ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, August 26, 2018

കുട്ടനാട് 28,29,30 തീയതികളില്‍ പുനരധിവാസ ദൗത്യത്തിന് വോളന്റീയര്‍മാര്‍ക്ക് രജിസ്ടര്‍ ചെയ്യാനുള്ള പോര്‍ട്ടല്‍

Dr.T.M THOMAS ISAAC .
കേരളം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ പുനരധിവാസ ദൗത്യത്തിന് 28,29,30 തീയതികളില്‍ കുട്ടനാട് സാക്ഷ്യം വഹിക്കുവാന്‍ പോകുകയാണ്. പ്രളയത്തില്‍ വീടുപേക്ഷിച്ച് റിലീഫ് ക്യാമ്പുകളില്‍ അഭയം തേടിയ ഒന്നരലക്ഷം ആളുകളെ കുട്ടാനാട്ടിലെക്ക് തിരികെ മാറ്റി പാര്‍പ്പിക്കാന്‍ ഉള്ള യജ്ഞം. അവരെ പുനരധിവസിപ്പിക്കുന്നതിന് മുന്‍പ് അവിടെ ചെയ്യേണ്ടുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. ചെളി നീക്കം ചെയ്യണം. പരിസരശുചീകരണം ഉറപ്പു വരുത്തണം. കുടിവെള്ളം ഉറപ്പു വരുത്തണം. ഇവയൊക്കെ ചെയ്യുന്നതിന് അന്‍പതിനായിരം ആളുകള്‍ എങ്കിലും പങ്കെടുക്കുന്ന അതിവിപുലമായ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ ദിവസങ്ങളില്‍ നടക്കുക . നിങ്ങള്‍ക്കതില്‍ പങ്കാളിയാവാന്‍ താല്‍പ്പര്യമുണ്ടോ?
വോളന്റീയര്‍മാര്‍ക്ക് രജിസ്ടര്‍ ചെയ്യാനുള്ള പോര്‍ട്ടല്‍ താഴെ കൊടുത്തിരിക്കുന്നു

http://volunteer.canalpy.com
കുട്ടനാടിനെ തിരിച്ചു പിടിക്കാനുള്ള യജ്ഞത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്ടര്‍ ചെയ്യാം. രജിസ്ടര്‍ ചെയ്യുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുക. കല്ലാശാരി, മരയാശാരി, ഇലെക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ സ്കില്ലുകള്‍ ഉള്ളവര്‍ അത് കൃത്യമായി ഉള്‍പ്പെടുത്തുക. പതിമ്മൂന്നു പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലെ ഓരോ ഗ്രൂപ്പുകളിലും സ്കില്‍ ഉള്ള ഒരാളെയെങ്കിലും വിന്യസിക്കാന്‍ അത് സഹായിക്കും.

ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ആദ്യം വേണ്ട നടപടി പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുക എന്നതാണ്. മടകള്‍ കുത്തണം. പമ്പുകള്‍ വെച്ച് വെള്ളം പമ്പുചെയ്ത് കളയണം . പക്ഷെ എന്ത് ചെയ്യാം, പെട്ടിയും പറയും മോട്ടറും എല്ലാം വെള്ളത്തിലാണ്. ആ മോട്ടോറുകള്‍ നന്നാക്കി റീവൈന്‍ഡ് ചെയ്തെടുക്കാന്‍ സമയമെടുക്കും . അതിനു കാത്തു നില്‍ക്കാനാവില്ല. അത് കൊണ്ട് വലിയ തോതില്‍ പമ്പുകള്‍ വാടകയ്ക്ക് എടുത്ത് വെള്ളം വറ്റിക്കല്‍ തുടങ്ങുകയാണ് . കിര്‍ലോസ്കര്‍ കമ്പനി തായ്ലാന്‍ഡ് ഗുഹയിലെ വെള്ളം വറ്റിക്കാന്‍ ഉപയോഗിച്ച തരത്തിലുള്ള മൂന്ന് വമ്പന്‍ പമ്പുകള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. മണിക്കൂറില്‍ മുപ്പത് ലക്ഷം ലിറ്റര്‍ ആണ് ഇവയുടെ ഡിസ്ചാര്‍ജ് കപ്പാസിറ്റി. അതുപയോഗിച്ച് എ സി റോഡിന്‍റെ ചുറ്റുപാടുമുള്ള പാടശേഖരങ്ങളെ വെള്ളം വറ്റിച്ച് റോഡ്‌ അടിയന്തിരമായി ഗതാഗതയോഗ്യമാക്കല്‍ ആണ് നാളെ തുടങ്ങാന്‍ പോകുന്ന പ്രവര്‍ത്തനം. പാടശേഖര സമിതികളുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുടെ പരാതികള്‍ തീര്‍ത്ത് എത്രയും വേഗം വെള്ളം വറ്റിക്കാന്‍ ആരംഭിക്കും. പരമാവധി പാടശേഖരങ്ങളിലെ വെള്ളം 28 ആവുമ്പോഴേക്കും വലിയണം എന്നാണു ലക്ഷ്യമിടുന്നത്.

27 ന് വോളന്ടീയര്‍മാര്‍ എല്ലാവരും എത്തിച്ചേരണം. വോളന്ടീയര്‍മാര്‍ക്കുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറ്റൊരു പോസ്റ്റില്‍ വിശദമായി അറിയിക്കാം. രജിസ്ടര്‍ ചെയ്യന്നവരുടെ വാട്ട്സാപ്പ് നമ്പരിലും നിര്‍ദ്ദേശങ്ങള്‍ അതാത് സമയത്ത് എത്തിക്കും.

28 ന് കാലത്താണ് അവരെ അവര്‍ക്ക് നിയോഗിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പോകുക.അമ്പതിനായിരം വോളന്ടീയര്‍മാരില്‍ മുപ്പത്തിയയ്യായിരം പേരെങ്കിലും ക്യാമ്പുകളില്‍ താമസിക്കുന്ന കുട്ടനട്ടുകാരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ആവും.കുട്ടനാടിന്‍റെ സമീപപ്രദേശങ്ങളില്‍ നിന്ന് പതിനായിരം പേരെങ്കിലും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യായിരം പേര്‍ ജില്ലയ്ക്കു പുറത്തുനിന്നും . ഇവരെയെല്ലാവരെയും കൃത്യമായി അവര്‍ പ്രവൃത്തിയെടുക്കേണ്ട പ്രദേശങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവന്‍ ബാര്‍ജുകള്‍ , കേവുവള്ളങ്ങള്‍ ,ബോട്ടുകള്‍ തുടങ്ങിയവയൊക്കെ സജ്ജമാക്കുന്നതിനായി സര്‍ക്കാര്‍ മൂന്നു ദിവസത്തേക്ക് ഏറ്റെടുക്കുകയാണ്. ഏതാണ്ട് അഞ്ഞൂറോളം വള്ളങ്ങളും ഈ ഓപറേഷനില്‍ പങ്കെടുക്കും.ഏതാണ്ട് ആയിരത്തോളം ഹൌസ്‌ബോട്ടുകളും ഉണ്ടാവും . ഹൗസ് ബോട്ടുകള്‍ ആളുകളെ ക്യാമ്പില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ രാത്രി കിടപ്പറയായിട്ട് ഉപയോഗിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ എല്ലാം…ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ എല്ലാം ഇത്തരത്തില്‍ ഹൌസ്‌ബോട്ടുകളില്‍ ആണ് താമസിപ്പിക്കുക. അല്ലാത്തവര്‍ക്ക് അതാത് പ്രദേശത്തെ പഞ്ചായത്തുകളിലെ കമ്മ്യുനിറ്റി ഹാളുകളും മറ്റും ആദ്യമേ തന്നെ വൃത്തിയാക്കി ഇവര്‍ക്ക് താമസം ഒരുക്കും

28 ന് കാലത്ത് ആദ്യം ചെയ്യുക പാമ്പ് പിടുത്തക്കാരുടെ സംഘം പ്രദേശം സന്ദര്‍ശിച്ച് പാമ്പുകളുടെ ഭീഷണി ഒഴിവാക്കുക എന്നതാണ്. ഒരുപക്ഷെ അവര്‍ അതിന്‍റെ തലേന്ന് മുതല്‍ തന്നെ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കും. ഓരോ വാര്‍ഡിലും ഇലെക്ട്രീഷ്യന്‍ , പ്ലംബര്‍ , മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍ സിവില്‍ ജോലികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഒരു എന്‍ജിനീയര്‍ എന്നിവരുണ്ടാകും. ഇതിനു പുറമേ ഓരോ വാര്‍ഡിലും മൂന്നു പേരടങ്ങുന്ന ഒരു ഐ ടി ഗ്രൂപ്പും ഉണ്ടാകും . ആദ്യം ചെയ്യുക , ഇവര്‍ വീടിന്റെ വാസയോഗ്യത നിര്‍ണ്ണയിക്കുകയും അതിന്‍റെ കണക്കുകള്‍ ജില്ല കേന്ദ്രങ്ങളിലേക്ക് അയക്കുകയും ആണ്. അതിനുശേഷമാണ് വീട് വൃത്തിയാക്കല്‍ ആരംഭിക്കുക. വീട്ടിലെയും പരിസരപ്രദേശത്തെയും ചെളി നീക്കം ചെയ്ത് ആ വാര്‍ഡില്‍ തന്നെ ഒരു കേന്ദ്രം കണ്ടെത്തി കുന്നു കൂട്ടൂകയാണ് ചെയ്യാന്‍ പോകുന്നത്. ആറ്റിലേക്ക് ചെളി വീണ്ടും വലിച്ചെറിയുന്നതിനു കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വീടുകള്‍ കഴുകുന്നതിന്‌ കഴിയുനന്നത്ര ഹൈപ്രെഷര്‍ പമ്പുകള്‍ ഉപയോഗപ്പെടുത്തും . കഴുകി കഴിഞ്ഞാല്‍ വീട് ഫിനോയില്‍ ഇട്ടു വീണ്ടും കഴുകണം. വീടിനു ചുറ്റും നീറ്റുകക്ക അല്ലെങ്കില്‍ കുമ്മായം വിതറണം. ബ്ലീച്ചിംഗ് പൌഡറും ഉപയോഗിക്കാം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ വീട് വാസയോഗ്യമായി എന്നാണ് കരുതുക.

ഇതിനെ തുടര്‍ന്ന് മുപ്പതാം തീയതി ക്യാമ്പുകളില്‍ നിന്ന് കുട്ടികളെയും പ്രായം ചെന്നവരെയും എല്ലാം തിരകെ വീടുകളിലേക്ക് മാറ്റുക. അതോടുകൂടി നശിച്ചു പോയ വീടുകള്‍ ഒഴികെ എല്ലായിടവും ആളുകള്‍ പാര്‍പ്പാകും. നശിച്ചു പോയാ വീട്ടുകാര്‍ക്ക് കുട്ടനാട്ടില്‍ തന്നെ ക്യാമ്പ് ഒരുക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.

താമസം ആവുന്നതോടെ തന്നെ കുടിവെള്ളത്തിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് . മണിക്കൂറില്‍ പതിനയ്യായിരം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കുന്ന ഒരു പമ്പ് എങ്കിലും എത്തിച്ചേരും. തല്‍ക്കാലം കുടിവെള്ളം പുറത്ത് നിന്ന് കൊണ്ടുവരും. ഏതാനും ശുദ്ധീകരണ പ്ലാന്റുകള്‍ കൂടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെങ്കിലും അവയെത്താന്‍ താമസിക്കും. എല്ലാ വീടുകളുടെ മുന്നിലും മഴവെള്ളം ശേഖരിക്കുന്നതിന് വേണ്ടി ഉള്ള സംവിധാനം ഒരുക്കും.നാല് കുറ്റികളില്‍ ഒരു തോര്‍ത്ത് മുണ്ട് കെട്ടി കല്ലിട്ടു അതിനു താഴെ ഒരു ബക്കറ്റ് വച്ച് വെള്ളം ശേഖരിക്കുന്ന രീതി ആയിരിക്കും ഇത് . കുളിക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്തത് ആയിരിക്കണം.

ഒറ്റദിവസം കൊണ്ട് കുട്ടനാട്ടിലെ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്യും .പുതിയ കുപ്പികള്‍ പ്രത്യേകം ശേഖരിക്കും. പഴയ കുപ്പികള്‍ എല്ലാം സംഭരിച്ച് കഴുകി സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.പ്ലാസ്ടിക്ക് കായലില്‍ ഉള്ളവയുള്‍പ്പടെ ശേഖരിച്ച് നീക്കം ചെയ്യണം.

തിരികെ വരുന്ന കുട്ടനാട്ടുകാരുടെ ആരോഗ്യപ്രശ്നങ്ങള്‍ മോണിട്ടര്‍ ചെയ്യാന്‍ ഒരു ആപ്പ് വോളന്ടീയര്‍മാര്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. അതും ഇക്കൂട്ടത്തില്‍ തന്നെ ചെയ്യും

No comments:

Post a Comment