വെള്ളപേപ്പറിൽ ഒരു അപേക്ഷയെഴുതി നിങ്ങളുടെ വില്ലേജ് ഓഫീസിൽ സമർപ്പിക്കുക.
അപേക്ഷയോടൊപ്പം റേഷൻ കാർഡ് കരം അടച്ച രസീത് ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് വയ്ക്കുന്നത് അഭികാമ്യമാണ്.
മഹാപ്രളയത്തിൽ രേഖകൾ നഷ്ടമായിപ്പോയെങ്കിൽ അക്കാര്യം അപേക്ഷയിൽ തന്നെ എഴുതിയാൽ മതി.
രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും ആനുകൂല്യം നഷ്ടമാകില്ല.
വില്ലേജ് ഓഫിസിൽ ലഭിക്കുന്ന അപേക്ഷകൾ വീട് പരിശോധിച്ച് നഷ്ടം തിട്ടപ്പെടുത്തുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചു നല്കുന്നു.
ഇത്രയും നടപടികൾ പൂർത്തിയാകുവാൻ കേവലം അരമണിക്കൂർ മാത്രം മതി.
പഞ്ചായത്ത് ഓഫീസിലെ അസി.എഞ്ചിനീയർ/ ഓവർസീയർ വീടിനുണ്ടായ നാശനഷ്ടം കണക്കാക്കി വില്ലേജ് ഓഫീസുകളിലേക്ക് റിപ്പോർട്ട് നല്കുന്നു.
വില്ലേജ് ഓഫീസർ ധനസഹായം ശുപാർശ ചെയ്ത് തഹസിൽദാർക്ക് അയക്കുന്നു.
തഹസിൽദാർ തുക അനുവദിച്ച് അപേക്ഷാ കക്ഷിയുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നു.
വളരെ സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ധനസഹായം അനുവദിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നത്.
അർഹമായ ഒരാൾക്ക് പോലും ആനുകൂല്യം നിഷേധിക്കപ്പെടുകയില്ല.
ഓരോ അപേക്ഷയും കൃത്യമായ സ്ക്രൂട്ടണിക്കും പരിശോധനയ്ക്കും വിധേയമാക്കപ്പെടുന്നു.
ആകെയുള്ള ഒരേയൊരു പ്രശ്നം അനർഹരായ അപേക്ഷകളുടെ തള്ളിക്കയറ്റമാണ്.
നിരസിക്കുന്ന കേസുകളിലും ഫീൽഡ് പരിശോധന നടത്തേണ്ടിവരുമെന്നതിനാൽ കൂടുതൽ സമയനഷ്ടവും ജോലിഭാരവും കാലതാമസവും ഉണ്ടാകുന്നു.
വീടിന് യാതൊരുവിധ കേടുപാടും സംഭവിച്ചിട്ടില്ലാത്തവർ അപേക്ഷ നൽകുന്നത് നിരുത്സാഹപ്പെടുത്തുവാൻ പഞ്ചായത്ത് മെമ്പർമാരും പൊതുപ്രവർത്തകരും ഒന്ന് ശ്രദ്ധിച്ചാൽ അർഹരായവർക്ക് വളരെ പെട്ടെന്ന് തന്നെ സഹായം എത്തിച്ചു കൊടുക്കുവാൻ കഴിയും.
വീടിന്റെ മതിൽ തകർന്നതിന് ധനസഹായം നൽകുവാൻ നിലവിൽ പ്രൊവിഷനില്ല. കൂടാതെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടമുണ്ടായതിന് റവന്യൂ വകുപ്പ് മുഖേന സാമ്പത്തിക സഹായമില്ല.
കൃഷി നാശം സംഭവിച്ചതിന് ബന്ധപ്പെട്ട കൃഷി ഓഫീസർക്കും കന്നുകാലികൾ നഷ്ടമായതിന് മൃഗാശുപത്രിയിലും അപേക്ഷ നൽകേണ്ടതാണ്.
മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചതിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യം നമ്മുടെ അവകാശമാണ്. അത് ലഭിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനും കൈക്കൂലി നൽകാൻ പാടില്ല.
കൈമടക്ക് നൽകിയില്ലെങ്കിൽ അർഹതപ്പെട്ട ധനസഹായം ലഭിക്കില്ലെന്ന തെറ്റിദ്ധാരണ തിരുത്തേണ്ടിയിരിക്കുന്നു.
അർഹരായവർക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വിവരാവകാശ നിയമം എന്നൊരു വജ്രായുധം കയ്യിലുള്ളപ്പോൾ നമ്മളെന്തിന് ആശങ്കപ്പെടണം...?
No comments:
Post a Comment