ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

കോവിഡ് കാല തത്വ ചിന്തകൾ

കോവിഡ് കാല തത്വ ചിന്തകൾ 


3.ഇത്തിരി കുഞ്ഞൻ നീ  മറഞ്ഞിരുന്നു കാണിക്കുന്ന  മായാജാലം 

2.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുട്ടികളെ പഠിപ്പിക്കുക

1.കെട്ടിപ്പടുത്ത സത്യങ്ങൾ (imagined reality). ആണ് തകരുന്നത്

വിശദമായി ചുവടെ വായിക്കാം >>>
***********************************************************************

കെട്ടിപ്പടുത്ത സത്യങ്ങൾ (imagined reality). ആണ് തകരുന്നത് 

ഒന്ന് പുറത്തേക്ക് നോക്കൂ, ഈ മഹാമാരി  (COVID-19) ക്കാലത്ത് പുഴകൾ, മരങ്ങൾ, പക്ഷികൾ ഇവയെല്ലാം അവിടെത്തന്നെയുണ്ട്.

ഇല്ലേ?

 അവയ്ക്ക് ഒരു മാറ്റവും ഇല്ല.

എന്നാൽ, വിശ്വാസം (ദൈവം), രാജ്യങ്ങൾ, കോർപ്പറേറ്റുകൾ ഇവയെ നോക്കൂ.

ആരാധനാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു, രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുന്നു, എക്കോണമി നിലംപറ്റുന്നു, കോർപ്പറേറ്റുകൾ പലതും അന്ത്യശ്വാസം വലിക്കാൻ തുടങ്ങിയിരിക്കുന്നു.

അവിടെയാണ് നമ്മൾ ദ്വിവിധമായ യഥാതഥ്യത്തിൽ ആണ് ജീവിക്കുന്നത് എന്ന വസ്തുതയ്ക്ക് പ്രധാന്യം വരുന്നത്.

എന്തൊക്കെയാണ്  ദ്വിവിധമായ യഥാതഥ്യങ്ങൾ?

ഒന്ന്  വസ്‌തുനിഷ്‌ഠമായ  സത്യങ്ങൾ; രണ്ട്  കെട്ടിപ്പടുത്ത സത്യങ്ങൾ (imagined reality).

എന്താണ് കെട്ടിപ്പടുത്ത സത്യങ്ങൾ?

അതറിയുവാനായി ഏകദേശം 70,000 വർഷങ്ങൾക്ക് പുറകിലേക്ക് പോകണം.

മനുഷ്യൻ ചിന്തിക്കാനും, ശരിയായ രീതിയിൽ ആശയ വിനിമയം നടത്തുവാനും തുടങ്ങിയിട്ട് ഏകദേശം 70,000 വർഷങ്ങളെ ആയുള്ളൂ എന്നാണ് പഠനങ്ങൾ പറയുന്നത്. 30,000 മുതൽ 70,000  വരെയുള്ള ഈ സമയത്തെ "cognitive" (അവബോധ) പുരോഗതി എന്ന് പറയും.

മനുഷ്യന് ഉണ്ടായ ഈ അവബോധമാണ് നമ്മുടെ തുടച്ചു നീക്കപ്പെട്ട സഹോദര വർഗ്ഗവും ഹോമോ ഇറക്ട്‌സിൽ നിന്നും നമ്മുടെ കൂടെത്തന്നെ  പരിണാമം ഉണ്ടായ   "നിയാണ്ടെർതാലസിനെ   (Neanderthals) അപേക്ഷിച്ചു മനുഷ്യന്  അതിജീവനം സാധിച്ചതിന് പല കാരണങ്ങളിൽ ഒരു കാരണമായി പറയുന്നത്.

അന്നത്തെ കാലത്ത് കാടുകളിൽ കൂട്ടമായി ജീവിച്ചിരുന്ന മനുഷ്യൻ ആശയ വിനിമയം പ്രധാനമായും നടത്തിയത് അപകടങ്ങൾക്കായുള്ള സൂചനകൾ നൽകിയാണ്,

"കടുവ വരുന്നേ, ഓടിക്കോ" അല്ലെങ്കിൽ അവിടെ 'പെരുമ്പാമ്പിനെ കണ്ടു' അതുമല്ലെങ്കിൽ പുഴയുടെ 'ചുഴി' യുള്ള ഭാഗങ്ങൾ ഇങ്ങനെയൊക്കെ പറയാൻ ആണ്.

ഏകദേശം 9,000-11,000 വർഷങ്ങൾ ക്കിടെ കല്ലും, മരങ്ങൾ കൂർമ്പിച്ചതും ആയ ആയുധങ്ങൾ ഉണ്ടായി (Paleolithic period).   ഏകദേശം ഈ സമയത്താണ്  കൃഷി വ്യാപകമായി ചെയ്യുവാൻ തുടങ്ങിയത്. ആയുധങ്ങൾ വന്നതോടെ   ജീവിതം കൂടുതൽ സുരക്ഷിതമായി, ഭയം കൂടാതെ ജീവിക്കുവാനും, ചെറിയ ചെറിയ സംഘങ്ങളായി ചുറ്റിയടിക്കുവാനും ഒക്കെ ആയുധം ഉപകരിച്ചു. ലോഹങ്ങൾ കൊണ്ടുള്ള ആയുധങ്ങൾ  വ്യാപകം ആയതോടെ   (3200–600 BC) ജീവിതം കുറച്ചു കൂടി സുരക്ഷതമായി. സമയത്തു ഭക്ഷണവും, സുരക്ഷിത ബോധവും  ഇരുന്നു സംസാരിക്കുവാൻ അവസരങ്ങൾ കൊടുത്തു. മരത്തിന്റെ മുകളിൽ കെട്ടിയ 'ട്രീ ഹൗസുകളുലും'  ഗുഹകളിലും, പാറപ്പുറങ്ങളിലും, നദീതടങ്ങളിലും ഇരുന്നു കൂട്ടമായി കഥകളും,  മായാദര്‍ശനങ്ങളും (illusions), മനോരാജ്യങ്ങളും (fantasy) പങ്കു വച്ചു. ഒറ്റക്കൊമ്പുള്ള കുതിരയും, സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയും ഉള്ള അപൂർവ്വ ജീവികൾ കഥാ സദസ്സുകളിൽ ഇടം പിടിച്ചു. പിന്നീട് അമാനുഷരായ മനുഷ്യരെ പറ്റിയുള്ള കഥകൾ ഈ സദസ്സുകളിൽ ഇടം പിടിച്ചു. ചില സംഭവ കഥകൾ നിറം പിടിപ്പിച്ചു അമാനുഷികം ആക്കി. ലിപികൾ കണ്ടുപിടിച്ചപ്പോൾ ഇവയൊക്കെ പലതും താളിയോലകളിലും, പാറയിലും എഴുതി വച്ചു. അവിടെയാണ് വിശ്വാസത്തിന്റെ ആരംഭം. സുരക്ഷിതമായ ജീവിതം വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു.  "Cognitive" (അവബോധ) പുരോഗതി യുടെ ഒരു അഹിത (disadvantage)മായ കാര്യമാണ് മനുഷ്യന് ഒരിക്കലും കണ്ടിട്ടും, കേട്ടിട്ടും, അറിഞ്ഞിട്ടും, സ്പർശിച്ചിട്ടും ഇല്ലാത്ത കാര്യങ്ങളെ വിശ്വസിക്കുവാൻ പറ്റുന്നത്.  നൊയമ്പെടുത്താൽ സ്വർഗ്ഗം കിട്ടുമെന്നും, തിങ്കളാഴ്ച്ച വൃതം എടുത്താൽ നല്ല ഭർത്താവിനെ കിട്ടും എന്നൊക്കെയുള്ള വിശ്വാസങ്ങൾ മനുഷ്യനുണ്ടായ "Cognitive" (അവബോധ) പുരോഗതിയുടെ അഹിത
 ഭാഗമാണ്. വൈക്കോൽ തിന്നുന്ന പശുവിനു പുല്ല് കൊടുത്തിട്ട്, നീയിത് പത്തു ദിവസം കഴിക്കാതെ ഇരുന്നാൽ സ്വർഗ്ഗം കിട്ടും എന്ന് വിശ്വസിപ്പിക്കാൻ പറ്റില്ല. അല്ലെങ്കിൽ 30,000 വർഷങ്ങൾക്ക് മുൻപുള്ള മനുഷ്യനോട് "വൈകിട്ട് നാമ ജപ ഘോഷയാത്രയ്ക്ക്, അല്ലെങ്കിൽ രോഗ ശാന്തി വചന പ്രഘോഷണത്തിന് വരുന്നോ? " എന്ന് ചോദിച്ചാൽ "എന്റെ ചേട്ടാ, കടുവ വൈകിട്ട് ഇര തേടി ഇറങ്ങുന്നതിനു മുൻപ് ഗുഹയിൽ കയറണം" എന്ന ഉത്തരം ആവും കിട്ടുക.

2011 ൽ പ്രസിദ്ധീകരിച്ച Sapiens: A Brief History of Humankind എന്ന പുസ്തകത്തിൽ Cognitive Revolution നെപ്പറ്റി വിശദമായി പറയുന്നുണ്ട്. മനുഷ്യന്റെ ചരിത്രത്തെ നാലായി തരം തിരിച്ചിട്ടുണ്ട്

The Cognitive Revolution (c. 70,000 BC, when Sapiens evolved imagination).
The Agricultural Revolution (c. 10,000 BC, the development of agriculture).
The unification of humankind (the gradual consolidation of human political organisations towards one global empire).
The Scientific Revolution (c. 1500 AD, the emergence of objective science).

1500 AD മുതൽ വസ്‌തുനിഷ്‌ഠമായ ശാസ്ത്രത്തിന്റെ യുഗമായാണ് കരുതപ്പെടുന്നത്. ശാസ്ത്രം ഉണ്ടാക്കിയ സുരക്ഷിതത്വത്തിൽ നിന്നാണ്  വിശ്വാസം കെട്ടിപ്പടുത്തത്. അൽപ്പം കൂടി വിശദമായി   പറഞ്ഞാൽ ശാസ്ത്രത്തിൽ ഊന്നിയ പുരോഗമന നാഗരികത തന്ന സുരക്ഷിതത്വത്തിൽ ആണ് വിശ്വാസവും, ആത്മീയതയും ജന മനസ്സുകളിൽ ആഴത്തിൽ പിടിമുറുക്കുന്നത്.

 Yuval Noah Harari  തന്റെ പുസ്തകമായ Sapiens: A Brief History of Humankind ൽ പറഞ്ഞത് എത്ര ശരിയാണ് "Cognitive ((അവബോധ) പുരോഗതി കാരണം മനുഷ്യൻ ഒരു  ദ്വിവിധമായ യഥാതഥ്യത്തിൽ ആണ് ജീവിക്കുന്നത്. ഒന്ന് വസ്‌തുനിഷ്‌ഠമായ  സത്യങ്ങൾ, പുഴ, കാട്, സിംഹം എന്നിവ. രണ്ടാമത്തേത്, കെട്ടിപ്പടുത്ത സത്യങ്ങൾ (imagined reality),  ഉദാഹരണത്തിന്  ദൈവം, രാജ്യങ്ങൾ, കോർപ്പറേറ്റുകൾ; വിരോധാഭാസം എന്തെന്നു  വച്ചാൽ കാലം കടന്നു പോയപ്പോൾ കെട്ടിപ്പടുത്ത സത്യങ്ങൾ പലതും ശക്തി പ്രാപിക്കുകയും;  വസ്‌തുനിഷ്‌ഠമായ  സത്യങ്ങളുടെ നില നിൽപ്പുതന്നെ കെട്ടിപ്പടുത്ത സത്യങ്ങളേ ആശ്രയിച്ചായി എന്നതുമാണ്. അതാണ് നമ്മൾ വർഷങ്ങളായി കണ്ടു കൊണ്ടിരുന്നത്.

എന്നാൽ COVID-19 ഇതെല്ലം മാറ്റി മറിച്ചു.

വസ്‌തുനിഷ്‌ഠമായ  സത്യങ്ങൾ (പുഴ, കാട് എന്നിവ.) ഒരു പരിക്കുമില്ലാതെ അവിടെയുണ്ട്. എന്നാലോ  കെട്ടിപ്പടുത്ത സത്യങ്ങൾ (imagined reality), എല്ലാം ഒരു സൂക്ഷ്മാണൂ അതിന്റെ ആക്രമണത്തിന്റെ തീവ്രത കുറയുന്നതും നോക്കി അടുത്ത അവസരത്തിനായി കാത്തിരിക്കുന്നു.

എഴുതിയത്
സുരേഷ് സി പിള്ള
*********************************************************************************
2.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുട്ടികളെ പഠിപ്പിക്കുക
*Muralee Thummarukudy എഴുതുന്നു....

"എന്റെ ചെറുപ്പകാലത്ത് ജീവിതത്തിൽ പ്രകൃതിക്കുള്ള സ്ഥാനം കൂടുതൽ വ്യക്തമായിരുന്നു. ചോറിനുള്ള അരി വരുന്നത് പാടത്തു നിന്നാണ്, കറിക്കുള്ള പച്ചക്കറി പറന്പിൽ നിന്നും. തേങ്ങയിൽ നിന്ന് വെളിച്ചെണ്ണ മാത്രമല്ല സ്‌കൂളിൽ ഫീസ് കൊടുക്കാനുള്ള പണവും കിട്ടും. പാല് പശുവിൽ നിന്നും, വെള്ളം കിണറ്റിൽ നിന്നും. കളിക്കുന്നത് പറമ്പിലും പാടത്തും, കുളിക്കുന്നത് തോട്ടിലും കുളത്തിലും. തേച്ചു കുളിക്കുന്ന ഇഞ്ച പറമ്പിൽ നിന്നാണ്.

ഇങ്ങനെ പ്രകൃതിയോടൊത്ത് ജീവിക്കുമ്പോൾ പ്രകൃതി ഇല്ലെങ്കിൽ നമ്മൾ ഇല്ല എന്ന ബോധം നമുക്ക് വേഗത്തിൽ സ്വാഭാവികമായി ഉണ്ടാകും, ആരും പറഞ്ഞുതരേണ്ട കാര്യമില്ല. പക്ഷെ ഇപ്പോഴത്തെ സ്ഥിതി അതല്ല. അരി വരുന്നത് സൂപ്പർമാർക്കറ്റിൽ നിന്നോ റേഷൻ കടയിൽ നിന്നോ ആണ്. പച്ചക്കറി വരുന്നത് കടയിൽ നിന്ന്, കളിക്കുന്നത് കംപ്യൂട്ടറിൽ, കുളിക്കുന്നത് കുളിമുറിയിൽ, വെള്ളം വരുന്നത് പൈപ്പിൽ നിന്ന്, പാല് തരുന്നത് മിൽമ. കുളിക്കാനുള്ള ഷാംപൂവും കുടിക്കാനുള്ള മരുന്നും ഫാർമസിയിൽ നിന്ന് തന്നെ.

വാസ്തവത്തിൽ അരി ഇപ്പോഴും ഉണ്ടാകുന്നത് പാടത്ത് നിന്നുതന്നെയാണ്, വെള്ളം ഇപ്പോഴും പ്രകൃതിയിൽ നിന്നാണ്, മിൽമയുടെ പാലും പശുവിന്റെ അകിടിൽ നിന്നും വരുന്നത് തന്നെയാണ്. പക്ഷെ ഇവ തമ്മിലുള്ള പ്രത്യക്ഷ ബന്ധം നമുക്ക് ദൃശ്യമല്ല. അതുകൊണ്ട് തന്നെ പ്രകൃതിക്ക് നാശം ഉണ്ടാകുന്പോൾ അത് നമ്മുടെ ജീവിതത്തെയും ജീവനേയും ബാധിക്കുമെന്ന് നമുക്ക് ഒരു തോന്നലില്ല.

അറിയാതെ വന്ന ഈ അവധിക്കാലത്ത് ലോകത്തെന്പാടുമുള്ള കുട്ടികളെ പ്രകൃതിയുമായി പുനർ ബന്ധിക്കാൻ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന ഒരു പ്രോജക്റ്റ് തുടങ്ങിയിട്ടുണ്ട്. മുപ്പത് ദിവസത്തെ "Earth School" എന്നാണ് ഇതിന്റെ പേര്. നാഷണൽ ജോഗ്രഫിക് മുതൽ ബി ബി സി വരെയുള്ള സ്ഥാപനങ്ങളിൽ നിന്നുമുള്ള മെറ്റീരിയൽ ഉപയോഗിച്ച് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം.

താല്പര്യമുള്ളവർ, കുട്ടികളും അധ്യാപകരും, ലിങ്ക് ഫോളോ ചെയ്യുക.

Link: https://ed.ted.com/earthschool

 മറ്റുളളവർ ഇതൊന്ന് ഷെയർ ചെയ്യുകയോ അധ്യാപകരായിട്ടുള്ള സുഹൃത്തുക്കളെ ടാഗ് ചെയ്യുകയോ ചെയ്യാം."

#Earthschool
*****************************************************************
(ആരെഴുതി എന്നറിയില്ല..സൂപ്പർ)
എന്റെ കോറോണേ....🙂

ദൈവകോപമെന്ന് വിശ്വാസി
ദൈവമില്ലെന്നുറപ്പായെന്ന്
അവിശ്വാസി
മർത്യരക്ഷയ്ക്കായ് -
പ്രാർത്ഥിക്കുന്നുണ്ടെന്ന് മതം
ദൈവത്തെയാദ്യം രക്ഷിക്കൂവെന്ന്
യുക്തിവാദി
മുമ്പേ അറിഞ്ഞിരുന്നെന്ന് പ്രവാചകർ,
മുമ്പേ പറയാഞ്ഞതെന്തെന്ന് നിഷേധികൾ
ശനിയുടെ അപഹാരമെന്ന് ജ്യോതിഷി
പൂജചെയ്ത് കുടത്തിലാക്കാമെന്ന്
മന്ത്രവാദി
കൊന്നുതിന്നതിന്റെ ശാപമെന്ന്
സസ്യഭോജി
ശാപമില്ലാത്തോർക്കും വന്നില്ലേയെന്ന്
മാംസഭോജി
ഓർമയിലേയില്ലെന്നു പഴമക്കാർ
ഓർക്കാനേ വയ്യെന്ന് ഭീരു
മരണമാണ് ഭേദമെന്ന് മനോരോഗി
ഇതും കടന്നുപോകുമെന്ന്
തത്വജ്ഞാനി
എന്തും നേരിടുമെന്ന് ധീരൻ
ഒരു ചുക്കും ചെയ്യുന്നില്ലെന്ന്,
പ്രതിപക്ഷം
നിങ്ങളാണെങ്കിൽ
നാടു ചുക്കായേനെയെന്ന്,
ഭരണപക്ഷം
പരിസ്ഥിതിക്ക് ഉപകാരമെന്ന് നീരീക്ഷകർ
പ്രകൃതിയിലേക്കു മടങ്ങാറായെന്ന്
പ്രകൃതിസ്നേഹി
ആത്മീയത മാത്രമാണഭയമെന്ന്
ആത്മാന്വേഷകൻ
വിർച്വൽ ലോകമാണ്
യാഥാർഥ്യമെന്ന് ടെക്കി
ചികിത്സയില്ലെന്ന് വൈദ്യം
ലേശം കഴിച്ചാൽ വരില്ലെന്ന്,
മദ്യശാസ്ത്രത്തിലുണ്ടെന്ന് മുക്കുടിയൻ
ചൂടിൽ പെരുകില്ലെന്ന് ഉച്ചവട്ടൻ
'മഹാഭാരത'ത്തിൽ പണ്ടേ
മരുന്നുണ്ടെന്ന് ഒരു മരത്തലയൻ
ചെലവ് കൂടുമെങ്കിലും,
വാക്‌സിൻ ഉടനെന്ന് ശാസ്ത്രം
വെറും പത്തുരൂപയുടെ
സോപ്പിൽ തീർക്കാമെന്ന് ട്രോളൻ
പറയാത്ത ചെടിയുടെ അറിയാത്ത വേര്
സമൂലംവെച്ച് കഴിച്ചാൽ മതിയെന്ന്,
പ്രശസ്ത യൂട്യൂബ് വൈദ്യൻ,
മഠയോധാരൻ
അന്തിചർച്ചയിൽ കൊഞ്ഞനംകുത്തി  കൊന്നുകാണിക്കാമെന്ന്
മാധ്യമങ്ങൾ
മുറിയടിച്ചിരുന്ന് നേരിടാമെന്ന് സ്റ്റേറ്റ്
അതിർത്തികൾ അടച്ച് തുരത്തുമെന്ന്
രാജ്യങ്ങൾ
ചൈനയുടെ കെണിയെന്ന് ട്രംപ്
ഞങ്ങടെ വൈറസ് ഇങ്ങനല്ലെന്ന് ചൈന
ട്രംപിന് ഭ്രാന്തെന്ന് ലോകം
നടുവിൽ നട്ടം തിരിഞ്ഞ് മനുഷ്യർ
എങ്കിലും എന്റെ കോറോണേ,
ഇത്തിരി കുഞ്ഞൻ നീ
മറഞ്ഞിരുന്നു കാണിക്കുന്ന
മായാജാലമൊന്നും
കാണിച്ചിട്ടില്ല,
ഒരു മാന്ത്രികനും
ഭൂമിയിലിന്നോളം.

No comments:

Post a Comment