ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

TRIBUTES TO FISHERMEN

 pp-facebook Amal Ravi 11 hours ago 10/08/2018
എഴുതേണ്ട എന്നു പലവട്ടം കരുതിയതാണ്, പക്ഷെ..

ആഗസ്റ്റ് 17 രാവിലെ ബാങ്കിൽ എത്തുമ്പോൾ പുറത്തു 70 വയസ്സിനു മുകളിൽ പ്രായം ഉള്ള ഒരു വൃദ്ധൻ നിൽക്കുന്നു. മൽസ്യ തൊഴിലാളി ആണ്. ക്ഷേമ പെൻഷനുകൾ വാങ്ങിക്കാൻ ബ്രാഞ്ചിൽ വന്നു കണ്ടിട്ടുണ്ട്. പരിചയം ഒന്നുമില്ല. എന്തേ ഇത്ര നേരത്തെ എന്നു ചോദിച്ചപ്പോൾ കുറച്ചു പണം എടുക്കണം എന്നു പറഞ്ഞു.

ലോഗിൻ ചെയ്ത് ഇടപാടുകൾ തുടങ്ങുമ്പോഴേക്കും 4 പേർ കൗണ്ടറിൽ നിൽക്കുന്നുണ്ട്. കണ്ണൂർ അഴിക്കോട് ഭാഗത്തുനിന്നും ഇന്നലെ കുറച്ചു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് പോയല്ലോ എന്നു അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി..
' അതേ മോനെ, രാത്രി 12 മണിക്കാണ് ബോട്ട് വിടണം എന്നു തീരുമാനിക്കുന്നത്. 25 ബോട്ടുകൾ, തൊഴിലാളികളും പോലീസും ലോറിയിൽ കയറ്റി കൊണ്ട് പോയി. എല്ലാം കഴിയുമ്പോഴേക്കും രാവിലെ ആയി. കൂടെ പോയവന്മാരുടെ വീടുകളിലേക്ക് കുറച്ച് അരിയും സാധനവും മേടിക്കണം. 4000 രൂപ പാസ്സ്ബുക്കിൽ ഉണ്ട്. അത് വേണം.. '

മനസ്സ് മരവിച്ചുപോകുന്ന സന്ദർഭങ്ങൾ ഉണ്ടല്ലോ..

ബാങ്കിങ് പ്രയോറിറ്റിയും ടോക്കനും ഒന്നും നോക്കാതെ വിത്ത്ഡ്രാവൽ ഫോമും എഴുതികൊടുത് അങ്ങേർക്ക് വിറക്കുന്ന വിരലുകളോടെ എണ്ണിക്കൊടുത്ത അഞ്ഞൂറിന്റെ 8 നോട്ടുകൾ ഉണ്ടല്ലോ.... അതിനെക്കാളും വലിയ ഒരു ബാങ്കിങ് സേവനവും ഞാൻ ചെയ്തിട്ടില്ല..

ഇവർ ആരെന്നു അറിയാമോ..??

മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ നാം പിടിച്ചു പറിക്കുന്നവർ..
ലാഭകരമല്ലാത്ത ഇടപാടുകാർ എന്നു പറഞ്ഞു നമ്മളിൽ ചിലർ ഒഴിവാക്കാൻ ശ്രമിക്കുന്നവർ..
ഫോം പൂരിപ്പിക്കാൻ കഴിയാതെ വിഷമിക്കുമ്പോൾ നമ്മളിൽ പലരും അവഗണിക്കുന്നവർ..
പെന്ഷൻ വന്നോ എന്നു അന്വേഷിക്കുമ്പോൾ, മനസിൽ അവജ്ഞയോടെയെങ്കിലും ഒരു പക്ഷെ നമ്മൾ സമീപിച്ചവർ..

മത്സ്യത്തൊഴിലാളികൾ ആണ്..
മഴയാണ്, പേമാരിയാണ്, പ്രളയമാണ്, ട്രോളിങ് നിരോധനമാണ്, വറുതിയാണ്, പട്ടിണിയാണ്, പലരുടെയും കുടുംബങ്ങൾ ക്യാമ്പുകളിൽ ആണ്...

രണ്ടു ലക്ഷത്തിലധികം നമ്മളെ ജീവിതത്തിലേക്കു തിരികെകൊണ്ടുവന്നവർ ആണ്..

മനുഷ്യർ ❤
എത്ര മനോഹരമാണവർ ❤

നബി : ലാഭനഷ്ട കണക്കും കോസ്റ്റ് പ്രോഫിറ്റ് സങ്കൽപ്പവും ഉത്തരാധുനിക മാനേജ്‌മെന്റ് തിയറിയുമായി ഒരു മോനും ഈ വഴിക് വരേണ്ടതില്ല..

- അമൽ രവി

5.2K
32
5K



നിസ്വാർത്ഥ ജന്മങ്ങളാണ് ആ പാവങ്ങൾ..
MANOJKUMAR K N :എം.ടി.യുടെ രണ്ടാമൂഴത്തിൽ ത്രസിപ്പിക്കുന്ന ഒരു രംഗമുണ്ട്. കുരുക്ഷേത യുദ്ധഭൂമിയിൽ കൗരവപക്ഷത്തിന്റെ തിന്മയുടെ ശക്തികേന്ദ്രങ്ങളെ തച്ചെറിയുന്ന ഘടോൽക്കചനും കൂട്ടരും.. അവർ അസുര ജന്മങ്ങളായിരുന്നു. പരിക്ഷ്കൃതരായിരുന്നില്ല.. ഉപചാരങ്ങളോ യുദ്ധ മര്യാദകളോ ശീലിക്കാത്തവർ. അവർക്ക് ലക്ഷ്യം വിജയം മാത്രമായിരുന്നു. യുദ്ധഭൂമിയിൽ ഇരമ്പിയാർക്കുന്ന കൗരവപ്പടയെ രാപ്പകൽ യുദ്ധത്തിൽ ചവിട്ടിമെതിച്ച് നശിപ്പിച്ച് അവർ പിൻതിരിയുമ്പോൾ പാണ്ഡവർ വിജയം മണത്തു തുടങ്ങിയിരുന്നു. പക്ഷേ വിജയ ശേഷം അസുരഗണങ്ങളെ ആരും വാഴ്ത്തിയില്ല.. മറക്കുക തന്നേ ചെയ്തുവത്രേ.. പക്ഷെ അവിടെയാണ് ആ അപരിഷ്കൃത മനുഷ്യരുടെ മഹത്വം. അവർ വിജയാലോഷം പാണ്ഡവർക്ക് അവകാശമാക്കി പരാതികളില്ലാതെ, പരിഭവമില്ലാതെ കടന്നു പോകുന്നു. തല ഉയർത്തിപ്പിടിച്ച് തിരികെ കാടിന്റെ വന്യതയിലേക്ക്.

കടലിന്റെ മക്കളെ, അരയക്കൂട്ടത്തെ നാമെന്നും രണ്ടാം തരമായി മാത്രമാണ് കണ്ടിരുന്നത്. വാഴ്ത്തുപാട്ടുകളിലൊന്നും നമ്മളവരെ ഉൾക്കൊള്ളിച്ചിട്ടില്ല. പട്ടിണിയിലും ദുരിത ദിനങ്ങളിലും അവൻ തകർന്നിട്ടും നാമതറിഞ്ഞില്ല. ട്രോളിംഗ് നിരോധന സമയങ്ങളിൽ, കടൽ പിണങ്ങിയ നാളുകളിൽ മീൻ കിട്ടാതായ നമ്മൾ പരിഭവത്തോടെ ചിക്കൻ വാങ്ങി ഉണ്ടു നിറഞ്ഞു.

അവർ തങ്ങളുടെ ജന്മനാടിന്റെ അവസ്ഥ കണ്ടാണ് കുതിച്ചെത്തിയത്, പ്രളയത്തിരകളിലേക്ക് അമ്പിന്റെ കൃത്യതയോടെ പറന്നിറങ്ങിയത്.. മരണത്തിന്റെ കൈയ്യിൽ നിന്നും നമ്മെ ഉയർത്തിയെടുത്തത്.. അസുരന്റെ വീര്യത്തോടെ പ്രളയത്തെ ചവിട്ടിമെതിച്ചത്.. പിന്നെ നിസ്വാർത്ഥമായി പിൻവാങ്ങുന്നത്.. നമ്മളവരെ മറക്കരുത്. ഇനിയുള്ള ജീവിതമെങ്കിലും നാമവരെ രണ്ടാം തരമായി കാണരുത്. വിദ്യയുണ്ടാവില്ല. വൃത്തിയുണ്ടാവില്ല. പക്ഷേ നന്മയാണ്.. നിസ്വാർത്ഥ ജന്മങ്ങളാണ് ആ പാവങ്ങൾ..

ദുരിത ദിനങ്ങളിൽ കേരളത്തെ കൈകളിലേന്തിയ ഓരോ മത്സൃ ബന്ധുവിനും എന്റെ കൂപ്പുകൈ.

No comments:

Post a Comment