ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Thursday, September 27, 2018

പ്രളയാനന്തര പാഠങ്ങൾ..!-1

പ്രളയാനന്തര പാഠങ്ങൾ..!
പ്രളയാനന്തര പാഠങ്ങൾ..!
പ്രളയത്തിൽ നാടും നാട്ടുകാരും മുങ്ങിയിരിക്കുന്ന സമയത്ത് പ്രളയത്തിന് ഉത്തരവാദികളെ കണ്ടു പിടിക്കാൻ നോക്കുന്നതും ആളുകളെ കുറ്റപ്പെടുത്തുന്നതും ശരിയല്ല എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. എന്നാൽ ഒരു ദുരന്തത്തിൽ നിന്നും നമ്മൾ പാഠങ്ങൾ പഠിച്ചില്ലെങ്കിൽ നമ്മളോ നമ്മുടെ അടുത്ത തലമുറയോ വീണ്ടും ആ ദുരന്തന്തിൽപ്പെടും എന്നത് ഉറപ്പാണ്. 99 -ലെ (1924) വെള്ളപ്പൊക്കത്തിൽ നിന്നും നാം ഒന്നും പഠിക്കാത്തതാണ് 2018 -ൽ പണ്ടത്തേതിലും പലമടങ്ങായി ദുരന്തമുണ്ടാകാൻ കാരണം. ഇനിയാകട്ടെ കാലാവസ്ഥാ വ്യതിയാനം വരുന്നു, മലയാളികളുടെ എണ്ണം കൂടുന്നു, ഉള്ളവർ കൂടുതൽ സമ്പന്നരാകുന്നു. ഇനിയും പെരുമഴക്കാലങ്ങൾ ഉണ്ടാകും എന്ന് ഉറപ്പാണ്. അപ്പോൾ ഈ ദുരന്തത്തിലെ പാഠങ്ങൾ പഠിച്ചില്ലെങ്കിൽ, ഇനിയൊരു പെരുമഴക്കാല ദുരന്തത്തിന്റെ ആക്കം ഇതിലും വലുതായിരിക്കും. അതുകൊണ്ട് പാഠങ്ങൾ പഠിച്ചേ തീരൂ.
ഈ ദുരന്തത്തെക്കുറിച്ച് - ഹൈറേഞ്ചിലും, കുട്ടനാട്ടിലും, ആലുവ-ചാലക്കുടി പ്രദേശങ്ങളിലും എങ്ങനെ ഈ ദുരന്തം വ്യത്യസ്തമായിരുന്നു, ദുരന്തത്തിന്റെ അടിസ്ഥാന കാരണങ്ങൾ, ഡാമുകൾ എങ്ങനെ ഈ ദുരന്തത്തെ ബാധിച്ചു, എങ്ങനെയാണ് ഈ ദുരന്തം സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ (സ്ത്രീകൾ, അംഗപരിമിതർ, വയസ്സായവർ, മറുനാട്ടുകാർ) അധികമായി ബാധിച്ചത് എന്നതെല്ലാം കഴിഞ്ഞ ഒരു മാസമായി ഞാൻ പഠിക്കുകയായിരുന്നു. ഇനി അതിനെ പറ്റി എഴുതാൻ പോവുകയാണ്. ദുരന്ത ബാധിതരെയോ അധികാരികളെയോ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അടുത്ത തലമുറക്ക് വേണ്ടി ഇന്നത്തെ പാഠങ്ങൾ കുറിച്ച് വക്കുകയാണ് ലക്ഷ്യം.
പാഠങ്ങൾ പഠിക്കുക മാത്രമല്ല. എന്തായിരിക്കണം കേരളത്തിന്റെ പുനർ നിർമ്മാണ അടിസ്ഥാന തത്വങ്ങൾ? എങ്ങനെയാണ് പുനർ നിർമ്മാണത്തിന് പണം കണ്ടെത്തേണ്ടത്? പുനർ നിർമ്മാണത്തിന് പുതിയ ഒരു അതോറിറ്റി വേണോ? പരിസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ദുരന്ത ലഘൂകരണത്തിന് എന്ത് സാദ്ധ്യതകളാണുള്ളത്? കാലാവസ്ഥാ വ്യതിയാനവും ദുരന്ത ലഘൂകരണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? കഴിഞ്ഞ രണ്ടു പതിറ്റാണ്ടയായി ലോകത്തെ അനവധി ദുരന്താനന്തര പുനർ നിർമ്മാണങ്ങളും അവയുടെ വിജയ പരാജയങ്ങളും കണ്ടതിന്റെ വെളിച്ചത്തിൽ കേരളത്തിന് പറ്റിയ മാതൃകകളെ പറ്റിയും പറയാം.
ദുരന്തത്തിലെ പാഠങ്ങളും പുനർനിർമ്മാണത്തിന്റെ രീതികളും അവസരങ്ങളും ഉൾപ്പെടുത്തി ഒക്ടോബർ ഒന്ന് മുതൽ പുതിയ പരമ്പര തുടങ്ങുകയാണ്. ഒരു ദിവസം ഒരു ലേഖനം വെച്ച് മുപ്പത്തി ഒന്ന് ദിവസം നോൺ സ്റ്റോപ്പ് ആയിരിക്കും പരമ്പര. ഇതിന് മുൻപുള്ള സീരീസ് പോലെ എൻറെ ലേഖനങ്ങൾ മാത്രമല്ല, നിങ്ങളുടെ കമന്റുകളും കൂടിയാണ് ഈ പരമ്പരയെ സംപുഷ്ടമാക്കുന്നത്. അതുകൊണ്ട് വായിക്കുക, അഭിപ്രായങ്ങൾ പങ്കുവെക്കുക. ഇവിടെ പറയുന്ന കാര്യങ്ങൾ ഇപ്പോൾ അധികാരസ്ഥാനത്തുള്ളവർ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്ക് അറിയാം. അതുകൊണ്ട് തന്നെ നവംബർ ഒന്നിന് നവകേരളം പിറക്കുമ്പോൾ അതിന് ഊർജ്ജം നൽകാൻ നമ്മുടെ ആശയങ്ങളും കൂടി ഉണ്ടാകും.
ഇത്തവണയും ഒരു റിക്വസ്റ്റ് ഉണ്ട്. ഞാൻ എഴുതുന്ന കാര്യങ്ങൾ കേരള സമൂഹത്തിന് ഗുണകരമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, എൻറെ എഴുത്തുകൾ കൂടുതൽ പേരിൽ എത്തണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, നിങ്ങളുടെ ഒരു സുഹൃത്തിനോടെങ്കിലും പുതിയതായി ഈ പരമ്പര വായിക്കാൻ ആവശ്യപ്പെടണം. ഫേസ്ബുക്കിൽ ഉള്ള സുഹൃത്തുക്കൾ കൂടാതെ വാട്ട്സ്ആപ്പ് സൗഹൃദങ്ങളിൽ (പ്രത്യേകിച്ച് കുടുംബം/ഓഫീസ് ഗ്രൂപുകളിൽ) പറയുക. നിങ്ങളുടെ ജനപ്രതിനിധികൾ സമൂഹ മാധ്യമത്തിൽ ഉണ്ടെങ്കിൽ (പഞ്ചായത്ത് മെമ്പർ തൊട്ട് എംപി വരെ) അവരെ ടാഗ് ചെയ്യുന്നതും നല്ലതാണ്. കൂടുതൽ ആളുകളും അധികാര സ്ഥാനങ്ങളിൽ ഉള്ളവരും നമ്മുടെ ആശയങ്ങൾ ശ്രദ്ധിക്കുമ്പോൾ ആണ് മാറ്റങ്ങൾ ഉണ്ടാകുന്നത്.
മുൻ‌കൂർ നന്ദി
മുരളി തുമ്മാരുകുടി

No comments:

Post a Comment