ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, August 25, 2018

ലോക നിലവാരത്തിലുള്ള രക്ഷാ പ്രവർത്തനം. - രാധാകൃഷ്ണൻ പട്ടാന്നൂർ

(രാധാകൃഷ്ണൻ പട്ടാന്നൂർ)
ഞാൻ കോൺഗ്രസ്സുകാരൻ അല്ലാത്തതുപോലെ അന്ധമായ  കോൺഗ്രസ്സ് വിരോധിയും അല്ല. രാജ്യത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി ഇപ്പോഴും കോൺ ഗ്രസ്സ് തന്നെയാണ്. സംഘ പരിവാർ ഉയർത്തുന്ന ഭീഷണി നേരിടാൻ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ വേണ്ടിടത്തു ഇടത് -മതേതര പാർട്ടികൾ കോൺ ഗ്രസ്സുമായി യോജിച്ചു നീങ്ങണം എന്ന അഭിപ്രായക്കാരനുമാണ്.
എന്നാൽ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ്  സ്വീകരിച്ചുവരുന്ന സമീപനം യാതൊരു പ്രതീക്ഷക്കും വക നൽകുന്നതല്ല. ഇന്നത്തെ നിലയിൽ പോയാൽ അടുത്ത ലോക സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും ഉറപ്പുള്ള ലീഗിന്റെ ഒരു സീറ്റുപോലും കിട്ടാൻ ഇടയില്ലെന്ന് കോൺഗ്രസ്സുകാർ തന്നെ പറഞ്ഞു തുടങ്ങി.  ഏറ്റവും ഒടുവിൽ പ്രളയക്കെടുതി സംബന്ധിച്ച പ്രശ്നത്തിൽ സ്വീകരിക്കുന്ന സമീപനം ഈ നാടിനും അദ്ദേഹത്തിന്റെ പാർട്ടിക്കും എത്ര മാത്രം പ്രയോജനം ചെയ്യുന്നതാണെന്ന് അദ്ദേഹം തന്നെ  ആത്മ പരിശോധന നടത്തണം. എന്റെ അഭിവന്ദ്യ സുഹൃത്ത് കൂടിയായ അദ്ദേഹത്തോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നത്.
പ്രളയക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാർ പൊതുവിലും മുഖ്യമന്ത്രി വിശേഷിച്ചും സ്വീകരിക്കുന്ന  നടപടികളെ പിന്തുണയ്ക്കാത്തത് പോകട്ടെ, പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവും ചില നേതാക്കളും. പ്രളയം വലിയ ദുരന്തത്തിൽ കലാശിക്കാത്തതിലുള്ള നിരാശ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ശരീര ഭാഷയിൽ നിന്നും വായിച്ചെടുക്കാം . പ്രളയം സർക്കാരിന്റെ സൃഷ്ടിയാണെന്ന് പ്രഖ്യാപിക്കാനുള്ള തൊലിക്കട്ടി പോലും  അദ്ദേഹം കാണിച്ചു കളഞ്ഞു. പമ്പയിൽ വെള്ളം കയറിയത് ഒരു കൂട്ടം പെണ്ണുങ്ങൾ ശബരിമലയിൽ പോകാൻ തിടുക്കം കാണിക്കുന്നത് കൊണ്ടാണെന്ന് ഒരു തമാശ പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് പത്ര സമ്മേളനത്തിൽ പറഞ്ഞതായതിനാൽ അത്തരത്തിലുള്ള ഒരു തമാശയായി ഇതിനെ കാണാൻ കഴിയില്ല.
പ്രതിസന്ധി നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച കുറ്റമറ്റ നടപടികൾ മൂലം മുഖ്യ മന്ത്രിക്കുണ്ടായ പ്രതിച്ഛായക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള വെപ്രാളമാണ് പ്രതിപക്ഷ നേതാവ് കാണിക്കുന്നത്.
കമ്പക്കെട്ട് നടന്ന പറമ്പിൽ പൊട്ടാതെ കിടക്കുന്ന പടക്കം തിരയുന്ന കുട്ടികളുടെ മാനസിക അവസ്ഥയിലാണ് പ്രതി പക്ഷ നേതാവ്. സ്വന്തമായി പൊട്ടിക്കാൻ ഒന്ന് വേണം.
പാർട്ടി എന്ന നിലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പോലും ഒരു പങ്കും വഹിക്കാത്ത പാർട്ടിയാണ്  കോൺഗ്രസ്സ്. ഇക്കാര്യത്തിൽ തങ്ങളുടെ പങ്ക് എന്തായിരുന്നു എന്ന കാര്യത്തിൽ  അവർ  ആത്മ പരിശോധനയും  നടത്തട്ടെ . കെ. പി. സി  സി. അധ്യക്ഷനെപ്പോലും എവിടെയും കണ്ടില്ല. ഒരു തരത്തിൽ അദ്ദേഹം രംഗത്ത് വരാത്തത്   നന്നായി. ടി  വി യിൽ വേറൊരു അശ്ലീല കാഴ്ച കാണേണ്ടി വന്നില്ല.   പ്രളയ ബാധിത പ്രദേശത്തെ ജനപ്രതിനിധികൾ രംഗത്തുണ്ടായതൊഴിച്ചാൽ കോൺഗ്രസ്സ്  പ്രവർത്തർ രംഗത്തെ ഉണ്ടായിരുന്നില്ല.
ഇത് വരെ ഒന്നും ചെയ്യാത്ത കോൺഗ്രസ്സ് ഇനി പ്രളയ ബാധിതർക്ക് ആയിരം വീടുകൾ വെച്ചുകൊടുക്കും എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാൻ. കോൺഗ്രസിന് ഇന്നത്തെ സാഹചര്യത്തിൽ അതൊന്നും ചെയ്യാനുള്ള ശേഷിയില്ല.അതിനാൽ ആ കട്ടിൽ കണ്ട് ആരും പനിക്കാനും പോകുന്നില്ല.
 വീട് നിർമാണത്തിന്റെ  പേരിൽ പണപ്പിരിവ് നടത്തി പലരും വിഴുങ്ങുകയും പിന്നീട് ഗ്രൂപ്പ് തിരിഞ്ഞു ആരോപണങ്ങൾ ഉന്നയിക്കുകയും  തമ്മിലടിക്കുകയും ചെയ്യുകയായിരിക്കും ഫലം. വീക്ഷണം ഫണ്ട്‌ മുതൽ ഏറ്റവും ഒടുവിൽ  കണ്ണൂരിൽ പിരിച്ച രക്ത സാക്ഷി ഫണ്ട് വരെ ഇത്തരത്തിലുള്ള ആരോപണങ്ങളിൽ കുരുങ്ങി.
ഫണ്ട് പിരിക്കാനുള്ള താൽപ്പര്യം പദ്ധതി നടത്താൻ ഉണ്ടാവില്ല എന്നതിന് ഉദാഹരണമാണ് കണ്ണൂരിലെ ഡി. സി. സി. ഓഫീസിന്റെ അവസ്ഥ. പഴയ ഓഫീസ് കെട്ടിടം പൊളിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഇതിനായി ഫണ്ട് പിരിച്ചവരെ കാണാനേ ഇല്ലത്രെ.  ഇപ്പോഴത്തെ ഡി. സി. സി പ്രസിഡണ്ട്‌ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എത്രയാണെന്ന് അദ്ദേഹത്തോട് ചോദിച്ചാൽ അറിയാം. എത്രയോ നേതാക്കളുടെ സ്മാരകത്തിന്റെ പേരിൽ കോൺഗ്രസ്സുകാർ പണം പിരിച്ചു. പക്ഷെ സ്മാരകം മാത്രം ഉയർന്നില്ല.
ആയിരം  വീട് വെച്ചു കൊടുക്കാൻ ഒരു പക്ഷെ ലീഗുകാർ വിചാരിച്ചാൽ കഴിഞ്ഞേക്കും. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ
അതീവ ജാഗ്രതയോടെയും കൃത്യതയോടും കുറ്റമറ്റ രീതിയിലുമാണ് മുഖ്യ മന്ത്രി പ്രശ്നം കൈകാര്യം ചെയ്തതെന്ന് ജനം മനസ്സിലാക്കിയിട്ടുണ്ട്. നേരത്തെ ഓഖി ദുരന്തവും നിപ്പോ വൈറസ് ബാധയും കൈകാര്യം ചെയ്തത് പോലെ,  ലോക നിലവാരത്തിലുള്ള രക്ഷാ  പ്രവർത്തനം.
സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ഭീഷണിയെ തരണം ചെയ്യാൻ ഏറ്റവും വലിയ രക്ഷാ പ്രവർത്തനം തന്നെയാണ് സ്വീകരിച്ചത്. വൻ ദുരന്തത്തിലേക്ക് നീങ്ങുമായിരുന്ന ഭീഷണിയെ അദ്ഭുതകരമായ മികവോടെ ഭരണ നേതൃത്വം കൈകാര്യം ചെയ്തു.
ഓരോദിവസത്തേയും സ്ഥിതിഗതികൾ അവലോകനം ചെയ്ത് മുഖ്യ മന്ത്രി രാത്രി നടത്തിയ പത്ര സമ്മേളനങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. ഒരു ശാസ്ത്ര ക്രിയാ വിദഗ്ധന്റെ സൂക്ഷ്മതയോടെയാണ് പ്രശ്നങ്ങൾ നിരീക്ഷിക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതെന്ന് ആ പത്ര സമ്മേളനം വ്യക്തമാക്കുന്നു. ഒരു വാക്കും പിഴക്കാത്ത, വിമർശങ്ങളോട് ഒരു പ്രകോപനവും ഇല്ലാതെ കൃത്യമായ ചിത്രങ്ങൾ അദ്ദേഹം ജനങ്ങളുടെ മുമ്പാകെ വരച്ചുവെച്ചു. ജനം പ്രാർത്ഥനയോടെ പിന്തുണച്ചു.
അദ്ദേഹത്തിന്റെ ചികിത്സ പോലും മാറ്റിവെച്ചാണ് ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് . പാർട്ടി സെക്രട്ടറിയായ
 പിണറായി വിജയനല്ല  മുഖ്യ മന്ത്രിയായ പിണറായി വിജയനെന്ന് ജനം ഇപ്പോൾ തിരിച്ചറിയുന്നു.  ഇദ്ദേഹം അടിമുടി മാറിയിരിക്കുന്നു. വാക്കിലും പ്രവൃത്തിയിലും ശരീരം ഭാഷയിൽപ്പോലും. ഇന്ന് മുഖ്യ മന്ത്രി പിണറായി വിജയന് ഒരു രക്ഷകന്റെ പരിവേഷമുണ്ട്. ചെറുപ്പക്കാരെല്ലാം അദ്ദേഹത്തിന്റെ കട്ട ഫാനായി.
ഒരു വ്യാഴവട്ടം മുമ്പ് പിണറായി വിജയന്റെ മുഖം കാണുമ്പോൾ ടി. വി. ഓഫാക്കുന്ന വീട്ടമ്മമാരെ കണ്ടിട്ടുണ്ട്. ഇന്ന് ആ പരിവേഷം മാറി. ജനം ഈ മനുഷ്യനിൽ പ്രതീക്ഷയർപ്പിക്കുന്നു.
മുമ്പ് വി. എസ്സിന്റെ കാര്യവും അങ്ങിനെയായിരുന്നു. ഒട്ടും ജനപ്രിയനായിരുന്നില്ല വി. എസ്. കേരളത്തിൽ  തിരഞ്ഞെടുപ്പിൽ തോറ്റ ഏക മുഖ്യ മന്ത്രി സ്ഥാനാർഥി വി. എസ്. മാത്രം.അതും പാർട്ടിയുടെ കോട്ടയായ മാരാരിക്കുളത്ത്. ആ വി. എസ്. പിന്നീട് കേരളത്തിൽ കൊടുങ്കാറ്റ് സൃഷ്ട്ടിച്ചു. വി. എസ്സിനെ കാണുമ്പോൾ തന്നെ ജനം ആർത്തിരമ്പി. ഇപ്പോൾ പിണറായിയും അതേ ജന സമ്മതിയിലേക്ക്  വരുന്നു.
പിണറായിയുടെ നടപടികളെ പലപ്പോഴും വിമർശിച്ച ആളാണ് ഞാൻ. അന്നത്തെ സാഹചര്യത്തിൽ  നടത്തിയ വിമർശനങ്ങൾ ശരി വെച്ചു കൊണ്ടുതന്നെ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നു. തെറ്റിനെ വിമർശിച്ചാൽ പോരല്ലോ ശരിയും നന്മയും ചെയ്യുമ്പോൾ അംഗീകരിക്കുകയും പിന്തുണക്കുകയും വേണ്ടേ. അതല്ലേ മനുഷ്യത്വവും ജനാധിപത്യവും. നേരെത്തെ പാർട്ടിക്കുള്ളിലും പുറത്തും ഉയർന്നു വന്ന വിമർശനങ്ങൾ ഉൾക്കൊണ്ടത് കൊണ്ടാവാം ഇദ്ദേഹം ഇന്ന്  ജാഗ്രതയുള്ള മുഖ്യമന്ത്രിയായി മാറിയത്. ഒരു കമ്മ്യൂണിസ്റ് കാരന്റെ ഔന്നിത്യം വിമർശനങ്ങൾ ഉൾക്കൊള്ളുമ്പോഴും  തെറ്റുകൾ തിരുത്തുമ്പോഴും തന്നെയാണ്. പാർട്ടി നേതൃത്വത്തിൽ നിന്ന് ഭരണ നേതൃത്വത്തിലേക്ക് വരുമ്പോൾ സമീപനത്തിൽ സ്വീകരിക്കേണ്ട മാറ്റം ഭരണത്തിന്റെ ഈ മൂന്നാം വർഷത്തിൽ പ്രത്യക്ഷമായിത്തന്നെ പിണറായിയിൽ പ്രകടമായതിൽ സന്തോഷമുണ്ട്. ആഹ്ലാദമുണ്ട്.

1 comment:

  1. നിങ്ങൾ ഒരു ബിസിനസുകാരനോ സ്ത്രീയോ? നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾക്ക് ഫണ്ട് ആവശ്യമുണ്ടോ? കടങ്ങൾ അടയ്ക്കാനോ ബില്ലുകൾ അടയ്ക്കാനോ ഒരു നല്ല ബിസിനസ്സ് ആരംഭിക്കാനോ നിങ്ങൾക്ക് വായ്പ ആവശ്യമുണ്ടോ? നിങ്ങളുടെ പ്രോജക്റ്റിന് സാമ്പത്തിക സഹായം ആവശ്യമുണ്ടോ? പരമാവധി 2% പലിശ നിരക്കിൽ (വ്യക്തികൾ, കമ്പനികൾ, റിയൽ എസ്റ്റേറ്റ് ഏജൻസികൾ, നിയമപരമായ സ്ഥാപനങ്ങൾ) ഞങ്ങൾ ഏത് തുകയിലും ലോകത്തെവിടെയും ഗ്യാരണ്ടീഡ് ക്രെഡിറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും, ഇനിപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് പ്രതികരണങ്ങൾ അയയ്ക്കുക: (crifcreditmanagement23@gmail.com)whatsapp +31684296041

    ReplyDelete