ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Tuesday, August 21, 2018

വെൻസറീമോസ്.

കാട് കത്തുകയായിരുന്നു. മൃഗങ്ങളെല്ലാം ജീവനു വേണ്ടി പരക്കം പാഞ്ഞു കൊണ്ടിരുന്നു. ഒരു കൊച്ചു കുരുവി മാത്രം തന്റെ കൊക്കിൽ  വെള്ളമെടുത്ത് കാട്ടുതീയണക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇതു കണ്ട ചില മൃഗങ്ങൾ കുരുവിയോട് ചോദിച്ചു.ഈ കൊക്കിൽ കൊള്ളുന്ന വെള്ളം കൊണ്ട് തീയണക്കാനാവുമോയെന്ന്. കൊച്ചു
കുരുവി മറുപടി പറഞ്ഞു. ശരിയായിരിക്കാം. ഈ കൊക്കിലെ  വെള്ളം കൊണ്ട് കാട്ടുതീ കെടില്ലായിരിക്കാം. എന്നാൽ കാട് കത്തുമ്പോൾ, കാട്ടുമൃഗങ്ങൾ ജീവനു വേണ്ടി പായുമ്പോൾ ഞാനിതെങ്കിലും ചെയ്യണ്ടേ?
പ്രളയം മൂലം പരിഭ്രാന്തിയിലായ പതിനായിരങ്ങൾക്ക് നിങ്ങൾക്ക് ചെയ്യാനാവുന്നത്  എന്തോ അത് ആത്മാർഥമായി ചെയ്യുക. അതൊരു പ്രാർഥനയാവാം, പുഞ്ചിരിയാവാം, പരിഗണനയാവാം, സാന്ത്വനിപ്പിക്കാവുന്ന ഒരു  സന്ദേശമാവാം.  അല്ലെങ്കിൽ ഒരു രൂപയുടെയെങ്കിലും സംഭാവനയാവാം.
ഇതൊക്കെ ചെറുതായിരിക്കാം. കുരുവി പറഞ്ഞ പോലെ ഇതെങ്കിലും നാം ചെയ്യേണ്ടേ?.
തുല്യതയില്ലാത്ത പ്രളയത്തെ തുലനം ചെയ്യാനാവാത്ത താങ്ങും തലോടലും വഴി നാം തരണം ചെയ്യുക തന്നെ ചെയ്യും. പ്രളയം ഉണ്ടാക്കിയ ദുരന്തത്തെക്കാളേറെ ചരിത്രം രേഖപ്പെടുത്തേണ്ടത് കേരളം പ്രളയ ദുരന്തത്തെ നേരിട്ട രീതിയായിരിക്കണം. അതിശയകരമായ കണിശതയോട് കൂടി അത്  എക്കാലവും ഓർമിക്കപ്പെടണം. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ലോകത്തിന് പുതിയ മാനങ്ങൾ കാണിച്ച് കൊടുത്ത കേരളം ദുരന്തനിവാരണത്തിലും പുതിയ മാതൃകകൾ സൃഷ്ടിക്കും.
ലോകത്തെ മുഴുവൻ പുണ്യപുസ്തകങ്ങളുടെയും സാരാംശം ഇത്രയേയുള്ളൂവെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അതിതാണ്. പരോപകാരമേ പുണ്യം.
ഈ പരോപകാരത്തിന്റെ പാതയിലാണ് കേരളം. ഇതിലൂടെ കേരളം പുതിയ മാതൃകകൾ തീർക്കുക തന്നെ ചെയ്യും.
ഭൂമി ഇരുട്ടിത്തുടങ്ങുകയായിരുന്നു. ദൈവം ചോദിച്ചുവത്രെ, ആരിനി വെളിച്ചം നൽകുമെന്ന്?. പലരും പലതും പറഞ്ഞ് ഒഴിഞ്ഞപ്പോൾ ഒരു മിന്നാമിനുങ്ങ് പറഞ്ഞു, ഞാൻ വെളിച്ചം കൊടുക്കാമെന്ന്. മിന്നാമിനുങ്ങിന്റെ വെളിച്ചം ചെറുതായിരിക്കാം. എന്നാൽ ആ ദൗത്യം കൊച്ചു മിന്നാമിനുങ്ങ് എറ്റെടുത്തു എന്നതാണ് വലിയ കാര്യം. അതു കൊണ്ട് ഈ മഹാപ്രളയ കാലത്ത് എന്തെങ്കിലും ഏറ്റെടുക്കുക ,എന്തെങ്കിലും ചെയ്യുക.
ചിലിക്കാർ പ്രശ്നം വരുമ്പോൾ പരസ്പരം പറയും.വെൻസറീമോസ്.ഇതിന്റെ അർത്ഥം നാം തരണം ചെയ്യും എന്നാണ്.
കേരളവും പറയുന്നു
We shall overcome

No comments:

Post a Comment