ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

22 പതിയിരിക്കുന്ന ലഹരിക്കുഴികളെക്കുറിച്ച്

പതിയിരിക്കുന്ന ലഹരിക്കുഴികളെക്കുറിച്ച് എത്രമേല്‍ ജാഗ്രതയുണ്ട് നമുക്ക്?

✍ സി.എസ് ഷാഹിന്‍

തൃശൂര്‍ നഗരത്തിലെ ഒരു ഐസ്‌ക്രീം പാര്‍ലര്‍. ചെറിയ കടയാണെങ്കിലും വൈകുന്നേരമായാല്‍ വലിയ തിരക്കാണ്. കസ്റ്റമേഴ്‌സില്‍ അധികവും കോളേജ് വിദ്യാര്‍ഥിനികള്‍. അവിടെനിന്ന് ഒരു തവണ ഐസ്‌ക്രീം കഴിച്ചവര്‍ നിത്യസന്ദര്‍ശകരായി മാറുകയായിരുന്നു. പെണ്‍കുട്ടികള്‍ ഒരേസമയം രണ്ടും മൂന്നും ഐസ്‌ക്രീം വാങ്ങിക്കഴിക്കുന്നു. സംശയം തോന്നിയപ്പോള്‍ പോലീസ് നിരീക്ഷണം തുടങ്ങി. രണ്ട് പോലീസുകാര്‍ മഫ്തിയില്‍ ചെന്ന് ഐസ്‌ക്രീം രുചിച്ചു. കഴിക്കുമ്പോള്‍ പ്രത്യേക അനുഭൂതി. തിരിച്ചിറങ്ങുമ്പോള്‍ അല്‍പം പാര്‍സല്‍ വാങ്ങി. തുടര്‍ന്ന് ലബോറട്ടറിയില്‍ പരിശോധന. ഐസ്‌ക്രീം ചേരുവകളില്‍ ഒന്ന് മയക്കുമരുന്നാണെന്ന് തെളിഞ്ഞു. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും രുചിക്കാന്‍ തോന്നും. ക്രമേണ അതിന് അടിമപ്പെടുകയായി.

തൃശൂരിലെ പൂമല ഡാമിനടുത്തുള്ള 'പുനര്‍ജനി' ഡി-അഡിക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച വേളയില്‍ പരിചയപ്പെട്ട റിട്ട. എ.എസ്.ഐ പങ്കുവെച്ച സംഭവമാണിത്. മയക്കുമരുന്ന് ശൃംഖല ഒരുക്കിയ ഒട്ടനവധി ചതിക്കുഴികളില്‍ ലളിതമായ ഒന്നുമാത്രമാണിത്.

'എന്റെ മക്കള്‍ സുരക്ഷിതരാണ്. അങ്ങനെയാണ് ഞാന്‍ അവരെ വളര്‍ത്തിയത്'- ഇങ്ങനെ കരുതി ഇനി ഒരു രക്ഷിതാവും സ്വയം വിഡ്ഢിയാകരുത്. മയക്കുമരുന്നിന്റെ കെണിയില്‍ ആരും പെട്ടുപോകാം; എത്ര ധാര്‍മിക ചുറ്റുപാടില്‍ വളരുന്ന കുട്ടിയാണെങ്കിലും. അത്രമേല്‍ ആസൂത്രിതമായ രീതിയിലാണ് മയക്കുമരുന്ന് കണ്ണികള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഞെട്ടിക്കുന്നതാണ്. വീടിന് പുറത്തിറങ്ങിയാല്‍, മയക്കുമരുന്നിന്റെ ചതിക്കുഴികള്‍ ഒളിച്ചിരിക്കാത്ത ഇടങ്ങള്‍ വളരെ കുറവ്. സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, തൊഴിലിടങ്ങള്‍, കളിസ്ഥലങ്ങള്‍, കവലകള്‍... തിരിച്ചറിയാന്‍ കഴിയാത്തവിധം ആ ചതിക്കുഴികള്‍ വ്യാപകമാണ്. മതകലാലയങ്ങള്‍ പോലും അതില്‍നിന്ന് മുക്തമല്ല.

മയക്കുമരുന്ന് മാഫിയ വലവിരിക്കാത്ത ഒരൊറ്റ സ്‌കൂളും കോളേജും നമ്മുടെ നാട്ടിലില്ല എന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും? എന്നാല്‍ അതാണ് യാഥാര്‍ഥ്യം. തിരൂര്‍ കോ-ഓപറേറ്റീവ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. സി.പി അബൂബക്കര്‍ സംശയലേശമന്യേ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അഥവാ നിങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍/കോളേജില്‍ മയക്കുമരുന്ന് കണ്ണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ പഠിക്കുന്ന ഹോസ്റ്റലുകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളുണ്ട്.

പ്രശ്‌നത്തിന്റെ വ്യാപ്തി പഠിക്കാന്‍ തീരുമാനിച്ചാല്‍ നാം പകച്ചുപോകും. അന്വേഷിക്കും തോറും ആഴം കൂടിവരുന്ന ലഹരിയുടെ കാണാക്കയങ്ങള്‍. വലിയ അപകടത്തിന്റെ കാര്‍മേഘം നമ്മുടെ കുട്ടികളുടെ തലക്കുമുകളില്‍ ഉരുണ്ടുകൂടി നില്‍ക്കുന്നു. പ്രശ്‌നത്തിന്റെ ആഴം മനസ്സിലാകാത്തതുകൊണ്ടാവാം നമ്മുടെ മനസ്സ് അസ്വസ്ഥപ്പെടാത്തത്. ഓരോ ദിവസവും എത്രയെത്ര കുട്ടികളാണ് മയക്കുമരുന്നിന്റെ കെണിയില്‍ വീണുപോകുന്നത്! ലഹരിക്ക് ചികിത്സ തേടി ഡോക്ടര്‍മാരെ സമീപിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇത് വ്യക്തമാക്കുന്നുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളം പഞ്ചാബിനേക്കാള്‍ മോശമാകും എന്നാണ് സംസ്ഥാന എക്‌സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് പറയുന്നത്. മയക്കുമരുന്ന് മാഫിയ കേരളത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചുകഴിഞ്ഞെന്ന് അദ്ദേഹം ഉണര്‍ത്തുന്നു.

കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ എ.സി.പി എ.ജെ ബാബു ഒരു അനുഭവം പങ്കുവെക്കുകയുണ്ടായി. അദ്ദേഹം നടക്കാവ് എസ്.ഐ ആയി സേവനമനുഷ്ഠിക്കുന്ന സമയം. പ്രദേശത്തെ ഒരു പ്രമുഖന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചു. അവന്‍ അതില്‍ പെട്ടുപോകുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അവനെ വിളിച്ച് വിശദമായി സംസാരിച്ചപ്പോള്‍ പുറത്തുവന്നത് അതിനേക്കാള്‍ ഗുരുതരമായ കാര്യങ്ങള്‍. അഥവാ അവന്റെ ടീമിലെ എല്ലാവരും മരുന്ന് ഉപയോഗിക്കുന്നുണ്ട്. രക്ഷിതാക്കളെ രഹസ്യമായി വിവരം അറിയിച്ചു. ഒരു രക്ഷിതാവും അംഗീകരി…രക്ഷിതാക്കളെ രഹസ്യമായി വിവരം അറിയിച്ചു. ഒരു രക്ഷിതാവും അംഗീകരിക്കാന്‍ തയാറായില്ല. തന്റെ മകന്‍ സ്വപ്‌നത്തില്‍ പോലും അങ്ങനെ ചെയ്യില്ല എന്ന് ഓരോ രക്ഷിതാവും തറപ്പിച്ചു പറഞ്ഞു. എ.സി.പി രക്ഷിതാക്കള്‍ക്ക് ഒരു നിര്‍ദേശം നല്‍കി. കുടുംബ സമേതം ദൂരസ്ഥലത്തേക്ക് നാല് ദിവസത്തെ വിനോദയാത്ര പോകണം. യാത്രാ വിവരം മക്കളെ മുന്‍കൂട്ടി അറിയിക്കരുത്. ഒരു ദിവസം പുലര്‍ച്ചെ മക്കളെ വിളിച്ചുണര്‍ത്തി യാത്രാവിവരം പറയുകയും പുറപ്പെടുകയും വേണം. യാത്രക്കു വേണ്ടി ഒരുങ്ങാനും ആസൂത്രണങ്ങള്‍ ചെയ്യാനുമുള്ള സമയം കുട്ടികള്‍ക്ക് നല്‍കരുത് എന്ന് അര്‍ഥം. അങ്ങനെ അവര്‍ വിനോദയാത്ര പോയി. നാലുദിവസം തീരുമാനിച്ചവരില്‍ ഭൂരിഭാഗവും അടുത്ത പകലില്‍തന്നെ നാട്ടിലേക്ക് തിരിച്ചു. തങ്ങളുടെ മക്കള്‍ ലഹരിക്കെണിയില്‍ കുടുങ്ങിയതായി എ.സി.പിയോട് രക്ഷിതാക്കള്‍ സമ്മതിച്ചു. കാരണം, യാത്ര ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും സാധനം കിട്ടാതെ മക്കള്‍ അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങി. പിന്നെ വിറയലായി, വൈലന്റായി. അപ്പോള്‍ മാത്രമാണ് രക്ഷിതാക്കള്‍ക്ക് കാര്യം ബോധ്യപ്പെട്ടത്.

കെണിയില്‍ വീഴുന്നത് എങ്ങനെ?

നമ്മുടെ നാട്ടില്‍ മയക്കുമരുന്ന് മാഫിയ തടിച്ചുകൊഴുക്കുന്നത് പ്രധാനമായും വിദ്യാര്‍ഥികളിലൂടെയാണ്. ഒരു സ്‌കൂളില്‍നിന്നും ഒരു വിദ്യാര്‍ഥിയെ വലയില്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ അവരുടെ പദ്ധതി വിജയിച്ചു. പിന്നെ അവനിലൂടെ വളരെ പതുക്കെയാണെങ്കിലും അത് വ്യാപിച്ചുകൊള്ളും. വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക് പകരുന്ന മാരകരോഗമാണ് മയക്കുമരുന്ന് ഉപയോഗം. സ്‌കൂള്‍ കുട്ടികളെ കെണിയില്‍ പെടുത്താന്‍ പല മാര്‍ഗങ്ങള്‍ മാഫിയ പരീക്ഷിക്കുന്നു. ലഹരിമിഠായി സൗജന്യമായി നല്‍കലാണ് അതിലൊന്ന്. കൂട്ടുകാര്‍ നല്‍കുന്ന മിഠായി നിഷ്‌കളങ്കരായ കുട്ടികള്‍ വാങ്ങിച്ചു കഴിക്കുന്നു. ഒരാഴ്ച തുടര്‍ച്ചയായി കഴിക്കുന്നതോടെ കഴിക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് അവന്‍ എത്തിപ്പെടുന്നു. ശേഷം മിഠായി അവന്റെ ആവശ്യമായി മാറുന്നു, അല്ല അനിവാര്യത. എന്നാല്‍ പണം കൊടുക്കാതെ പിന്നീട് ലഭിക്കുകയുമില്ല. പണമുണ്ടാക്കാന്‍ പല വഴികളും ആലോചിക്കുന്നു. ചിലപ്പോള്‍ വീട്ടില്‍നിന്ന് മോഷ്ടിക്കും, അല്ലെങ്കില്‍ എവിടെ നിന്നെങ്കിലും ഒപ്പിച്ചെടുക്കും. പതുക്കെ മിഠായിയില്‍നിന്ന് വീര്യം കൂടിയ ലഹരിയിലേക്ക്. ലഹരി വാങ്ങാന്‍ കാശില്ലാതെ പ്രയാസപ്പെടുമ്പോള്‍ അവന് മുമ്പില്‍ മറ്റൊരു ഓഫര്‍ വരുന്നു. പത്ത് പാക്കറ്റ് വിറ്റുകൊടുത്താല്‍ രണ്ട് പാക്കറ്റ് അവന് ലഭിക്കും. അതില്‍ അവന്‍ വീഴുന്നു. അങ്ങനെ മയക്കുമരുന്നിന്റെ വാഹകനും വില്‍പനക്കാരനുമാകുന്നു. വൈകാതെ ഏജന്റായി 'വളരുന്നു.'

കൂട്ടുകാര്‍ മുഖേന അറിയാതെ അകപ്പെടുന്ന രീതിയാണിത്. കൂട്ടുകാരുടെ പ്രേരണയാല്‍ അറിഞ്ഞുകൊണ്ടുതന്നെ ചെന്നു ചാടുന്നതാണ് മറ്റൊരു രീതി. ഉന്മാദം ലഭിക്കാന്‍ കണ്ടെത്തുന്ന പുതിയ മാര്‍ഗം ഒരാള്‍ കൂട്ടുകാരോട് പങ്കുവെക്കുന്നു. പെട്രോള്‍, ഫെവികോള്‍, വൈറ്റ്‌നര്‍, നെയില്‍ പോളിഷ്, ഷൂ പോളിഷ്, ഷൂ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ, വേദനാ സംഹാരി ഗുളികകള്‍ തുടങ്ങിയവ ഉന്മാദം കണ്ടെത്താന്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് എ.സി.പി എ.ജെ ബാബു പറയുന്നു. കാല്‍പാദത്തില്‍ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി, അതില്‍ ഹാന്‍സ് വെച്ച ശേഷം സോക്‌സ് ധരിച്ച് ലഹരി കണ്ടെത്തുന്ന പെണ്‍കുട്ടികളുണ്ട്. മറ്റു ചിലര്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് തുറന്ന് മണക്കുന്നു. പെട്രോളില്‍ അടങ്ങിയിരിക്കുന്ന പെട്രോകെമിക്കല്‍ രാസവസ്തുവാണ് നീണ്ട നേരം ലഹരിയുണ്ടാക്കുന്നത്. നെയില്‍പോളിഷ്, വൈറ്റ്‌നര്‍, ഫെവികോള്‍ തുടങ്ങിയവ തുണിയില്‍ പുരട്ടി മണക്കുന്നതാണ് മറ്റൊരു രീതി. ഫെവികോളിലെ ടോള്‍വിന്‍ എന്ന വസ്തുവാണ് ലഹരിയുണ്ടാക്കുന്ന ഘടകം. ഇത്തരം ലഹരിയനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ കേള്‍ക്കുന്ന കൂട്ടുകാരില്‍ അത് പരീക്ഷിക്കാനുള്ള ആകാംക്ഷയു…കൂട്ടുകാരില്‍ അത് പരീക്ഷിക്കാനുള്ള ആകാംക്ഷയുണ്ടാകുന്നു. അവര്‍ അത് അനുകരിക്കുന്നു. ക്രമേണ വീര്യം കൂടിയ മയക്കുമരുന്നുകളിലേക്ക് കടക്കുന്നു. വിലകൂടിയ മയക്കുമരുന്ന് വാങ്ങാന്‍ പണമില്ലാത്തവരും മുട്ടുന്നത് ഈ വാതില്‍ തന്നെ.

എല്ലാ മേഖലയും പോലെ മയക്കുമരുന്ന് രംഗത്തും നൂതന മാര്‍ഗങ്ങള്‍ പരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഡോ. സി.പി അബൂബക്കര്‍ പറയുന്നു. പുതിയ രൂപങ്ങളില്‍ ലഹരി വസ്തുക്കള്‍ വിപണിയിലെത്തുന്നു. എല്‍.എസ്.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലിസറിക് ആസിഡ് ഡൈതലാമൈഡ് അതിനുദാഹരണം. എല്‍.എസ്.ഡി ലഹരിവസ്തുക്കളുടെ കൂട്ടത്തില്‍ ഹീറോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. എല്‍.എസ്.ഡി സ്റ്റിക്കര്‍ നാവിലൊട്ടിച്ചുവെച്ചാല്‍ എട്ടു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഉന്മാദം. ടീച്ചേഴ്‌സ് സ്റ്റാമ്പ്, ഹോപ്മാന്‍, ട്രിപ്പ് തുടങ്ങിയവ അതിന്റെ കോഡുഭാഷ. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആരുമറിയില്ല എന്നതാണ് എല്‍.എസ്.ഡിയുടെ പ്രത്യേകത. സംശയിച്ചാല്‍ തന്നെയും മയക്കുമരുന്നാണെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാവില്ല. സ്റ്റാമ്പ് രൂപത്തിലാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. അടിഭാഗത്ത് പശ. ഈ പശയിലാണ് മയക്കുമരുന്നുള്ളത്. തിരിച്ചറിയാന്‍ കഴിയില്ല എന്നതുകൊണ്ടു തന്നെ ആള്‍ക്കൂട്ടത്തിനിടയിലായാലും ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് ഭയമില്ല. എല്‍.എസ്.ഡി ഉപയോഗിച്ച് ക്ലാസിലിരുന്നാല്‍ അധ്യാപകര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. ശരീരം മാത്രമാണ് ക്ലാസില്‍. ലഹരിയുടെ ഉന്മാദ ലോകത്ത് അഭിരമിക്കുകയാവും മനസ്സും ചിന്തയും. വിദ്യാര്‍ഥികളില്‍നിന്ന് വിദ്യാര്‍ഥികളിലേക്ക് ഇത്തരം സ്റ്റാമ്പുകള്‍ ഒഴുകുകയാണ്.

വീര്യം കൂടിയ ലഹരി വസ്തുക്കള്‍ ഗുളികയുടെ രൂപത്തിലും വരുന്നുണ്ട്. സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വെള്ളക്കുപ്പിയില്‍ ഈ ഗുളികയിട്ട് ലയിപ്പിക്കുന്ന വിദ്യാര്‍ഥികളുണ്ട്. ക്ലാസിലിരിക്കെ ഇടക്കിടെ അവര്‍ കുപ്പിതുറന്ന് വെള്ളം കുടിക്കുന്നു. ആര് സംശയിക്കാന്‍? ചോക്ലേറ്റ് രൂപത്തിലുള്ള മയക്കുമരുന്നുകളും ഇന്ന് സജീവമാണ്. സ്‌ട്രോബെറി കിക്ക് എന്നാണ് അതിലൊന്നിന്റെ പേര്. സിഗററ്റില്‍ കഞ്ചാവ് നിറച്ചുള്ള വില്‍പനയാണ് മറ്റൊന്ന്.

എല്‍.എസ്.ഡി, ലഹരി ഗുളികകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് ആണത്തത്തിന്റെ അടയാളമായി കൊണ്ടുനടക്കുന്ന ചെറുപ്പക്കാരുമുണ്ട്. കൂടുതല്‍ ഉപയോഗിച്ച് ഉന്മാദത്തിന്റെ ലോകത്ത് പാറി നടക്കുന്നവന് ഗ്രൂപ്പില്‍ ഹീറോ പരിവേഷം ലഭിക്കുന്നു. പുതിയ ലഹരി വസ്തുവിന്റെ അനുഭൂതിയെയും അനുഭവിച്ച കിക്കിനെയും  കുറിച്ചും പരീക്ഷിച്ച പുതിയ സ്റ്റഫിനെ കുറിച്ചും അഭിമാനത്തോടെ കൂട്ടുകാരോട് പറയുന്നു. ഒരാള്‍ ഇത്തരം കൂട്ടുകെട്ടില്‍ പെട്ടുപോയാല്‍ ചെയ്യുന്നതെല്ലാം ഹീറോയിസമായിട്ടാണ് തോന്നുക. അത് ചെയ്യാതിരുന്നാല്‍ മോശക്കാരനും ദുര്‍ബലനുമായിപ്പോകും എന്ന ചിന്ത അവനില്‍ ഉടലെടുക്കുന്നു.

പ്രഫഷനല്‍ സ്വഭാവത്തില്‍ തന്നെയാണ് മയക്കുമരുന്ന് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഓരോ ഇനത്തിനും ഓരോ കോഡ് ഭാഷ. ഒരേ വ്യക്തികളെ വിതരണത്തിന് ഉപയോഗിക്കുന്ന രീതി പണ്ട്. ഇപ്പോള്‍, ദിവസക്കൂലിക്ക് ആളുകളെ മാറിമാറി ഉപയോഗിക്കുന്ന തന്ത്രം. പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുമ്പോഴാണ് അവര്‍ ഇടനിലക്കാര്‍ മാത്രമാണ് എന്നറിയുക. ഇടനിലക്കാര്‍ക്ക് ശൃംഖലയിലെ പ്രധാനികളുമായി ഒരു ബന്ധവും ഉണ്ടാകില്ല. അന്വേഷണം അതോടെ നിലച്ചുപോകും. തങ്ങളിലേക്കുള്ള എല്ലാ വാതിലുകളും മാഫിയ തന്ത്രപൂര്‍വം കൊട്ടിയടക്കുന്നു. ഓരോ സ്‌കൂളിലും ഏജന്റായി ഒരു വിദ്യാര്‍ഥിയെങ്കിലും ഉണ്ടാകും. അല്‍പം റിസ്‌കെടുത്താല്‍ കൈ നിറയെ കാശ്; ഈ പ്രലോഭനത്തില്‍ വളരെ വേഗം കുട്ടികള്‍ വീണുപോകുന്നു.

മറ്റു ചിലപ്പോള്‍ ഭീഷണിയുടെ സ്വരം. ഒരിക്കല്‍ കുടുങ്ങിപ്പോയവരെ നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു. കണ്ണി വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു. വാട്‌സ്ആപ് ഗ്രൂപ് വഴിയും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ആവശ്യക്കാര്‍ക്ക് ലഭ്യത ഉറപ്പുവരുത്തുന്നു. ഒരു ഫോണ്‍കോള്‍ മതി ഹോസ്റ്റലില്‍ സാധനം എത്താന്‍. ഗേള്‍സ് ഹോസ്റ്റലിന്റെ പടികടന്ന് മയക്കുമരുന്നുകള്‍ കയറിവരുന്നത് ഒറ്റപ്പെട്ട സംഭവമല്ല ഇന്…

ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥി തന്റെ ക്ലാസിലെ അനുഭവം പങ്കുവെക്കുന്നത് ഇങ്ങനെ: കുട്ടികളില്‍ ചിലര്‍ പീരിയഡുകള്‍ക്കിടയില്‍ ഹോസ്റ്റലിലേക്ക് ഓടിച്ചെല്ലുന്നു. മരുന്നടിച്ച് തിരിച്ചുവരുന്നു. മരുന്നടിച്ചാല്‍ രണ്ടും മൂന്നും അസൈന്‍മെന്റ് വര്‍ക്കുകള്‍ ഒറ്റയിരുപ്പിന് എഴുതിത്തീര്‍ക്കാന്‍ സാധിക്കും. മയക്കുമരുന്നിന്റെ ഒരു പ്രത്യേകത അതാണത്രെ. ഒന്നില്‍ വ്യാപൃതനായാല്‍ അത് പൂര്‍ത്തിയാക്കിയേ എഴുന്നേല്‍ക്കൂ.

മനോരോഗം മുതല്‍ മരണം വരെ

മാസങ്ങള്‍ക്കു മുമ്പ്, കോഴിക്കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ ഒരു കോളേജ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയുണ്ടായി. മരണത്തിന് കാരണം ന്യൂജന്‍ ലഹരി മരുന്നാണെന്ന് തെളിഞ്ഞു. മരിച്ച വിദ്യാര്‍ഥിയുടെ മുറിയില്‍നിന്നും കണ്ടെടുത്ത മയക്കുമരുന്ന് ഗുളികകള്‍ നാട്ടില്‍ വ്യാപകമാണ്. ദുരൂഹ സാഹചര്യത്തില്‍ പല കുട്ടികളും മരണപ്പെടുന്നുണ്ട്. അതില്‍ പലതും മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം മൂലമാണ്. മാനഹാനി ഭയന്ന് രക്ഷിതാക്കള്‍ തുറന്നു പറയുന്നില്ല എന്നുമാത്രം. സ്വാഭാവിക മരണമാണെന്നു പറഞ്ഞ് പോസ്റ്റുമോര്‍ട്ടത്തിന് അയക്കാതിരിക്കലാണ് പതിവ്.

മയക്കുമരുന്ന് ഉപയോഗം കാരണമായി മനോരോഗം മുതല്‍ മരണം വരെ സംഭവിക്കാം. തലച്ചോറിന്റെ നാഡിയെ തളര്‍ത്തുകയോ ഉത്തേജിപ്പിക്കുകയോ ആണ് മയക്കുമരുന്ന് ചെയ്യുന്നത്. ഇത് കടുത്ത മാനസിക സംഘര്‍ഷം, വിഷാദ രോഗം, മനോവിഭ്രാന്തി, ലൈംഗിക ബലഹീനത, അപസ്മാരം, അകാരണമായ സന്തോഷവും ദുഃഖവും, നിരാശ, ആത്മധൈര്യം ചോര്‍ന്നു പോവല്‍ തുടങ്ങിയവയിലേക്ക് നയിക്കുന്നു. ജീവിതം തകര്‍ന്നുപോകുമെന്ന് ചുരുക്കം.

മയക്കുമരുന്നിന്റെ അടിമയാകുന്നതോടുകൂടി മനുഷ്യത്വം മരവിക്കുന്നു. മൂല്യങ്ങളും ധാര്‍മികതയും മനസ്സില്‍നിന്ന് കുടിയിറങ്ങാന്‍ തുടങ്ങുന്നു. അതുവഴി സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് കൂപ്പുകുത്തുന്നു. എന്ത് കുറ്റകൃത്യം ചെയ്യാനും അറപ്പ് തോന്നില്ല. സ്വവര്‍ഗരതി, ചെറിയ കുട്ടികളോടുള്ള ലൈംഗിക ആഭിമുഖ്യം തുടങ്ങിയവ സജീവമാകുന്നു. ചെറിയ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്ന സംഭവങ്ങള്‍ ഇന്ന് ധാരാളമാണല്ലോ. അതില്‍ മയക്കുമരുന്നിന്റെ പങ്ക് നിഷേധിക്കുക സാധ്യമല്ല.

സ്‌നേഹം തേടിയുള്ള യാത്ര

സ്‌നേഹവും വാത്സല്യവും പരിഗണനയും സുഖവും ആഗ്രഹിക്കുന്ന ഘട്ടമാണ് കൗമാരം. പലവിധ വൈകാരിക സംഘര്‍ഷങ്ങള്‍ മനസ്സില്‍ കയറിയിറങ്ങുന്നതും ഈ ഘട്ടത്തില്‍ തന്നെ. മക്കള്‍ക്ക് വേണ്ട ഭൗതിക സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കുന്ന രക്ഷിതാക്കള്‍ അവരുടെ  മനോവ്യാപാരങ്ങളറിയാന്‍ പലപ്പോഴും ശ്രമിക്കാറില്ല. മനസ്സ് തുറക്കാനും വിഷമങ്ങള്‍ പങ്കുവെക്കാനുമുള്ള അന്തരീക്ഷം വീട്ടിലില്ലെങ്കിലോ? സ്വാഭാവികമായും ശരിയോ തെറ്റോ ആയ കൂട്ടുകെട്ടില്‍ ശരണം തേടും. ദുഃഖങ്ങള്‍ മറന്ന് സുഖങ്ങളുടെയും ഉന്മാദത്തിന്റെയും ലോകത്ത് വിഹരിക്കാനുള്ള മാര്‍ഗം വഴിതെറ്റിയ കൂട്ടുകാര്‍ കാണിച്ചുകൊടുക്കും. മയക്കുമരുന്നിന്റെ ലോകത്തേക്ക് ഇങ്ങനെ എത്തിപ്പെടുന്നവര്‍ ധാരാളമാണ്. അഥവാ മാതാപിതാക്കളാണ് ഇവിടെ കുറ്റക്കാര്‍.

രദ്ധിക്കണം, മക്കളിലുണ്ടാകുന്ന മാറ്റങ്ങള്‍

മയക്കുമരുന്ന് ഉപയോഗം തുടങ്ങിയാല്‍ കുട്ടികളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കണ്ടുതുടങ്ങും. പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ ഡോ. സി.പി അബൂബക്കറും മറ്റു ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നുണ്ട്. പെരുമാറ്റത്തിലും സ്വഭാവത്തിലും പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങള്‍, അനിയന്ത്രിതമായ കോപം, അപ്രതീക്ഷിതമായ പൊട്ടിത്തെറി, സ്വന്തത്തിലേക്ക് ഉള്‍വലിയുക, മുറിയില്‍ ദീര്‍ഘനേരം വാതിലടച്ച് ഒറ്റക്കിരിക്കുക, കുടുംബത്തില്‍ ആര്‍ക്കും മുഖം കൊടുക്കാതെ വിട്ടുനില്‍ക്കുക, സ്‌കൂളില്‍ അറ്റന്റന്‍സ് കുറയുക, സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി മറ്റു പല ഭാഗത്തും കറങ്ങുക, ആവശ്യങ്ങള്‍ അധികമാവുക, ഇടക്കിടെ പണം ചോദിക്കുക, ഉദ്ദേശിച്ചത് കിട്ടിയില്ലെങ്കില്‍ മോഷ്ടിക്കുക, ശരീരഭാരം അമിതമായി കൂടുകയോ കുറയുകയോ ചെയ്യുക, ഉറക്കവും ഭക്ഷണവും നന്നേ കുറയുകയോ പതിവിലും കൂടുകയോ ചെയ്യുക, പുതിയ പുതിയ കൂട്ടുകെട്ടുകള്‍ തുടങ്ങുക, പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരാണെങ്കില്‍ പെട്ടെന്ന് പഠനത്തില്‍ പിന്നിലാവുക, ബാഗില്‍ ആവശ്യത്തില്‍ കൂടുതല്‍ പണം കാണപ്പെടുക, ശരീരം, വസ്ത്രം, മുറി, ബാഗ് എന്നിവയില്‍നിന്ന് പ്രത്യേക മണം വരിക, കണ്ണു ചുവക്കുക എന്നിവ ചില ലക്ഷണങ്ങളാണ്. കണ്ണിലെ ചുവപ്പ് മാറ്റാന്‍ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് ഇന്ന് വിപണിയില്‍ ലഭ്യമാണെന്നത് മറ്റൊരു കാര്യം!

മയക്കുമരുന്നിന് അടിമകളായ കുട്ടികളെ ഭീഷണികൊണ്ടോ മര്‍ദനം കൊണ്ടോ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. കുറ്റവാളിയായല്ല, രോഗിയായാണ് അവരെ കാണേണ്ടത്. ഡോക്ടറെ സമീപിക്കുകയും കൗണ്‍സലിംഗിന് വിധേയമാക്കുകയും ചെയ്യണം. പ്രായോഗികമായ ചികിത്സ നല്‍കണം. മദ്യം പോലെയല്ല, മയക്കുമരുന്നിന് അടിപ്പെട്ടാല്‍ തിരിച്ചുകൊണ്ടുവരിക ശ്രമകരമാണ്. ക്ഷമയോടെ ചികിത്സ തുടരണം. എപ്പോഴും തങ്ങള്‍ കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസം രക്ഷിതാക്കള്‍ പകര്‍ന്നു കൊടുക്കണം.

വിലങ്ങുതടികൾ

മയക്കുമരുന്ന് വ്യാപനം ചെറുക്കുന്നതിന് പല ഘടകങ്ങളും തടസ്സം നില്‍ക്കുന്നു. മക്കളുടെ മേലുള്ള രക്ഷിതാക്കളുടെ അമിത വിശ്വാസമാണ് അതിലൊന്ന്. മകന്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടു എന്ന് ആരെങ്കിലും അറിയിച്ചാല്‍ അംഗീകരിക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാകുന്നില്ല. മാത്രമല്ല, വിവരം നല്‍കിയ വ്യക്തിക്കാകും കുറ്റവും ആക്ഷേപവും. മകന്‍ മയക്കുമരുന്നിന് അടിമയായി എന്ന് ബോധ്യപ്പെട്ടാലും ചില രക്ഷിതാക്കള്‍ പരിഹാര മാര്‍ഗങ്ങള്‍ അന്വേഷിക്കാറില്ല. കുടുംബത്തിന്റെ അഭിമാന ബോധമാണ് കാരണം. അഭിമാനപ്രശ്‌നമാണോ കുട്ടിയുടെ ഭാവിയാണോ പ്രധാനം? എല്ലാവരെയും അറിയിക്കണമെന്നല്ല, എത്രയും വേഗം ചികിത്സ ലഭ്യമാകാനുള്ള വഴി തേടണം. സ്‌കൂള്‍ അധികൃതരുടെ സമീപനവും വ്യത്യസ്തമല്ല. സ്‌കൂളിലെ ചില കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് തെളിവു സഹിതം ശ്രദ്ധയില്‍പെടുത്തിയാലും അംഗീകരിക്കാന്‍ പലരും കൂട്ടാക്കില്ല. സ്‌കൂളിന്റെ ഇമേജിനെ ബാധിക്കുന്ന പ്രശ്‌നമായി അവര്‍ ഇതിനെ കാണുന്നു. വിദ്യാര്‍ഥികളെ മയക്കുമരുന്ന് കെണിയില്‍നിന്ന് സംരക്ഷിക്കുക എന്നത് അധികൃതരുടെ ധാര്‍മിക ഉത്തരവാദിത്തമാണ്. എ.സി.പി എ.ജെ ബാബു അതിനൊരു പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. സ്‌കൂള്‍ അധികൃതര്‍ നാര്‍ക്കോട്ടിക് സെല്ലില്‍ രഹസ്യമായി അറിയിക്കുക. നാര്‍ക്കോട്ടിക് സെല്‍ രഹസ്യ സ്വഭാവത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കും. അതേസമയം, സ്‌കൂളിന്റെ പേര് പ്രസിദ്ധപ്പെടുത്തി പത്രമാധ്യമങ്ങള്‍ ആഘോഷിക്കുന്നതും ഒട്ടും ആശാസ്യമല്ല.

കര്‍ശന നിയമങ്ങളുടെ അഭാവമാണ് മറ്റൊന്ന്. പിടിക്കപ്പെടുമ്പോള്‍ ഒരു കിലോയില്‍ താഴെയുള്ള കഞ്ചാവാണെങ്കില്‍ ജാമ്യം കിട്ടാന്‍ പ്രയാസമില്ല. നമ്മുടെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും സമീപനം കൂടി ഇവിടെ പറയേണ്ടതുണ്ട്. ഇവിടെ ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കാറുണ്ട്. പാര്‍ട്ടികള്‍ അതിനായി ഉപയോഗിക്കുന്ന വാടക കൊലയാളികളുടെയും ഗുണ്ടാസംഘങ്ങളുടെയും പിന്നാമ്പുറം പരിശോധിച്ചു നോക്കൂ. അവരില്‍ പലരും മയക്കുമരുന്നിന്റെ അടിമകളായിരിക്കും. അപ്പോള്‍ ഇത്തരക്കാര്‍ പാര്‍ട്ടികളുടെ കൂടി ആവശ്യമാണെന്ന് വരുന്നു. അതുപോലെത്തന്നെ രാഷ്ട്രീയ-പോലീസ്-മയക്കുമരുന്ന് മാഫിയാ കൂട്ടുകെട്ട് പലയിടങ്ങളിലും ശക്തമാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ.

മയക്കുമരുന്ന് നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക തലങ്ങളിലുള്ള വ്യക്തികള്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാന്‍ ശ്രമിക്കും. അത് അവരെ സംബന്ധിച്ചേടത്തോളം ഒരു ഷെല്‍ട്ടറാണ്. അറസ്റ്റ് ചെയ്യപ്പെട്ടാലും ഇറക്കാന്‍ പാര്‍ട്ടിക്കാര്‍ തയാറാകും.

ഭയമാണ് മറ്റൊരു തടസ്സം. പ്രദേശത്ത് ഒരാള്‍ മയക്കുമരുന്ന് വില്‍ക്കുന്നുണ്ട് എന്നറിഞ്ഞാലും പരാതിപ്പെടാന്‍ അധികമാരും മുന്നോട്ടു വരില്ല. സുരക്ഷിതത്വം തന്നെ പ്രശ്‌നം. അത്രമേല്‍ ശക്തവും വിപുലവും അക്രമാസക്തവുമാണ് മയക്കുമരുന്ന് ശൃംഖല.

പരിഹാരം

''വീട്ടില്‍നിന്നാണ് തുടങ്ങേണ്ടത്. ഗൃഹാന്തരീക്ഷമാണ് മാറേണ്ടത്. മാതാപിതാക്കളും മക്കളും തമ്മില്‍ സൗഹാര്‍ദമുണ്ടാക്കുക എന്നതു തന്നെയാണ് ലഹരിയുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള ഏറ്റവും പ്രധാന പോംവഴി.'' തൃശൂര്‍ കേരളവര്‍മ കോളേജിലെ ഡോ. ജോണ്‍സണ്‍ മാഷ് അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്. തൃശൂര്‍ പൂമല ഡാമിനടുത്തുള്ള 'പുനര്‍ജനി' ഡി-അഡിക്ഷന്‍ സെന്റര്‍ മാഷിന്റെ നേതൃത്വത്തില്‍ വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്.

കുട്ടികള്‍ക്ക് സ്‌നേഹവും വാത്സല്യവും പരിഗണനയും വേണ്ടുവോളം നല്‍കണം. എന്തും എപ്പോഴും പരസ്പരം തുറന്നുപറയാന്‍ കഴിയുന്ന വിധം സുഹൃത്തുക്കളായി മാറണം രക്ഷിതാക്കളും മക്കളും. ''എന്റെ മകന് 26 വയസ്സായി. ഇപ്പോഴും അവന്‍ എല്ലാ ദിവസവും എനിക്ക് ഫോണ്‍ ചെയ്യും. ഇവിടത്തെ കാര്യങ്ങള്‍ ഞാനും അവിടത്തെ കാര്യങ്ങള്‍ അവനും പങ്കുവെക്കും.'' മാഷ് തന്റെ അനുഭവം കൂട്ടിച്ചേര്‍ക്കുന്നു. സെക്‌സിനെ കുറിച്ചും ലഹരിയെക്കുറിച്ചും പത്തു വയസ്സു മുതല്‍ തന്നെ മക്കളെ ബോധവല്‍ക്കരിക്കണം. ഇവ രണ്ടുമായി ബന്ധപ്പെട്ട ഏത് വൈകാരിക സംഘര്‍ഷവും തുറന്നുപറയാന്‍ മക്കള്‍ക്ക് അവസരം നല്‍കണം.

എല്ലാ തലങ്ങളിലും ഫലപ്രദമായ ബോധവത്കരണം നിരന്തരം നടക്കണം. വിദ്യാലയങ്ങളിലും പരിസരങ്ങളിലും പി.ടി.എ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. വിദ്യാര്‍ഥി-യുവജന കൂട്ടായ്മകള്‍, മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, മഹല്ല് സംവിധാനങ്ങള്‍ തുടങ്ങിയവരുടെ പ്രധാന അജണ്ടകളില്‍ ഒന്നായി മയക്കുമരുന്നിനെതിരായ പോരാട്ടം മാറാത്തിടത്തോളം നമ്മുടെ ഭാവിതലമുറ അപകട മുനമ്പിലാണ്.

xxxxxxxxxxxxxx 🙏

No comments:

Post a Comment