ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, January 30, 2022

എഴുതിയവൻ പുലി തന്നെയോ ? അതോ മറവിയോ ?

 എഴുതിയവൻ പുലി തന്നെയോ ? അതോ മറവി യോ ?

എഴുതിയവൻ പുലി തന്നെ  എന്ന പേരിൽ പലരും തള്ളികൊണ്ടിരിക്കുന്ന ഒരു നവമാധ്യമ  പോസ്റ്റ് .

*****************************************

കൊറോണയുടെ ആ തുടക്ക കാലഘട്ടം ഒന്ന് ആലോചിച്ച് നോക്കിയേ..🙄

പോസിറ്റീവായവൻ, അയാളുടെ പ്രൈമറി സെക്കണ്ടറി കോണ്ടക്റ്റും റൂട്ട് മാപ്പും പ്രസിദ്ധീകരിക്കൽ!!

അവരെയെല്ലാം ക്വാറന്റൈൻ ചെയ്യൽ....

മുക്കിലും മൂലയിലും വാട്ടർ ടാങ്കും ടാപ്പും.❗

ഇതിന് വേണ്ടി രാഷ്ട്രീയ പാർട്ടികളും സംഘടനകളും മത്സരം.❗

കൈ കഴുകലോട് കഴുകൽ❗

സോപ്പ് തേക്കലോട് തേക്കൽ❗

Break The chain പോസ്റ്റർ പതിക്കലോട് പതിക്കൽ.❗

പിന്നെയോ.. വാളണ്ടിയേഴ്സ്,❗


സ്കോഡ്,

 ടീം വർക്ക്, 

ഒരു വാർഡിൽ 4 പേർ,

 ഒരു പഞ്ചായത്തിൽ ഒരു ജീപ്പ്,

 ആരും പുറത്തിറങ്ങരുത്, 

വാളണ്ടിയേഴ്സിനെ മാത്രം ആശ്രയിക്കുക, 

അവരെയും ബുദ്ധിമുട്ടിക്കരുത്,

 അവരാണങ്കിൽ പരക്കം പായുന്നു,🏃

 അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും മറ്റൊരു വശത്ത്, 

ഗുളിക അവിടെ കൊണ്ടു കൊടുക്കുന്നു, അവിടുന്ന് ഇവിടെ കൊണ്ടു കൊടുക്കുന്നു,😀

സ്കൂളുകളും ഹോസ്റ്റലുകളും ക്വാറന്റൈൻ സെന്ററുകളാക്കുന്നു 

 ഇനിയോ.. പോലീസുകാരാണങ്കിൽ ജനങ്ങളെ പൊതിരേ തല്ലുന്നു, 🤼

ബൈക്കിൻ്റെ പിറകേ ഓടുന്നു, 

വാളണ്ടിയേഴ്സിനെ ചീത്ത പറഞ്ഞടിച്ച് ഓടിക്കുന്നു. 

കേസെടുക്കുന്നു, 

ഫയർ ഫോഴ്‌സ് വരുന്നു,

 കീടനാശിനി  അടിക്കുന്നു, 

ടൗണുകൾ ശുചീകരിക്കുന്നു,.

പോരാത്തതിനോ.. 

കൊല്ലം       കരയുന്നു,

 ഏറണാകുളം തേങ്ങുന്നു, 

കാസർകോട് ഇല്ലാതാകുന്നു, ഏതോ ഒരു മാധ്യമ പ്രവർത്തകൻ ലൈവിൽ വന്ന് കരയുന്നു, 

കെഞ്ചുന്നു,.🤧

ഇനിയോ ഗൾഫുകാരോട്, നാട്ടുകാരും ഗവൺമെൻ്റും കാണിച്ച കോപ്രായങ്ങൾ

ക്വാറന്റൈൻ ലംഘനം നടത്തിയ ഗൾഫുകാരന്റ വീട്ടിൽ ഹെൽത്ത് ഇൻസ്‌പെക്ടർ നോട്ടീസ് പതിക്കുന്നു.....

നോട്ടീസും ആ വീടും ഫോട്ടോ എടുത്ത് ഷെയർ ചെയ്യുന്നു.....

മരണപ്പെട്ട രോഗിയെ പള്ളിപ്പറമ്പിലോ ശ്മശാനത്തിലോ അടക്കുന്നത് തടയുന്നു...

അങ്ങനെയങ്ങനെ, എന്തൊക്കെ ആയിരുന്നു.

ആകെ കുതുകുലപ്പാടും ബഹളവും ഒന്നും പറയണ്ട.

അന്ന് കൊറോണ വെറും നാലാൾക് 

ഇപ്പോൾ ....

ദിനേന ഇരുപതിനായിരത്തിലധികം രോഗികൾ വരെ സൃഷ്ടിയ്ക്ക പെടുമ്പോഴാണ് ഈ നിയമങ്ങളുടെ റിവേഴ്സൽ, കൗതുകമായി തോന്നുന്നു🤔❗

എത്രപെട്ടെന്നാണ് ക്വാറന്റൈൻ അപ്രത്യക്ഷമായത് 

സംസ്ഥാനത്ത് എത്തുന്നവർക്ക് പരിശോധന കഴിഞ്ഞാൽ 7 ദിവസം, അല്ലാത്തവർ 7+7 ദിവസം തുടരാം,

എന്തിനായിരുന്നു 28 ദിവസം ക്വാറന്റൈൻ..? ജനങ്ങളെ ബുദ്ധിമുട്ടിച്ചത്‌?

ഈ ചോദ്യത്തിന് ഉത്തരം ഏതുമില്ല.

ഇപ്പോൾ കോവിഡ്‌ രോഗികൾ വീട്ടിൽ കിടന്നാൽ മതി..

ആമ്പുലൻസ്‌ ...സൈറൺ..മെഡിക്കൽ കോളെജ്‌.. എന്തിനായിരുന്നു.?

കൗതുകം ഏറെയുണ്ട് !!!

1. മാസ്‌ക് കടിച്ച പട്ടിയുടെ പിന്നാലെ ഓടിയത്,

2. നിരീക്ഷണ വീട്ടിലേക്ക് കയറിച്ചെന്ന പൂച്ചയെ കൊന്നത്,

3. ക്വറന്റൈനിൽ കഴിയുന്നവന് പത്രം നിഷേധിക്കപ്പെട്ടത്,

4. കയ്യിലിരുന്ന കറൻസി വീട്ടുമുറ്റത്ത് ഇട്ടുകൊടുത്തിട്ടും, അതെടുക്കാൻ ഒരുമാസം കാത്തിരുന്നത്,

5. ചാർട്ടട്  ഫ്ലൈറ്റിൽ വന്നവരിലൊരാൾ കുസൃതിക്കായി തന്റെ വശമുള്ള പുതിയ പിപിഇ കിറ്റ് വഴിയിൽ എറിഞ്ഞപ്പോൾ, ഒരു ഗ്രാമവും, നാലഞ്ച് ജെസിബി യും, ഒത്തുകൂടി കിറ്റിനെ മറവ് ചെയ്തത്,

6. ദുബായിൽ നിന്ന് വന്നവൻ തന്റെ വീടിന്റെ രണ്ടാം നിലയിലേക്ക്  പുറത്ത് നിന്ന് കയറാൻ ഉപയോഗിച്ച ഏണി, വീട്ടുകാർ ഒരുമാസം തോട്ടിൽ പൊതിർത്തി വെച്ചത്,

7. ചെന്നൈയിൽ നിന്ന് വന്നവനുണ്ടെന്ന സംശയത്താൽ, യാത്രക്കാരടക്കമുള്ള ബസിനെ, ക്യാമ്പിൽ കൊണ്ടുപോയി 10 നാൾ പൂട്ടിയിട്ടത്,

8. മറവു ചെയ്യാൻ അനുവദിക്കാതെ ഡോക്ടറുടെ മൃത ദേഹവുമായി ശ്മശാനങ്ങളായ ശ്മശാനങ്ങൾ മുഴുവൻ കയറിയിറങ്ങിയത്‌..

9. സോപ്പും കീറത്തുണിയും കണ്ടാൽ പേടിച്ചോടിപ്പോകുന്ന വൈറസിനെ പേടിച്ച്‌ മൃതദേഹം കത്തിച്ചത്‌. 

പത്തടി ആഴത്തിൽ കുഴിച്ചിട്ടത്‌. 

10. കൊറോണ വരുമോ എന്ന് പേടിച്ച്‌ ആത്മഹത്യ ചെയ്തത്‌..

11. നായക്കും പട്ടിക്കും ആഹാരം കൊടുക്കുന്ന പോലെ കോറന്റയിൻ ജീവികൾക്ക്‌ ആഹാരം കൊടുത്തത്‌.

ഇനിയുമെത്രയെത്ര കഥകൾ⁉️

ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ ഓർത്തെടുക്കുക/ ചിരിച്ചു  ചിരിച്ച് മണ്ണ് കപ്പും.😄🤣😭

നമ്മൾ മലയാളികള്‍ പൊളിയാണ്, ഭായ്

****************************************

രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകൾ 

സമയവും സാവകാശവും ലഭിക്കാൻ വേണ്ടി

(1 )99% ഒന്നാം ഡോസും , 88% രണ്ടാം ഡോസും വാക്സിനേഷൻ ലഭിച്ച Herd Immunity കൈവരിച്ച ഒരു സമയത്ത് ഇതൊക്കെ ചിലർക്ക് തമാശയായി തോന്നും.  നിയന്ത്രണങ്ങൾ കൊണ്ടുവന്നത്  വാക്സിനേഷൻ, Herd Immunity,  കോ വിഡ് ചികിത്സക്കുള്ള ആശുപത്രി സൗകര്യങ്ങൾ ഇവ ഒരുക്കാൻ ഉള്ള സമയവും സാവകാശവും ലഭിക്കാൻ വേണ്ടിയായിരുന്നു എന്ന മനസിലാക്കിയാൽ കാര്യം വ്യക്തമാകും. തുടക്ക കാലഘട്ടത്തിൽ പ്രയോഗിച്ച നിയന്ത്രണങ്ങളാണ് കേരളത്തിൽ കോവിഡ് പടരുന്നത് സാവധാനത്തിലാക്കിയതും ഓക്സിജൻ പ്ലാന്റ് നിർമ്മിക്കുന്നതിനടക്കമുള്ള സമയം ലഭിക്കാനിടയാക്കിയും.-സി കെ രാധാകൃഷ്ണൻ 

**************************************************

(2)ആദ്യകാല തന്ത്രമല്ല ഇപ്പോൾ വേണ്ടത്. അതുകൊണ്ട് പരിഹസിക്കേണ്ടതില്ല.

ആദ്യഘട്ടത്തിൽ കോറോണ എന്ത് എന്ന് നമുക്കറിയില്ല. എന്തു സംഭവിക്കുമെന്നുമറിയില്ല. ഈ രോഗം പുതിയതായിരുന്നു. ചൈനയിലും മറ്റു രാജ്യങ്ങളിലും ആളുകൾ മരിച്ച് വീഴുന്നതു കണ്ടു. വായുജന്യ രോഗമെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് അതിനനുസരിച്ച് വേണ്ട നപടികൾ എടുത്തു. മാസ്ക്, PPE കിറ്റ് തുടങ്ങിയവ. ക്വാറന്റയിൻ എന്ന പഴയ തന്ത്രം ഉപയോഗിച്ചു. ലോക്ഡൗൺ ചെയ്ത് പെട്ടന്ന് പകർന്ന് എല്ലാവരും ആശുപത്രിയിലെത്താതെ നോക്കി. വാക്സിൻ ഉണ്ടാക്കാനുള്ള ശ്രമം നടത്തി. 15 കൊല്ലം വിശദ പരീക്ഷണം നടത്തി നൽകേണ്ട വാക്സിൻ നിവൃത്തിയില്ലാതെ ഒരു കൊല്ലത്തെ പരീക്ഷണ ഗവേഷണങ്ങൾക്ക് ശേഷം നൽകി. ഫിസിഷ്യൻമാർക്ക് രോഗം ഏതുവിധം മനുഷ്യനെ ബാധിക്കുമെന്നും  അടുത്ത നടപടി എന്തായിരിക്കണമെന്നും ഇപ്പോൾ 2 കൊല്ലത്തെ പ്രാക്ടീസ് ആയി. വിവിധ വേരിയന്റുകളുടെ സ്വഭാവം, രോഗ ലക്ഷണം മനസിലായി. മരണം ഏതു വിഭാഗത്തെ ബാധിക്കുമെന്നും എത്ര മരണം സംഭവിക്കാമെന്നും എത്ര ആശുപത്രി വാസം വേണമെന്നും നാം പഠിച്ചു കഴിഞ്ഞു. കൊറോണ യല്ല ഏത് രോഗത്തെയും നാം നേരിടുന്നത് ആർജ്ജിക്കുന്ന തന്ത്രങ്ങളിലൂടെയാണ്. മാനവരാശി ഉണ്ടായ കാലം മുതൽ ഇത്തരം രോഗങ്ങൾ ഉണ്ട്. ഇത്രയും സാങ്കേതികമായി വളരാത്ത കാലത്തും മനുഷ്യർ അവയെ നേരിട്ടിട്ടുണ്ട്. കൊറോണയെ കുറിച്ച് നാം പഠിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും. അതും അതിന് ജീവിക്കാൻ അതിന്റെ സ്വഭാവം മാറ്റുന്നു. ചുരുക്കത്തിൽ ആദ്യകാല തന്ത്രമല്ല ഇപ്പോൾ വേണ്ടത്. അതുകൊണ്ട് പരിഹസിക്കേണ്ടതില്ല. 28 ദിവസം 14 ദിവസം 7 ദിവസം ഒക്കെ വന്നു. ഇനി ക്വാറന്റയിൻ തന്നെ വേണ്ട എന്ന് പറയും. 

ആദ്യഘട്ടത്തിലെ നമ്മുടെ പ്രവൃത്തികളെ ഓർത്ത് ഇപ്പോൾ ചിരിവരും. പക്ഷേ അറിവില്ലായ്മയിൽ അതാവശ്യമായിരുന്നു. 

അതുകൊണ്ട് സർക്കാരിന്റെ കാലാകാലങ്ങളിലുള്ള നിർദേശങ്ങൾ പാലിക്കുക. സർക്കാർ തന്നെ തീരുമാനിക്കുന്നതല്ല. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ്. 

അതുകൊണ്ട് നിർദേശങ്ങൾ പാലിക്കൂ*

* പ്രതിരോധ കുത്തിവയ്പ് സമയത്തെടുക്കൂ*

* കൊറോണയോടൊപ്പം നമുക്ക് ജീവിച്ചേ മതിയാകൂ. 

-അജിത്.സി ഫിലിപ്പ്

ഹെൽത്ത് ഇൻസ്പക്ടർ

കുടുംബരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട് കാസറഗോഡ് 

***********


Friday, January 28, 2022

ഇനി ഒരാളും മുങ്ങിമരിക്കരുത്- സജി വാളശ്ശേരി

 ജന്മനാ രണ്ടു കൈകളില്ല,  സ്വധീനവുമില്ലാത്ത വലതുകാൽ വണ്ണംകുറവും ഇടതുകാലിനേക്കാൾ 8 ഇഞ്ച് നീളം കുറവും... നട്ടെലിനു വളവു, ഒരു ചെവിക്കു കേൾവി കുറവ്  അങ്ങിനെ 90 % വൈകല്യമുണ്ട്  കോഴിക്കോട്  താമരശ്ശേരി വെളിമണ്ണകാരനായ ആലത്തുകാവിൽ വീട്ടിൽ  മുഹമ്മദ് ആസിമിന്... പക്ഷെ ഇതൊന്നും ആലുവ പെരിയാറിന്റെ ഏറ്റവും വീതി കൂടിയതും 30 അടിയിലേറെ താഴ്ചയുമുള്ള ഭാഗമായ അദ്വൈതാശ്രമം കടവിൽ നിന്നും ആലുവ മണപുറം വരെ നീന്തുന്നതിനു തടസ്സമായില്ല...



2018 ലെ വെള്ളപൊക്കത്തിന് മുൻപ്  ആസിമിനെ കുറിച്ച് ഒരു പത്രത്തിൽ ഒരു ലേഖനം വന്നിരുന്നു. കഴിഞ്ഞ 12 വർഷമായി ആലുവ മണപ്പുറം കടവിൽ 5000 ലധികം പേരെ നീന്തൽ പഠിപ്പിച്ചു അതിൽ 1500 ഓളം പേരെ ആലുവ പുഴയുടെ ഏറ്റവും വീതികൂടിയ ഭാഗം നീന്തിക്കടത്തിയ നീന്തൽ പരിശീലകനായ സജി വാളശ്ശേരി ആ ലേഖനം വായിക്കുകയും ആസിമിനെ കാണുവാനായി പത്ര വാർത്തയിലെ മേൽവിലാസത്തിൽ കോഴിക്കോട് വെളിമണ്ണ ചെന്നെങ്കിലും ആസിമും മാതാപിതാക്കളും സ്ഥലത്തു ഇല്ലാതിരുന്നതിനാൽ കാണുവാൻ സാധിച്ചില്ല എങ്കിലും അയൽ വീട്ടിൽ  നിന്നും അവരുടെ ഫോൺ നമ്പർ വാങ്ങി  ബന്ധപെട്ടു വേറെ ഒരു ദിവസം നേരിൽ ചെന്ന് ആസിമുമായും മാതാപിതാക്കളുമായും സംസാരിക്കുകയും ചെയ്തു. ആദ്യ തവണ സജി വാളശ്ശേരി കോഴിക്കോട് ചെന്ന് ആസിമിനെ കാണുമ്പോൾ ആസിമിന് 12  വയസായിരുന്നു. ഇത്രയും ശാരീരിക പരിമിതികൾ ഉള്ള ആസിമിനെ നീന്തൽ പഠിപ്പിക്കുവാൻ പറ്റില്ല എന്ന് മാതാപിതാക്കൾ പറഞ്ഞു എങ്കിലും വൈകല്യമുള്ളവർ നീന്തുന്ന വിഡിയോകൾ സജി വാളശ്ശേരി ആസിമിനെയും  മാതാപിതാക്കളെയും കാണിച്ചു കൊടുക്കുകയും വീണ്ടും ഒരു തവണ കൂടി ആസിമിനെ കോഴിക്കോട് പോയി കണ്ട്  മാനസികമായി അവരെ അതിനു തയ്യാറെടുപ്പിക്കുകയും ചെയ്തു... അങ്ങിനെ മൂന്നര വർഷത്തെ പരിശ്രമത്തിന്റെയും കാത്തിരിപ്പിന്റെയും ഒടുവിൽ 2022  ജനുവരിയിൽ ആസിമും പിതാവും ആലുവയിലേക്കു എത്തി.

ജന്മനാ നട്ടെലിന്‌  വൈകല്യമുള്ള കൃഷ്ണ എസ് കമ്മത് , ഇരു കണ്ണിനും കാഴ്ചയില്ലാത്ത നവനീത്, മനോജ്, ഐബിൻ എന്നിവരും ജന്മനാ കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത ആദിത് , അഞ്ചരവയസുകാരി നിവേദിത, ജന്മനാ വലതു കൈക്കു സ്വധീനമില്ലാത്ത അമ്പത്തൊന്നുകാരൻ രാധാകൃഷ്ണൻ, പോളിയോ ബാധിച്ചു വലതുകാലിന്റെ സ്വാധീനം  നഷ്ടപെട്ട റോജി ജോസഫ് എന്നിവർ സജി വളശ്ശേരിയുടെ പരിശീലനത്തിൽ അദ്വൈതാശ്രമം കടവിൽ നിന്നും ആലുവ മണപുറം വരെ നീന്തിക്കയറിയവരാണ്'.

ആസിമിന്റെ പിതാവ് ഷാഹിദ്  ഒരു ഉസ്‌താദും കോഴിക്കോട് ആലിൻതറ റബ്ബാനിയ്യ: കോളേജിലെ ഖുർആൻ അദ്ധ്യാപകനാണ് . മാതാവ് ജംസീന സഹോദരങ്ങൾ മുഹമ്മദ് ബിശ്റ്, മുഹമ്മദ് ഗസ്സാലി, അഹ്മദ് മുർസി, സഹോദരിമാർ : ഹംന ലുബാബ, സൗദ, ഫാതിമതുൽ ബതൂൽ. സജി വളശ്ശേരിയുടെ  സ്വന്തം വീട്ടിൽ ഒരു മുറി അവർക്കായി താമസിക്കാനും നിസ്കരിക്കാനുമുള്ള സൗകര്യവും ഭക്ഷണവും ഒരുക്കിയാണ് സജി അവരെ സ്വീകരിച്ചത്. ഇരു കൈകൾ ഇല്ലാത്തതും വലതു കാലിനു സ്വധീന കുറവുള്ളതും കൊണ്ട് ആസിമിനെ നീന്തൽ പഠിപ്പിക്കുക എന്നുള്ളത് ഒരു ശ്രമകരമായിരുന്നു... എന്നാൽ ആസിമിന്റെ നിശചയദാർഢ്യവും സജി വാളശ്ശേരിയുടെ പരിശ്രമവും ഒത്തു ചേർന്നപ്പോൾ അത് സാധ്യമായി.

2017 ൽ തന്നെ സജി രണ്ടു കയ്യും ഇല്ലാത്തവരെ പഠിപ്പിക്കുന്നതിന്  സ്വയം തയ്യാറെടുപ്പു തുടങ്ങിയിരുന്നു... ദിവസങ്ങളോളം നിത്യേന കഠിന പരിശീലനം ചെയ്തു കൊണ്ടായിരുന്നു... രണ്ടു കയ്യും കെട്ടിപിടിച്ചു സജി വാളശ്ശേരി ആലുവ പുഴയിലൂടെ പതിനഞ്ചു മിനിറ്റ്  മുതൽ രണ്ടര മണിക്കൂർ വരെ മലർന്നു നീന്തുമായിരുന്നു. ഈ പരിശീലനങ്ങൾകു ശേഷമാണു ആസിമിനെ കണ്ടെത്തുന്നതും പഠിപ്പിക്കുവാൻ തുടങ്ങിയതും. 

ഇങ്ങിനെ നീന്തലിനു അവിഭാജ്യ ഘടകങ്ങൾ എന്ന മറ്റുള്ളവർ കരുതുന്ന ഘടകങ്ങൾ വളരെ കുറച്ചു മാത്രം ഉള്ളവരെ ഇത്രെയും ആഴവും വീതിയും ഉള്ള ആലുവ പുഴയിൽ നീന്തികാണിക്കുന്നതിലൂടെ എത്ര ശാരീരിക പരിമിതിയുള്ളവർക്കും നീന്തൽ പഠിക്കുവാൻ ഒന്നും ഒരു തടസ്സമല്ല എന്ന് ഒരു സന്ദേശം ലോകത്തിനു മുഴുവൻ നൽകുക എന്നുള്ളതാണ്  സജി വാളശ്ശേരിയുടെ ലക്ഷ്യം. ഇതൊരുപാട് പേർക്ക് പ്രചോദനമാകും എന്ന് പ്രതീക്ഷിക്കുന്നു.

ആലുവ മണപ്പുറം ദേശം കടവിൽ രാവിലെയും വൈകുന്നേരവും 2 മണിക്കൂർ വീതം രണ്ടാഴ്ചത്തെ കഠിന പരിശീലനത്തിനൊടുവിൽ ആണ് ആസിം ഈ നീന്തലിനു തയ്യാറെടുത്തത്. അവസാന നാല് ദിവസങ്ങളിൽ പരിശീലനം ഒരു കിലോമീറ്റർ വരെ നീന്തികൊണ്ടായിരുന്നു.

2017 ൽ വേമ്പനാട്ടു കായലിന്റെ ഏറ്ററ്വും വീതികൂടിയ ഭാഗമായ കോട്ടയം കുമരകം മുതൽ ആലപ്പുഴ മുഹമ്മ വരെയുള്ള ഒൻപതു കിലോമീറ്റർ നീന്തി കടന്നു ചരിത്രത്തിൽ ഇടം നേടിയ ആദ്യ വനിതയാണ്  മാളു ഷെയ്ക്. കൃഷ്ണവേണി,  ആദിത്യ, അദ്വ്യത് എന്നിവരും സജി വാളശേരി പരിശീലനം നൽകി വേമ്പനാട്ടുകായലിന്റെ ഈ ഭാഗം നീന്തിക്കടന്നവരാണ്. കഴിഞ്ഞ പന്ത്രണ്ടു വർഷമായി ആലുവ  ശിവ ക്ഷേത്രത്തിനടുത്തു മണപ്പുറം കടവിലാണ് പരീശീലിപ്പിച്ചു ഇരുന്നത്  എന്നാൽ ഈ വർഷം കുട്ടികളെയും മുതിർന്നവരെയും പ്രവേശിപ്പിക്കാത്തതു അമ്പലഭാരവാഹികളുടെ അനുമതിക്ക് വേണ്ടി കാത്തിരിക്കുന്നത് കൊണ്ടാണ് . അനുമതി ലഭിച്ചാൽ, കോവിഡ് വ്യാപനം കഴിഞ്ഞു ഈ കടവിൽ ഒരു ദിവസം ആയിരം പേർക്ക് വരെ മൂന്ന് ബാച്ചുകളിലായി പഠിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിട്ടുണ്ട് . നീന്തൽ പഠിക്കുവാൻ വരുന്നവർ തന്നെയാണ് സുരക്ഷാക്രമീകരണങ്ങൾക്കുള്ള ചിലവുകൾ വഹിക്കുന്നത് . ട്യൂബുകൾ, ലൈഫു്  ജാക്കറ്റ് , വള്ളം, ബോട്ട്, ആംബുലൻസ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയാണ് എല്ലാ ദിവസവും ആലുവയിൽ പരിശീലനം നടത്തുന്നത്.

കഴിഞ്ഞ 12 വർഷവും നീന്തൽ പരിശീലനം നടത്തിയ ആലുവ മണപ്പുറം കടവ് ലഭ്യമല്ലാതിരുന്നതിനാൽ ആലുവ മണപ്പുറം ദേശം കടവിലാണ് നീന്തൽ പഠനം പൂർത്തിയായത് . ഈ 2022 ജനുവരിയിൽ തന്നെയാണ് 69 വയസ്സുകാരിയായ ആരിഫയും 70 വയസ്സുകാരനായ വിശ്വംഭരൻ 2014 ൽ ഉണ്ടായ ഒരു ട്രെയിൻ ആക്‌സിഡന്റിൽ ഇരു കാലുകളും നഷ്ട്ടപെട്ട ഷാൻ എന്നിവരും സജി വാളശേരിയുടെ പരിശീലനത്തിൽ പെരിയാർ നീന്തിക്കടന്നവരാണ് .

ആലുവ അദ്വൈത ആശ്രമം കടവിൽ നിന്നും ആലുവ എം എൽ എ അൻവർ സാദത്ത്  നീന്തൽ  രാവിലെ 8:50 നു ഫ്ളാഗ്ഓഫ് ചെയ്തു കൗൺസിലർമാരായ ലത്തീഫ്  പൂഴിത്തറ, ഫാസിൽ ഹുസൈൻ,കെ  വി സരള, ശ്രീലത രാധാകൃഷ്ണൻ, ആനന്ദ് ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ആശ്രമം കടവിൽ നിന്നാരംഭിച്ചു റെയിൽവേ പാലത്തിന്റെ തൂണുകൾ ചുറ്റി പുഴ കുറുകെ നീന്തി മണപ്പുറം 9:51 നു വന്നു കയറുമ്പോൾ ഒരു മണിക്കൂറും ഒരു മിനിറ്റും കൊണ്ട് ഒരു കിലോമീറ്ററോളം നീന്തുകയുണ്ടായി. മണപ്പുറം കടവിൽ നീന്തി കയറിയ മുഹമ്മദ് ആസിമിനും പരിശീലകൻ സജി വാളശേരിക്കും എസ്  സതീഷും (വൈസ് ചെയർമാൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് ) എം ഒ ജോണും (ആലുവ നഗര സഭ ചെയർപേഴ്സൺ ) മറ്റു പ്രമുഖ വ്യക്തികളും ചേർന്ന്  സ്വീകരണം നൽകുകയും ഉണ്ടായി, പി എം സഹീർ (പ്രസിഡണ്ട് , ദേശാഭിവർദ്ധിനി സഹകരണബാങ്ക് ), ഡോ ഷാഹുൽ ഹമീദ്  (ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ), നൗഷാദ് തെക്കയിൽ (മനുഷ്യാവകാശ പ്രവർത്തകൻ), കെ സി സ്മിജൻ (സംസ്ഥാന ജനറൽ സെക്രട്ടറി, കേരള ജേർണലിസ്റ് യൂണിയൻ), മുൻസിപ്പൽ കൗൺസിലർമാരായ ദിവ്യ സുനിൽ കുമാർ, സുനീഷ് വി എൻ എന്നിവരും മറ്റു പൗര പ്രമുഖരുടെയും സാന്നിധ്യവുമുണ്ടായിരുന്നു.

"ജന്മനാ എനിക്കുണ്ടായ ഈ കുറവുകൾ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്  എല്ലാ കഴിവുകളും എല്ലാം ഉള്ള മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കുവാനും അവരെല്ലാം നീന്തൽ പഠിച്ചു ഇനി ഒരാളും മുങ്ങിമരിക്കരുത് എന്ന വളരെ ശക്തമായ ഒരു സന്ദേശം ലോകത്തിനു നൽകുവാൻ വേണ്ടിയാണ് ഞാൻ ഇന്ന് അദ്വൈത ആശ്രമം കടവ് തുടങ്ങി റെയിൽവേ പാലത്തിന്റെ തൂണുകൾ ചുറ്റി പുഴ കുറുകെ മണപ്പുറം വരെ നീന്തി കയറിയത്." - മുഹമ്മദ് ആസിം 

3 വർഷങ്ങൾക്കു മുൻപ് ഒരു പത്രത്തിൽ വന്ന ഒരു ലേഖനത്തിൽ നിന്നും ആസിമിന്റെ കാര്യങ്ങൾ മനസ്സിലാക്കിയ അന്ന് മുതൽ ഞാൻ തയ്യാറെടുക്കുകയായിരുന്നു... 3 വർഷങ്ങൾക്കു മുൻപ് കോഴിക്കോട് താമരശ്ശേരി വെളിമണയിൽ ചെന്ന് നേരിട്ട് കണ്ടു സംസാരിച്ചപോൾ ആസിമിന്റെ 90 % വൈകല്യം മാതാപിതാക്കൾ ഒരു തടസ്സമായി പറഞ്ഞുവെങ്കിലും, ഇടയ്ക്കുള്ള എന്റെ സന്ദർശനങ്ങളും മറ്റു വൈകല്യങ്ങൾ ഉള്ള കുട്ടികളുടെ വിഡിയോകൾ  എല്ലാ കാണിച്ചു ആസിമിനെയും മാതാപിതാക്കന്മാരെയും ഇതിനു തയ്യാറെടുപ്പിച്ചു. പിന്നെ ഞാൻ രണ്ടു കയ്യും ഇല്ലാത്തവരെ പഠിപ്പിക്കുന്നതിന്  സ്വയം തയ്യാറെടുപ്പു തുടങ്ങിയിരുന്നു... ദിവസങ്ങളോളം നിത്യേന കഠിന പരിശീലനം ചെയ്തു കൊണ്ടായിരുന്നു... രണ്ടു കയ്യും കെട്ടിപിടിച്ചു ആലുവ പുഴയിലൂടെ പതിനഞ്ചു മിനിറ്റ്  മുതൽ രണ്ടര മണിക്കൂർ വരെ മലർന്നു നീന്തുമായിരുന്നു. ഈ പരിശീലനങ്ങൾകു ശേഷമാണു ആസിമിനെ പഠിപ്പിക്കുവാൻ തുടങ്ങിയതും. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നീന്തൽ അറിയാത്തതു കൊണ്ട് എത്രെയോ ആളുകൾ മുങ്ങിമരിക്കുന്നു. ഇത്രെയും ശാരീരിക പരിമിതികൾ ഉണ്ടായിട്ടും നീന്തൽ പഠിച്ചു എത്രെയോ ആളുകൾ മുങ്ങിമരിച്ച ഈ ആലുവ പുഴ വളരെ നിസ്സാരമായി നീന്തി കടന്ന ആസിമിനെ കണ്ടിട്ടെങ്കിലും എല്ലാ രക്ഷിതാക്കളും എല്ലാ ആളുകളും നീന്തൽ പഠിക്കുക. എല്ലാവരും നീന്തൽ പഠിച്ചു ഇനി ഒരു മുങ്ങിമരണങ്ങളും ഇല്ലാത്ത ഒരു ലോകമാണ് എന്റെ സ്വപ്നം... - സജി വാളശ്ശേരി

Sunday, January 9, 2022

COVID : കേരളത്തിലും പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകും

  10 01 2022 

കൊറോണയുടെ സുനാമി വരുന്പോൾ...

പുതുവർഷത്തിൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, നിർമ്മിത ബുദ്ധി, സ്മാർട്ട് ഗവർണൻസ് ഇവയെ കുറിച്ചൊക്കെ എഴുതണമെന്നാണ് പ്ലാൻ ചെയ്തിരുന്നത്, അതാണ് ആഗ്രഹവും.

കൊറോണയെപ്പറ്റി രണ്ടു വർഷമായി എഴുതുന്നു. നാട്ടിൽ എൺപത് ശതമാനം ആളുകൾക്കും രണ്ടാമത്തെ ഡോസ് വാക്‌സിൻ കിട്ടിക്കഴിഞ്ഞതിനാൽ 2022 ൽ കൊറോണ വലിയ വിഷയമാകില്ല എന്നാണ് കഴിഞ്ഞ വർഷം നവംബർ വരെ കരുതിയിരുന്നത്.

പക്ഷെ കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെയല്ല പോയതും പോകുന്നതും. കോവിഡ് കാലം തുടങ്ങിയതിൽ പിന്നെ പ്ലാനുകളിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ ഉണ്ടാകുന്നത് ആദ്യമായല്ല, ഇത് അവസാനവും ആകില്ല.

യൂറോപ്പിലും അമേരിക്കയിലും ഒക്കെ കോവിഡിന്റെ പുതിയ തരംഗം സുനാമി പോലെ മുന്നേറുകയാണ്. മുൻപത്തെ മൂന്നു തരംഗത്തിലും ഉണ്ടായതിന്റെ മൂന്നും നാലും ഇരട്ടി കേസുകളാണ് ഓരോ രാജ്യത്തും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യയുള്ള സ്വിറ്റ്‌സർലൻഡിൽ പ്രതിദിന കേസുകൾ മുപ്പതിനായിരം ആയി.  അമേരിക്കയിൽ പ്രതിദിന കേസുകളുടെ എണ്ണം ദശലക്ഷത്തോട് അടുക്കുന്നു. പ്രതിദിനം ഒരു ലക്ഷത്തിലധികം കേസുകൾ ഉള്ള രാജ്യങ്ങൾ പലതായി. ഇന്ത്യ വീണ്ടും അവിടേക്ക് എത്തുന്നു.

കേസുകൾ കൂടുന്നു എന്ന് മാത്രമല്ല നമ്മൾ തരംഗത്തിന്റെ ഉച്ഛസ്ഥായിയിൽ ഇതുവരെ എത്തിയിട്ടില്ല എന്നുമാണ് ട്രെൻഡുകൾ കാണിക്കുന്നത്. എവിടെയാണ് ഈ തരംഗത്തിന്റെ ഗതി താഴേക്ക് വരുന്നതെന്ന് ഉദാഹരിക്കാൻ നമുക്ക് മറ്റൊരു രാജ്യത്ത് നിന്നും മാതൃകയില്ല. ലോക്ക് ഡൌൺ ഉൾപ്പടെ കർശന നിയന്ത്രണങ്ങൾ കൊണ്ട് നവംബറിലെ തരംഗത്തെ തിരിച്ചു വിട്ട ഓസ്‌ട്രിയയിലും നെതർലാൻഡ്‌സിലും കേസുകൾ വീണ്ടും ഉയരുകയാണ്.

മുൻപ് രോഗം ഉണ്ടായിട്ടുള്ളവർക്കും രണ്ടു ഡോസ് വാക്സിനും അതിനപ്പുറം ബൂസ്റ്ററും എടുത്തവർക്കും രോഗം വരുന്നു.

ഇതിനിടക്കുള്ള ഏക ആശ്വാസം മുൻപ് രോഗം ഉണ്ടായിട്ടുള്ളവരിലും ബൂസ്റ്റർ എടുത്തവരിലും രോഗം അത്ര തീഷ്ണമാവുന്നില്ല എന്നത് മാത്രമാണ്. ഇപ്പോൾ വാക്‌സിൻ എടുക്കാത്തവർക്ക്  കോവിഡ് രോഗം ഉണ്ടാകുന്പോൾ ആശുപത്രിയിൽ എത്തിക്കേണ്ട സാധ്യതയുടെ പത്തിലൊന്നേ വാക്സിൻ എടുത്തവർക്ക് ഉള്ളൂ എന്നാണ് ന്യൂ യോർക്കിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നത്.

നമ്മൾ ചിന്തിക്കേണ്ട കാര്യം, ലോകത്ത് അനവധി പ്രദേശങ്ങളിൽ ഇപ്പോൾ ആഞ്ഞടിക്കുന്ന കോവിഡിന്റെ ഈ വന്പൻ തരംഗം കേരളത്തിലും എത്തുമോ എന്നതാണ്.

കേരളത്തിലെ കേസുകൾ പ്രതിദിനം രണ്ടായിരത്തിന് താഴെ നിന്നത് വീണ്ടും മുകളിലേക്കാണ്. ഇതിനി ഒന്നാമത്തെ തരംഗത്തിന്റെ ഉച്ഛസ്ഥായിയായിരുന്ന നാല്പതിനായിരം കടക്കുമോ, പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ പോകുമോ, അതെങ്ങനെ ഒഴിവാക്കാം, അതുണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യാം എന്നതൊക്കെയാണ് ഇപ്പോൾ നമ്മൾ ചിന്തിക്കേണ്ടത്.

ആളുകൾ സാന്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അപൂർവ്വം രാജ്യങ്ങളേ ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നുള്ളൂ. പുതുതായി ലോക്ക് ഡൌൺ പ്രഖ്യാപിച്ച നെതർലാൻഡ്‌സ് പോലുള്ള സ്ഥലങ്ങളിൽ ജനം തെരുവിലിറങ്ങി അതിനെതിരെ പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായി. ആളുകൾക്ക് മടുത്തു.

എന്നാൽ അതിപ്പോൾ വൈറസിനോട് പറയാൻ പറ്റുമോ. നിയന്ത്രണങ്ങൾ വേണ്ടി വരും. കേരളത്തിൽ മാത്രമല്ല കേന്ദ്രത്തിൽ നിന്ന് തന്നെ കൂടുതൽ നിയന്ത്രണങ്ങൾ, യാത്രകൾക്ക് ഉൾപ്പടെ, വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വർക്ക് ഫ്രം ഹോം സാധിക്കുന്നവർക്കൊക്കെ അത് നിർദ്ദേശിച്ചേക്കും. കേരളത്തിലും പുതിയ നിർദ്ദേശങ്ങൾ ഉണ്ടാകും, നിയന്ത്രണങ്ങളും.

അതൊക്കെ സർക്കാർ ചിന്തിക്കുന്പോൾ നമുക്ക് വ്യക്തിപരമായി ചെയ്യാവുന്ന ചിലതുണ്ട്.

1. നമുക്ക് ചുറ്റുമുള്ള ആരെങ്കിലും വാക്സിൻ എടുക്കാതെ ഉണ്ടെങ്കിൽ അവരെ അതിന് പ്രേരിപ്പിക്കുക. വാക്സിൻ എടുക്കാത്തവർക്ക് രോഗം വന്നാൽ മരിക്കാനുള്ള സാധ്യത വാക്സിൻ എടുത്തവരെക്കാൾ പതിനഞ്ചു മടങ്ങ് വരെ കൂടുതലാണ്. നമ്മുടെ കയ്യിൽ ഇപ്പോൾ ഉള്ള ഏറ്റവും ശക്തമായ പ്രതിരോധം വാക്സിൻ തന്നെയാണ്.

2. ഒരു ഡോസ് എടുത്തവർ രണ്ടാമത്തേതും, രണ്ടും ലഭിച്ചവർ ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക.

3. ഒപ്പം വാക്സിൻ എടുത്തത് കൊണ്ട്, ബൂസ്റ്റർ ഉണ്ടെങ്കിൽ പോലും, രോഗം വരില്ല എന്ന വിശ്വാസം ഒഴിവാക്കുക.

4. നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ഈ വർഷത്തേക്ക് പുതുക്കി കയ്യിൽ വക്കുക. ആവശ്യം വന്നാൽ സാന്പത്തിക പരാധീനതയിൽ പെടരുതല്ലോ.

5. മാസ്ക്ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുക.

6. കല്യാണങ്ങൾക്ക് ഒക്കെ ആളുകൾ വീണ്ടും ആയിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്, സർക്കാർ നിർദ്ദേശം എഴുപത്തി അഞ്ചും നൂറ്റന്പതും ഒക്കെ ആണെങ്കിലും. ഇക്കാര്യങ്ങളിൽ പരമാവധി കരുതൽ എടുക്കുക.

7. ഉത്സവങ്ങളും, പെരുന്നാളുകളും, പാർട്ടി സമ്മേളനങ്ങളും, വോളിബോൾ മാച്ചുകളും ആയിരക്കണക്കിന് ആളുകളെ ചേർത്ത് യാതൊരു സാമൂഹിക അകലവും ഇല്ലാതെ നടത്തുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. നിയമം പാലിച്ചും പാലിപ്പിച്ചും നാട്ടുകാരും പോലീസും മടുത്തു എന്ന് തോന്നുന്നു. ചുരുങ്ങിയത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഒരല്പം ബ്രേക്ക് ഇടുന്നത് നല്ലതാണ്.

8. മറ്റുള്ളവർ നിയന്ത്രിച്ചാലും ഇല്ലെങ്കിലും അടുത്ത ഒരു മാസക്കാലം നമ്മൾ വ്യക്തിപരമായി പരമാവധി സന്പർക്കം കുറക്കുക. യാത്രകൾ അത്യാവശ്യത്തിന് മാത്രമാക്കുക. തീയേറ്റർ പോലുള്ള അടച്ചു പൂട്ടിയതും എ. സി. ഉള്ളതുമായ സാഹചര്യങ്ങളിൽ സമയം ചിലവഴിക്കാതിരിക്കുക. വിദേശ യാത്ര ചെയ്യുന്നവർ അതിർത്തികൾ അടച്ചിടാനുള്ള സാധ്യത ഉണ്ടെന്ന് മനസ്സിൽ കാണുക. വർക്ക് ഫ്രം ഹോം സാധ്യതയുള്ളവർ അടുത്ത ഒരു മാസം അത് ചെയ്യുക.

9. നിങ്ങളുടെ വീട്ടിൽ പ്രായമായവർ, മറ്റു രോഗങ്ങൾ ഉള്ളവർ ഒക്കെ ഉണ്ടെങ്കിൽ അവരെ പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുക. അങ്ങനെയുള്ളവരുള്ള വീടുകളിൽ പോകുന്നത് ഒരു മാസത്തേക്കെങ്കിലും ഒഴിവാക്കുക.

10. ഇതൊക്കെ പറയുന്പോഴും നല്ല മാനസിക ആരോഗ്യം നിലനിർത്താൻ മനഃപൂർവ്വം ശ്രമിക്കുക. സുഹൃത്തുക്കളെ ചെറിയ ഗ്രൂപ്പ് ആയി കാണുക, പുറത്തിറങ്ങി നടക്കുക, കൂട്ടുകാരും ബന്ധുക്കളുമായി സംസാരിക്കുക. ഓ. ടി. ടി. യിൽ സിനിമ കാണുക, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എല്ലാം പ്രധാനമാണ്. ഇതൊരു കെട്ട കാലമാണ്, നമുക്ക് അതിജീവിച്ചേ പറ്റൂ,

സുരക്ഷിതരായിരിക്കുക

#WeShallOvercome - MURALI THUMMARUKUDI , COLLECTED FROM FB BY CKR