ഈ തുകയൊന്നും മൊത്തമായി ദുരിതാശ്വാസ നിധിയിലോ ദുരന്തബാധിതരുടെ അടുത്തോ എത്താൻ പോകുന്നില്ല. എത്തുന്ന തുക തന്നെ വളരെ പതുക്കെയാണ് കമ്പോളത്തിൽ എത്താൻ പോകുന്നത്.

5. ഇതിനാൽ കമ്പോളം മന്ദഗതിയിലാകും. ഇത് കച്ചവടക്കാരുടെ മാത്രം പ്രശ്നമല്ല. അതിൻറെ പിന്നിൽ നാം കാണാതെ പ്രവർത്തിക്കുന്ന അനവധി ആളുകൾ ഉണ്ട്.  ലോറിക്കാർ, ചുമട്ടു തൊഴിലാളികൾ, പരസ്യ കമ്പനിക്കാർ, എന്നിങ്ങനെ. ഇവരുടെ ഓരോരുത്തരുടെയും വരുമാനം കുറയും. ഇവർ തൊഴിലിന് നിയമിച്ചിരിക്കുന്നവരെ പിരിച്ചു വിട്ടേക്കാം, അല്ലെങ്കിൽ അങ്ങനെ ഒരു ഭീതി ഉണ്ടാകും. അപ്പോൾ അവർ ചിലവാക്കുന്ന തുക  കുറയും. ഈ കച്ചവടങ്ങളിൽ നിന്നും സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കുറയും. സർക്കാർ പണം ചിലവാക്കുന്നത് കുറയ്ക്കും. ഇതൊരു വിഷ്യസ് സ്പൈറൽ ആണ്. കേരളം മൊത്തം സാമ്പത്തിക മാന്ദ്യത്തിലാകും. ചുരുക്കത്തിൽ പത്തു ശതമാനം ജനങ്ങളിൽ നിൽക്കേണ്ട ദുരന്തം അവരോടുള്ള നമ്മുടെ വികാരം തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നതിലൂടെ നൂറു ശതമാനം ആളുകളിലേക്കും പടരും. ഞാനും നിങ്ങളും അതിൽ നിന്നും വിമുക്തരാവില്ല. പ്രളയ ദുരന്തം മലകയറി നിങ്ങളുടെ പോക്കറ്റിലെത്തും. ആരെ സഹായിക്കാൻ നിങ്ങൾ ശ്രമിക്കുന്നുവോ അവരെ നിങ്ങൾക്ക് സഹായിക്കാൻ പറ്റാതാകും.

6. ഇത് ഒഴിവാക്കേണ്ടതാണ്, ഒഴിവാക്കാവുന്നതും. ഈ ദുരന്തം സാമ്പത്തിക മാന്ദ്യത്തിലേക്ക് അല്ല സാമ്പത്തിക കുതിപ്പിലേക്കാണ് നയിക്കേണ്ടത്. അതിന് വേണ്ടത് മലയാളികൾ പണം കൂടുതൽ ചിലവാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് സാധ്യമാക്കുന്നത് എന്നാണ് സർക്കാർ ചിന്തിക്കേണ്ടത്.

7. ഒന്നാമത് കേരളം ഇപ്പോൾ കടന്നുപോകുന്ന ഈ ദുരിത കാലത്തിന് ഒരു ഔദ്യോഗിക അവസാനം പ്രഖ്യാപിക്കണം. നേപ്പാളിൽ ഭൂമി കുലുക്കം കഴിഞ്ഞു മുപ്പത്തി ഒന്നാമത്തെ ദിവസം 'ദുരന്തത്തിന്റെ ഓർമ്മ ദിവസം' ആയി സർക്കാർ പ്രഖ്യാപിച്ചു. അന്ന് മത സ്ഥാപനങ്ങൾ പ്രാർത്ഥനയും മറ്റുളളവർ മെഴുകുതിരി കത്തിച്ചുള്ള വിജിലും നടത്തി. ഇതൊക്കെ ദുരന്തത്തിൽ അകപ്പെട്ടസമൂഹത്തെ മൊത്തം മാനസികമായി ധൈര്യപ്പെടുത്തുന്ന നടപടികൾ ആണ്. ആയിരക്കണക്കിന് ആളുകളാണ് നേപ്പാളിൽ മരിച്ചത്, അഞ്ചു ലക്ഷത്തോളം വീടുകൾ നശിച്ചു.

കേരളത്തെക്കാളും ഏറെ സാമ്പത്തിക ശേഷി കുറഞ്ഞ സ്ഥലമാണ് നേപ്പാൾ. ഭാവിയെപ്പറ്റി അന്നവർക്ക് ഇപ്പോൾ മലയാളികൾക്കുള്ളതിൽ കൂടുതൽ ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ മാതൃക നമ്മളും ചിന്തിക്കണം. സെപ്റ്റംബർ ഒന്നാം തീയതിയോ വേണമെങ്കിൽ അതിന് മുൻപോ ഒരു ദിവസം നമ്മൾ ഓർമ്മ ദിവസം ആയി പ്രഖ്യാപിക്കണം. ഇനി ഇതുപോലെയൊരു ദുരന്തം കേരളത്തിൽ ഉണ്ടാക്കാൻ നമ്മൾ അനുവദിക്കുകയില്ല എന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാം പ്രതിജ്ഞയെടുക്കണം. മതസ്ഥാപനങ്ങളെല്ലാം അന്ന് പ്രത്യേക പ്രാർത്ഥന നടത്തട്ടെ. നമ്മുടെ യുവാക്കളെ അഭിനന്ദിക്കാനും പുതിയ കേരളത്തിന്റെ നിർമ്മാണത്തിലേക്ക് അവരെ സ്വാഗതം ചെയ്യാനുമുള്ള ദിവസമാകട്ടെ അത്. പുതിയ തലമുറ മെഴുകുതിരി കത്തിച്ചോ, ദുരന്തത്തെ പറ്റി ചർച്ച ചെയ്തോ ആ ദിവസം ആചരിക്കണം. അതിനുശേഷം നമ്മുടെ ചിന്ത മുഴുവൻ പുനർ നിർമ്മാണത്തിൽ ആയിരിക്കണം.

എത്ര നേരം നാം പുറകോട്ടു നോക്കിയിരിക്കുന്നുവോ, അത്രയും സമയം നമ്മുടെ സാമ്പത്തിക വ്യവസ്ഥ പിന്നോട്ട് പോകും. അത് കൊണ്ട് സാധിക്കുന്നവരെല്ലാം തന്നെ ഈ ഓണക്കാലത്ത് സദ്യ ഉണ്ടാക്കിയില്ലെങ്കിലും ഓണക്കോടി ഉൾപ്പടെയുള്ള നിങ്ങളുടെ ഒരു കച്ചവട തീരുമാനങ്ങളും മാറ്റി വെക്കരുത്. വിവാഹം പ്ലാൻ ചെയ്തവർ അതിലെ ആഘോഷം മാറ്റിവെക്കരുത്. പണം എത്ര ചിലവാക്കാമോ അത്രയും ചിലവാക്കുക. ചിലവാക്കാൻ ഉദ്ദേശിച്ചിരുന്ന തുകയുടെ പത്തു ശതമാനം ദുരിതാശ്വാസത്തിന് സംഭാവന ചെയ്യാനും തീരുമാനിക്കാമല്ലോ.

BY മുരളി തുമ്മാരുകുടി.ON 13/8/2018 REPOSTING BY CKR

Monday, September 10, 2018

4 സെൻറ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് -മണിക്കുട്ടൻ കമ്പല്ലൂർ :

4 സെൻറ് സ്ഥലം  ദുരിതാശ്വാസ നിധിയിലേക്ക് -മണിക്കുട്ടൻ കമ്പല്ലൂർ :



 posted by Shikhin Kamballur

അധ്യാപകൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് കൊടുക്കണോ????

 ഞാൻ കൊടുക്കും എന്റെ ഒരു മാസത്തെ ശമ്പളം. കാരണമെന്തെന്നോ??? ആ സ്ത്രീയേക്കാൾ ചെറുതാകാൻ അധ്യാപക നായ എനിക്ക് വയ്യ!!


 പ്രളയം എല്ലാ ദുരിതങ്ങളും ഒന്നായി ചൊരിഞ്ഞ ,ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രളയത്തിന്റെ ഓർമ്മകളിൽ നീറിപ്പുകയുന്ന മനസ്സുമായി കഴിയുന്ന ജീവിതങ്ങളെ കേൾക്കാൻ ഒരു കൗൺസിലറായി ഞാൻ സെപ്തം. 7 ന് അവിടെയെത്തി.അവിടുത്തെ, അത്ര വിദ്യാഭ്യാസമില്ലാത്ത ഒരു വീട്ടമ്മ ചെയ്ത ഒരു പ്രവൃത്തി ഞാനിവിടെ കുറിക്കുന്നു.

    ദുരിതാശ്വാസ ക്യാമ്പിൽ നിന്നും അവർ മടങ്ങിയെത്തിയിട്ട് മൂന്ന് ദിവസം. മക്കൾ രണ്ടു പേരുടെയും പാഠപുസ്തകങ്ങളും, നോട്ടുബുക്കുകളും നനഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്നു. കൈയ്യിലാകെ പണമായുള്ള 700 രൂപ കൊണ്ട് നഷ്ട്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങിക്കാമെന്ന് മക്കളെ സമാധാനിപ്പിച്ചിരിക്കുമ്പോഴാണ് പ്രളയ ദിനങ്ങളിൽ മരിച്ച, പതിനൊന്നു ദിവസമായി മോർച്ചറിയിൽ കിടക്കുന്ന ,ഒരു മകൻ മാത്രം ജീവിച്ചിരിക്കുന്ന വൃദ്ധയുടെ മൃതശരീരം കൊണ്ടുവരുന്നതിന് കൂടെ പോകാൻ തയ്യാറെടുത്തു നില്ക്കുന്ന, എന്നാൽ കയ്യിലഞ്ചു പൈസയില്ലാതെ വിഷണ്ണനായി നില്ക്കുന്ന ഭർത്താവിന്റെ സങ്കടം മനസ്സിലാക്കിയ  ആ സ്ത്രീ തന്റെ പൊന്നുമക്കൾക്ക് ബുക്കു വാങ്ങാൻ വച്ച പണം എടുത്തു കൊടുത്തു. ആ സ്ത്രീ എന്നോട് ചോദിക്കുവാ, "ഇത്രയും വലിയ പ്രളയം ഞങ്ങളുടെ ജീവനെങ്കിലും തിരിച്ചു തന്നില്ലേ സാറേ" എന്ന്. "ആയുസ്സുണ്ടെങ്കിൽ ഇനിയും കാശുണ്ടാക്കാമല്ലോ " എന്ന്. എന്റെ ചോദ്യമിതാണ്.വലിയ സാമൂഹിക പ്രതിബദ്ധതയുള്ളവനായ??? അധ്യാപകനായ ഞാനോ?? അതോ എന്നെ ചെറുതാക്കിക്കളഞ്ഞ ഈ സ്ത്രീയോ?? യഥാർത്ഥ സാമൂഹ്യബോധമു
ള്ളയാൾ???
      എനിക്കുമുണ്ട് ബാദ്ധ്യതകൾ ബാങ്ക് ലോൺ, കുറികൾ, മക്കളുടെ പഠനം ഒക്കെ.പക്ഷെ ഞാൻ കൊടുക്കും എന്റെ ഒരു മാസത്തെ ശമ്പളം. കാരണമെന്തെന്നോ??? ആ സ്ത്രീയേക്കാൾ ചെറുതാകാൻ അധ്യാപക നായ എനിക്ക് വയ്യ!!
 ഈ അനുഭവകഥ പറഞ്ഞുകൊടുത്തില്ലെങ്കിൽ എന്റെ അധ്യാപക സമൂഹം ഒന്നാകെ ഇവരുടെയൊക്കെ ചോദ്യങ്ങൾക്ക് മുമ്പിൽ ഒരിക്കൽ ചൂളിനില്ക്കേണ്ടി വരും.
      
       ഷാജു സി സി

 NB: ഈ ജീവിത കഥയിലെ സ്ത്രീയുടെ പേരും വിവരവും ആവശ്യമെങ്കിൽ അവരുടെ അനുവാദത്തോടെ പ്രസിദ്ധപ്പെടുത്താം.

Sunday, September 9, 2018

അതിജീവനത്തിന്റെ ഹൃദയമന്ത്രവുമായി ആലപ്പുഴ ജില്ലയിലെ പാണ്ടനാട്ടിൽ - കാ സർഗോട്ടു കോടോത്തു സ്‌കൂളിലെ ഷാജുമാസ്റ്റർ



News about the counselling programme conducted by NRHM and HRUDAYARAM COMMUNITY COLLEGE KANNUR at paravoor and pandanad-

Directed by health department,this phase aluva and alappuzha

*********************************************************************


ഇതിന്റെ രണ്ടാം ഘട്ടം ഉടൻ വേണമെന്ന ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്. സ്കൂളധികൃതരും, ജനപ്രതിനിധികളും കൂടി ആവശ്യപ്പെടണം.M SW പോലുള്ള കോഴ്സുകൾ കഴിഞ്ഞവർ കൗൺസലിങ്ങിനായി അവിടെ എത്തിയിരുന്നു പക്ഷെ അവർക്ക് സൈക്കോ തെറപ്പി അറിയില്ലാത്തതിനാൽ അത്ര ഫലപ്രദമാകുന്നില്ല എന്നും അഭിപ്രായമുണ്ട്.
********************************************************************

ആലപ്പുഴ ജില്ലയിലെ പാണ്ടനാട് പ്രളയ ദിനങ്ങളിൽ വിറങ്ങലിച്ച നാട് അവിടെ രണ്ടു ദിവസങ്ങളായി അവരുടെ സങ്കടങ്ങളോടൊപ്പമായിരുന്നു.


അവിടെ എന്നെ സങ്കടപ്പെടുത്തിയ കാഴ്ചകളിൽ, ഒരധ്യാപ കനായ എന്നെ വേദനിപ്പിച്ച കാഴ്ചകളിലൊന്ന്. കഴിഞ്ഞ നാലു ദിവസമായി ഒരു പെൺകുട്ടി തന്റെ നനഞ്ഞു പോയ പുസ്തക ശേഖരം ഉണക്കിയെടുക്കുകയാണ്.പുസ്തകങ്ങളെ അളവറ്റ് സ്നേഹിക്കുന്ന ഈ മോളുടെ സങ്കടം ആർക്കു മനസ്സിലാവും' അനുവാദം വാങ്ങാത്തതിനാൽ കുട്ടിയുടെ ഫോട്ടോ ഇടൂന്നില്ല. മക്കളെയും , അധ്യാപകരായവർ വിദ്യാർത്ഥികളെയും.ഇത് കാണിക്കാൻ മറക്കല്ലേ
- ഷാജു മാസ്‌റ്റർ, Dr.AGHSS KODOTH


വിദ്യാർത്ഥികളുടെ ബസ്സ്‌ യാത്ര, ബസ്സ്‌ ജീവനക്കാരുടെ സൗജന്യമോ, ഔദാര്യമോ അല്ല വിദ്യാർത്ഥികളുടെ അവകാശമാണ്

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ ബസ് ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ.
ബസ് കസ്റ്റഡിയിലെടുത്തു, പെർമിറ്റ് കാൻസൽ ചെയ്തു, ഡ്രൈവറുടെയും കണ്ടക്ട്ടറുടേയും ലൈസൻസ് റദ്ദാക്കി...

എല്ലാവർക്കും ഒരു പാഠമാവട്ടെ...

വിദ്യാർത്ഥികൾ, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നിൽ കാത്തുനിൽക്കണമെന്നില്ല.... മറ്റു യാത്രക്കാരെ പോലെ ബസ്സിൽ കയറി സീറ്റ് ഉണ്ടെങ്കിൽ ഇരിക്കാം.. വിദ്യാർത്ഥികളുടെ ബസ്സ്‌ യാത്ര, ബസ്സ്‌ ജീവനക്കാരുടെ സൗജന്യമോ,  ഔദാര്യമോ അല്ല വിദ്യാർത്ഥികളുടെ  അവകാശമാണ്... നിയമം പാലിക്കാനുള്ളതാണ് ഇല്ലെങ്കിൽ പരാതിപ്പെടാൻ

സെക്രട്ടറി കേരള സ്റ്റേറ്റ്  കംമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ്  ചൈൽഡ് റൈറ്റ്സ് വൻറോസ് ജംഗ്ഷൻ തിരുവനന്തപുരം -695034
ബസ്സിന്റെ നമ്പർ, പേര്, സമയം എന്നിവ വച്ച് പരാതി പെടാമം
ph:0471-2326603

വൈകുന്നേരം 6 മണിക്ക്  ശേഷം    സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തികൊടുക്കണം.... ഇല്ലെങ്കിൽ.. അടുത്ത പോലീസ്  സ്റ്റേഷൻ, Reg ട്രാൻസ്‌പോർട് ഓഫീസർ, ജോയിന്റ് RTO... എന്നിവർക്ക് ബസ്സ്‌  നമ്പർ, സമയം, പേര്  എന്നിവ വച്ച് പരാതി കൊടുക്കാം (പ്രൈവറ്റ്, And KSRTC ബാധകം )

KSRTC  -രാത്രി 8മണി  മുതൽ പുലർച്ചെ 6മണിവരെ... ആരാവിശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിർത്തികൊടുക്കണം... എക്സ്പ്രസ്സ്‌, സൂപ്പർ, എല്ലാം ബാധകം... പരാതി കൾക്ക്
0471-2463799
ബസ്സിന്റ ഡോറിൽ നമ്പർ ഉണ്ടാകും

എല്ലാ ബസ്സ്‌ ജീവനക്കാരുടെ, വിദ്യർത്ഥികളുടെയും രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും അറിവിലേക്ക്  ഷെയർ ചെയ്യുക
എല്ലാ ബസ്സ്‌ ജീവനക്കാർക്കും, മുതലാളിമാർക്കും ഇത്‌ ഷെയർ ചെയ്യാം... കാരണം നിങ്ങളും ഒരുകാലത്തു വിദ്യാർത്ഥി കളായിരുന്നു,, ബസ്സ്‌ ജീവനക്കാരനും, മുതലാളിയും ആവുന്നതതിന്  മുൻപ്  സാധാരണ  യാത്രക്കാർ...
നിങ്ങളുടെ കുട്ടികൾ ഇന്ന്  ഇല്ലെങ്കിൽ നാളെ  വിദ്യാർത്ഥികളാണ് ..

Wednesday, September 5, 2018

പ്രളയമേഖലയിലെ സ്‌കൂൾ ദത്തെടുക്ക്കുക.സഹോദര വിദ്യാലയങ്ങൾ . ഇതൊരു നല്ല ആശയമാണ്

.പ്രളയമേഖലയിലെ സ്‌കൂൾ  ദത്തെടുക്ക്കുക.സഹോദര വിദ്യാലയങ്ങൾ . ഇതൊരു നല്ല ആശയമാണ്

TEAM KAMBALLUR ന്റെ ചെങ്ങന്നൂർ ദൗത്യത്തിൽ പങ്കെടുത്തവരുടെ ലിസ്റ്റ് 


 

Tuesday, September 4, 2018

ചെങ്ങന്നൂരിലെ ചെറിയനാടില്‍ രണ്ടു ദിവസത്തെ ശുചീകരണദൗത്യം

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചെങ്ങന്നൂരിലെ ചെറിയനാടില്‍ രണ്ടു ദിവസത്തെ ശുചീകരണദൗത്യം പുര്‍ത്തിയാക്കി മടങ്ങുന്നത് പ്രളയക്കെടുതിയിലെ ദുരന്തങ്ങള്‍ എറ്റുവാങ്ങിയ മേഖലകളിലെ നിരവധി പേര്‍ക്ക് ആശ്വാസവും സഹായവുമായതിന്റെ നിറഞ്ഞ സംതൃപ്തിയോടെ. ( ഈ പ്രദേശത്തെ 5 വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘാംഗങ്ങള്‍ പൂര്‍ത്തീകരിച്ചു. 14 കിണറുകള്‍ പമ്പ് സെറ്റ് ഉപയോഗിച്ച് മലിനജലം നീക്കി ശുചിയാക്കി. തകര്‍ന്നുപോയ അംഗന്‍വാടി പ്രവര്‍ത്തിക്കാനായി പ്രാദേശിക ഭരണകൂടം കണ്ടെത്തിയ മല്‍സ്യമാര്‍ക്കറ്റിന്റെ കെട്ടിടം ശുചിയാക്കി പ്രവര്‍ത്തനയോഗ്യമാക്കി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു വിദ്യാലയങ്ങളില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇതില്‍ ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂവായിരം പേരാണ് താമസിച്ചിരുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കുമിഞ്ഞു കൂടിയ ദുരിതാശ്വാസക്യാമ്പഹകളുടെ ശുചീകരണം മൂന്നാം ഘട്ടപ്രവര്‍ത്തനമെന്ന നിലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇ സ്കൂളിലെ ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങളെ നീക്കം ചെയ്യുക ശ്രമകരമായ പ്രവര്‍ത്തനമായിരുന്നു. അതിനു പുറമേ ജി ബി യു പി സ്കൂള്‍ ചെറിയനാടിലും ആയിരങ്ങള്‍ താമസിച്ചിരുന്നു. ആ വിദ്യാലയവും സന്നദ്ധസംഘം ശുചിയാക്കി.
ചെറിയനാട് എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് ഞങ്ങള്‍ക്ക് താമസസൗകര്യം ലഭിച്ചിരുന്നത്. ഇതും ഒരു ദുരിതാശ്വാസക്യാമ്പായിരുന്നു. ഇ വിദ്യാലയത്തിന്റെ പരിസരം വൃത്തിയാക്കുവാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഒരു പിടി നല്ല ഓര്‍മ്മകള്‍ക്കൊപ്പം സ്നേഹസമ്പന്നരായ നാട്ടുകാരുടെ സഹകരണവും സന്തോഷവും ഒപ്പം സ്ഥലം എം എല്‍ എയായ ശ്രീ സജി ചെറിയാന്റെ നല്ല വാക്കുകളും ദുരന്തബാധിതരുടെ നടുക്കുന്ന ഓര്‍മ്മകളും മനസ്സില്‍ ബാക്കിയാക്കി ഞങ്ങള്‍ ചെറിയനാടിനോട് യാത്രപറയുന്നു.17ഹയർ സെക്കന്ററി വിദ്യാർത്ഥികൾ ഇത്രയും ദൂരെയുള്ള സേവന ദൗത്യത്തിൽ സന്തോഷപൂർവ്വം പങ്കെടുത്തു എന്നത് അപൂർവ ചാരുതയുള്ള ഒരു സത്യമാണ് .അത്രയും കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളെ പകർച്ച വ്യാധി ഭീഷണി പോലും വക വെക്കാതെ കുട്ടികളെ അയക്കാൻ തയ്യാറായി എന്നതും കാസർകോടൻ ഹൃദയങ്ങളുടെ സ്നേഹവായ്‌പിന്റെ അടയാളമായി .
posted by Baiju KP & CKR







കിണറ്റിൽ നിന്ന് വെള്ളം കോരാൻ വേണ്ടി ഉപയോഗിക്കുന്ന കയർ

ഒരു പ്രത്യേക അറിയിപ്പ്..

കിണറ്റിൽ നിന്ന് വെള്ളം കോരാൻ വേണ്ടി ഉപയോഗിക്കുന്ന കയർ ഇപ്പോൽ മിക്കവീട് കളിലും പ്ലാസ്റ്റിക് അല്ലെങ്കിൽ നൈലോൺ കയറുകളാണ്.

ഈ കയറുകളിൽ നിന്ന് ചെറിയ ചെറിയ നൂലുകളായും പൊടികളായും കിണറിൽ വീഴുന്നുണ്ട്..  ഈ വീഴുന്ന പൊടികൾ  നമ്മുടെ വയറ്റിൽ ദിവസവും എത്തുന്നു ഇത് ഒരിക്കലും ദഹിക്കുകയില്ല.. ഈ ചെറിയ പ്ലാസ്റ്റിക് കണികകൾ വെള്ളം ചൂടാക്കുമ്പോൾ അലിഞ്ഞു പ്ലാസ്റ്റിസൈസറുകൾ ആയി മാറും.. ആമാശയത്തിലെത്തുന്ന ഇവ നമ്മുടെ കാഴ്ച കുറയുന്നതിന്റെ പ്രധാന കാരണമാണ്..
അത് കൊണ്ട് എത്രയും പെട്ടെന്നു് നൈലോൺ കയറുകൾ  മാ ററി പഴയ ചകിരികയർ ഉപയോഗിക്കുക..  വെളളം കുറഞ്ഞ ഈ സമയത്തു് തുണി വെച്ച് അരിച്ച് നോക്കിയാൽ മാരകമായ പൊടികൾ  കാണാം

ശ്രദ്ധിക്കുക.. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക


വൊളന്റിയർ ആകാൻ പറ്റുമോ ?

വൊളന്റിയർ ആണോ? ആകാൻ പറ്റുമോ? വ്യക്തതയുള്ള ക്യാമറയുള്ള ആൻഡ്രൊയ്ഡ്‌ മൊബൈൽ ഫോൺ കയ്യിലുണ്ടോ?

Hi, are you a Volunteer? Can you volunteer? Have an Android phone with good quality camera?

ഡാമേജ്‌ അസസ്‌മന്റ്‌ വൊളണ്ടിയർമ്മാരെ വേണം
We need Damage Assessment Volunteers

പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും തീർത്ത കെടുതികളിൽ നിന്ന് തിരികെ നടക്കുന്ന വേളയിൽ, ദുരന്തം കെടുതി തീർത്ത ഇടങ്ങളിൽ ചെന്ന് "റീബിൽഡ്‌ കേരള" എന്ന ആപ്പ്‌ ഉപയോഗിച്ച്‌ വിവരശേഖരണം ന്നടത്താൻ വൊളണ്ടിയർമ്മാരെ വേണം.

ഇതിനായി https://volunteers.rebuild.kerala.gov.in എന്ന വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യുക

Volunteers are required for recording data about damages caused in flood/ landslide/ landslip. Data can be collected using the "Rebuild Kerala" app developed by Kerala State IT Mission.

If you are ready to volunteer, then kindly register at https://volunteers.rebuild.kerala.gov.in

For more details, please call  94963 57006 Jerin, DPM, IT Mission, Kalpeta

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 94963 57006 ജെറിൻ, ഡി.പി.എം., ഐ ടി മിഷൻ, കല്പറ്റ.

Monday, September 3, 2018

എലിപ്പനിയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ

വെള്ളപ്പൊക്കത്തിന് ശേഷം വടക്കന്‍ ജില്ലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതായി കേള്‍ക്കുന്നു. ആയതിനാല്‍ എലിപ്പനിയെക്കുറിച്ച്  കുറച്ച് കാര്യങ്ങൾ പറയാം


കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് എലിപ്പനി.  എലിപ്പനി വെറും എലിപ്പനി മാത്രമല്ല, പശുപ്പനിയും കാളപ്പനിയും ആടുപനിയുമൊക്കെയാണ്. ഈ മൃഗങ്ങളുടെയൊക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ വെള്ളത്തില്‍ കലരും. രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്തുന്നത് മുറിവുകളിലൂടെയും പോറലുകളിലൂടെയുമാണ്. ‘മുറിവേറ്റവര്‍’ വെള്ളത്തിലിറങ്ങി പനിപിടിച്ചു തുള്ളിയാല്‍ അപ്പനി വെറുംപനിയല്ല. എലിപ്പനിയാവും. കെട്ടകാലത്ത് ഏതു പനിയും ആദ്യം എലിപ്പനിയായി സംശയിക്കണം.  ആയതിനാല്‍  ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ്  എലിപ്പനി ഏറ്റവും കൂടുതല്‍ പിടികൂടാന്‍  സാധ്യത എന്നും ഓര്‍ക്കണം. 


എലിപ്പനി എങ്ങനെ തടയാം


1. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്,  കുളിക്കരുത്

2. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ കൈയ്യുറയും (ഗ്ലൗസ്)  കാലുറയും ധരിക്കുക. അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയും കാലും പൊതിയുക. ശുചീകരണ പ്രവര്‍ത്തനം ചെയ്യുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

3. വീട്ടില്‍ പിടിച്ചു വെയ്ക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്‍ജ്ജ്യവും കലരാത്ത രീതിയില്‍ മൂടിവെയ്ക്കുക

4. വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക

5. വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം ഉപയോഗിക്കുക

6. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുക. മാലിന്യം കുന്നുകൂടുന്നത് എലികള്‍ പെറ്റുപെരുകാന്‍ കാരണമാകും.

7. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ എലിപ്പനി തടയാന്‍  200 മി.ഗ്രാം ഡോക്സിസൈക്ലിന്‍
(100 മി.ഗ്രാമിന്‍റെ 2 ടാബ്ലെറ്റ്)  കഴിക്കുക.  ഒരാഴ്ചത്തേക്ക് അത്ര മതിയാവും. അടുത്ത ആഴ്ചയില്‍ ശുചീകരണ ജോലി ചെയ്യേണ്ടിവരുമെങ്കില്‍ വീണ്ടും ഒരു ഡോസ് കഴിക്കണം.



എലിപ്പനി ബാധിച്ചവരെ എങ്ങനെ നേരത്തെ തിരിച്ചറിയാം?


വേണ്ടത്ര രോഗപ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാതെ,  കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവര്‍ക്കും  ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗസാധ്യത കൂടുതലാണ്. കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം എന്നൊരു വിചാരം എല്ലാവര്‍ക്കും ഉണ്ടാവണം. വേണമെങ്കില്‍ ഡോക്ടറോട് അങ്ങോട്ട്‌ ചോദിക്കുകയുമാവാം. “ഡോക്ടറെ, വെള്ളക്കെട്ടില്‍ ഇറങ്ങിയിട്ടുണ്ട്.  എലിപ്പനിയാണോ?” ഒരു പക്ഷെ അങ്ങനെ ചോദിക്കുന്നതിലൂടെ ഡോക്ടറെ നിങ്ങള്‍ സഹായിക്കുകയാവാം ചെയ്യുന്നത്. എലിപ്പനി തുടക്കത്തിലെ സംശയിച്ചാല്‍ പുട്ടുപോലെ ചികിത്സിച്ചു മാറ്റാം. വൈകുന്തോറും രോഗം  സങ്കീര്‍ണ്ണമായിത്തീരും. കരള്‍, വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിക്കാം. അതുകൊണ്ട് സൂക്ഷിക്കുക.

കടുത്ത പനിയോടോപ്പാം പേശികള്‍ക്ക് നല്ല വേദനയുമുണ്ടോ? പേശികളില്‍ അമര്‍ത്തുമ്പോള്‍ “ഹയ്യോ” എന്ന് പറഞ്ഞുപോകുന്ന ഒരുതരം വേദന! എങ്കില്‍ മിക്കവാറും അത് എലിപ്പനി തന്നെയായിരിക്കും. ചിലര്‍ക്ക് കണ്ണില്‍ ചുവപ്പുവരും. കണ്ണിന്‍റെ  വെള്ളയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് പോലെ കാണാം. മറ്റുചിലപ്പോള്‍ കണ്ണില്‍ മഞ്ഞനിറം പ്രത്യക്ഷമാവാം. മൂത്രമൊഴിക്കുമ്പോഴും കടും  മഞ്ഞ! “ഓഹോ, ഇത് നമ്മുടെ മഞ്ഞപ്പിത്തമല്ലേ” എന്ന് കരുതി നാട്ടുമരുന്നും ഒറ്റലിയും കഴിച്ചുകൊണ്ടിരുന്നു കളയരുത്. തട്ടിപ്പോവും.  പനിയോടുകൂടിയ മഞ്ഞപ്പിത്തം എലിപ്പനിയുടെ ഭയങ്കരമായ ലക്ഷണമാണ്. അക്കാര്യം ഇനി മറക്കരുത്. സമയം ഒട്ടും കളയാതെ ഡോക്ടറുടെ സേവനം തേടുക.
*  

ചികിത്സ:


തുടക്കത്തില്‍ ലളിതം
ഡോക്സിസൈക്ലിന്‍ ഗുളിക
അല്ലെങ്കില്‍
പെനിസിലിന്‍ കുത്തിവെയ്പ്പ്
കടുത്താല്‍:


കിഡ്നി അടിച്ചുപോകല്‍,
ലിവര്‍ പൊടിഞ്ഞുപോകല്‍
ഹാര്‍ട്ട് തകര്‍ന്നുപോകല്‍
ശ്വാസം നിലച്ചുപോകല്‍
തദ്വാര,
ഐ. സി. യു
ഡയാലിസിസ്
വെന്‍റ്റിലേറ്റര്‍.
ഡോക്ടറും രോഗിയും
ബുദ്ധിമുട്ടും


എലിപ്പനി തുടക്കത്തില്‍ തിരിച്ചറിയുക, .
ജീവന്‍ രക്ഷിക്കുക

തുടങ്ങുംമുന്‍പ് പ്രതിരോധിക്കുന്നത്
ഏറ്റവും ഉത്തമം

      ഡോ.ജി.ആർ.സന്തോഷ് കുമാർ

Follow us on
https://chat.whatsapp.com/6O41DPnfLiz28J5qE4lgmB