ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, September 4, 2018

ചെങ്ങന്നൂരിലെ ചെറിയനാടില്‍ രണ്ടു ദിവസത്തെ ശുചീകരണദൗത്യം

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചെങ്ങന്നൂരിലെ ചെറിയനാടില്‍ രണ്ടു ദിവസത്തെ ശുചീകരണദൗത്യം പുര്‍ത്തിയാക്കി മടങ്ങുന്നത് പ്രളയക്കെടുതിയിലെ ദുരന്തങ്ങള്‍ എറ്റുവാങ്ങിയ മേഖലകളിലെ നിരവധി പേര്‍ക്ക് ആശ്വാസവും സഹായവുമായതിന്റെ നിറഞ്ഞ സംതൃപ്തിയോടെ. ( ഈ പ്രദേശത്തെ 5 വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘാംഗങ്ങള്‍ പൂര്‍ത്തീകരിച്ചു. 14 കിണറുകള്‍ പമ്പ് സെറ്റ് ഉപയോഗിച്ച് മലിനജലം നീക്കി ശുചിയാക്കി. തകര്‍ന്നുപോയ അംഗന്‍വാടി പ്രവര്‍ത്തിക്കാനായി പ്രാദേശിക ഭരണകൂടം കണ്ടെത്തിയ മല്‍സ്യമാര്‍ക്കറ്റിന്റെ കെട്ടിടം ശുചിയാക്കി പ്രവര്‍ത്തനയോഗ്യമാക്കി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു വിദ്യാലയങ്ങളില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇതില്‍ ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂവായിരം പേരാണ് താമസിച്ചിരുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കുമിഞ്ഞു കൂടിയ ദുരിതാശ്വാസക്യാമ്പഹകളുടെ ശുചീകരണം മൂന്നാം ഘട്ടപ്രവര്‍ത്തനമെന്ന നിലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇ സ്കൂളിലെ ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങളെ നീക്കം ചെയ്യുക ശ്രമകരമായ പ്രവര്‍ത്തനമായിരുന്നു. അതിനു പുറമേ ജി ബി യു പി സ്കൂള്‍ ചെറിയനാടിലും ആയിരങ്ങള്‍ താമസിച്ചിരുന്നു. ആ വിദ്യാലയവും സന്നദ്ധസംഘം ശുചിയാക്കി.
ചെറിയനാട് എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് ഞങ്ങള്‍ക്ക് താമസസൗകര്യം ലഭിച്ചിരുന്നത്. ഇതും ഒരു ദുരിതാശ്വാസക്യാമ്പായിരുന്നു. ഇ വിദ്യാലയത്തിന്റെ പരിസരം വൃത്തിയാക്കുവാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഒരു പിടി നല്ല ഓര്‍മ്മകള്‍ക്കൊപ്പം സ്നേഹസമ്പന്നരായ നാട്ടുകാരുടെ സഹകരണവും സന്തോഷവും ഒപ്പം സ്ഥലം എം എല്‍ എയായ ശ്രീ സജി ചെറിയാന്റെ നല്ല വാക്കുകളും ദുരന്തബാധിതരുടെ നടുക്കുന്ന ഓര്‍മ്മകളും മനസ്സില്‍ ബാക്കിയാക്കി ഞങ്ങള്‍ ചെറിയനാടിനോട് യാത്രപറയുന്നു.17ഹയർ സെക്കന്ററി വിദ്യാർത്ഥികൾ ഇത്രയും ദൂരെയുള്ള സേവന ദൗത്യത്തിൽ സന്തോഷപൂർവ്വം പങ്കെടുത്തു എന്നത് അപൂർവ ചാരുതയുള്ള ഒരു സത്യമാണ് .അത്രയും കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളെ പകർച്ച വ്യാധി ഭീഷണി പോലും വക വെക്കാതെ കുട്ടികളെ അയക്കാൻ തയ്യാറായി എന്നതും കാസർകോടൻ ഹൃദയങ്ങളുടെ സ്നേഹവായ്‌പിന്റെ അടയാളമായി .
posted by Baiju KP & CKR







No comments:

Post a Comment