ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

ഡ്രൈവിംഗും കൊറോണയും

ഡ്രൈവിംഗും 🚗

🚰 കൊറോണയും 😷

1996 ൽ ഇരുചക്രവാഹന ലൈസൻസ് എടുത്തെങ്കിലും പിന്നെയും ഒരു പത്ത് വർഷം കഴിഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ട് പിറന്ന ശേഷമാണ് നാലു ചക്രവാഹനം ഓടിക്കാനുള്ള ലൈസൻസ് എടുക്കാനുള്ള പരിശ്രമം തുടങ്ങിയത്.


പരിശീലനം തുടങ്ങിയ ദിവസം തന്നെ ഡ്രൈവിംഗ് ആശാൻ ഞങ്ങൾക്ക് മൂവർക്കുമായി ഒരു ഉപദേശം തന്നു.
ഒരുപദേശമല്ല രണ്ട് ഉപദേശം എന്ന് പറയുന്നതാവും ശരി.

അവ സാക്ഷാൽ സംഭാഷണ രൂപത്തിൽ ഇപ്രകാരമായിരുന്നു.

"റോഡിലൂടെ വാഹനം ഓടിച്ച് പോകുമ്പോൾ രണ്ട് കാര്യങ്ങൾ എപ്പോഴും മനസിൽ ഓർത്താൽ 99% അപകടങ്ങളും ഒഴിവാക്കാം"

ആ രണ്ട് കാര്യങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ എന്ന ഭാവത്തിൽ (ഗർവിൽ എന്നു പറയുന്നതാണ് കൂടുതൽ ശരി) ആശാൻ ഞങ്ങളുടെ മുഖത്തു മാറി മാറി നോക്കി.
പഠിപ്പിക്കാത്ത പാഠഭാഗത്ത് നിന്നു ചോദ്യം കേൾക്കുമ്പോഴുള്ള കുട്ടികളുടെ ഭാവം അനുകരിക്കും മട്ടിൽ ഞങ്ങൾ പരസ്പരം നോക്കി. പിന്നെ, സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ശരിയായി എഴുതാത്തതിന് ഉദ്യോഗസ്ഥൻ്റെ അധിക്ഷേപം കേൾക്കുമ്പോൾ സർക്കാരാഫീസിലെത്തിയ സാധാരണക്കാരൻ്റെ മുഖത്തുണ്ടാവുന്ന ജാള്യത അനുകരിക്കും മട്ടിൽ മൂവരും ഒരുമിച്ച് ആശാൻ്റെ മുഖത്തേയ്ക്കും നോക്കി.

ചോദ്യങ്ങൾക്ക് ഉത്തരം പറയാത്ത കുട്ടികൾ അദ്ധ്യാപകന് നൽകുന്ന ആഹ്ലാദത്തെപ്പറ്റിയുള്ള എം.എൻ.വിജയൻ മാഷിൻ്റെ വരികളുടെ ശരിമ ആ മുഖത്ത് വായിച്ചെടുക്കാമായിരുന്നു.

"ഒന്ന്.  റോഡിലൂടെ നടക്കുന്നവരെല്ലാം ഭ്രാന്ത് ഉള്ളവരാണെന്നു കരുതി വാഹനം ഓടിക്കണം. മനസിലായോ ?"

ഇപ്പോഴും ഞങ്ങൾ പഴയ ഭാവങ്ങൾ ആവർത്തിച്ചു.

"അതായത്, റോഡിലൂടെ നടക്കുന്നവർ ഭ്രാന്തുള്ളവരെപ്പോലെ, ഏത് സമയവും എങ്ങോട്ടും എടുത്തു ചാടാൻ സാധ്യതയുണ്ട് എന്ന് കരുതി വേണം നമ്മൾ വാഹനം ഓടിക്കാൻ എന്ന്. ഇപ്പോ മനസിലായോ ?"

"മനസിലായി, മനസിലായി " ഡ്രൈവിംഗ് പഠിച്ചില്ലെങ്കിലും കൊടുത്ത പണത്തിൻ്റെ പകുതി മുതലായി എന്ന സന്തോഷത്തിൽ ഞങ്ങൾ കോറസ് ആയി.

"രണ്ട്. നമ്മളൊഴികേ മറ്റാർക്കും ട്രാഫിക് നിയമങ്ങൾ അറിയില്ല എന്ന് കരുതി വാഹനം ഓടിക്കണം .മനസിലായോ ?"

ഞങ്ങൾക്ക് ഇപ്പോഴും മനസിലായില്ല.

"അതായത്, മറ്റ് വാഹനങ്ങൾ സിഗ്നൽ കാണിച്ചേ വളയൂ, സിഗ്നൽ കാണിച്ചേ നിർത്തൂ, ശരിയായ വശത്തേ ഓവർ ടേക്ക് ചെയ്യൂ എന്നൊന്നും പ്രതീക്ഷിക്കരുത്. ഒരു ട്രാഫിക് നിയമവും അറിഞ്ഞുകൂടാത്തവരെപ്പോലെയാവും അവർ വാഹനമോടിക്കുന്നതെന്ന് കരുതിയാണ് നമ്മൾ വാഹനം ഓടിക്കേണ്ടത്. മനസിലായോ ?"

"മനസിലായി.... മനസിലായി " ഞങ്ങൾക്ക് മുഴുവൻ പണവും മുതലായിക്കഴിഞ്ഞിരുന്നു.

ഇതിപ്പോ ഓർക്കാൻ ഒരു പ്രത്യേക കാരണം ഉണ്ട് .

കോവിഡ് 19 ഉയർത്തുന്ന വെല്ലുവിളി നേരിടാനായി, വീടിനു പുറത്തിറങ്ങുമ്പോഴെല്ലാം നിർബന്ധമായും മാസ്ക് ധരിക്കുന്ന ശീലം വളർത്തിയെടുക്കുന്നതാണല്ലോ ഇപ്പോ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന്.

ഇക്കഴിഞ്ഞൊരു ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുറേ സമയം ചെലവഴിക്കേണ്ട ഒരു ആവശ്യം വന്നു.
ചുറ്റിലും നോക്കുമ്പോൾ എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട്. പക്ഷേ ഓരോരുത്തരും ധരിച്ചിരിക്കുന്നത് ഓരോ രീതിയിലാണെന്നു മാത്രം.

വായിൽക്കൂടി മാത്രം പകരുന്ന ഏതോ രോഗത്തെ ചെറുക്കും വിധമായിരുന്നു ചിലരുടെ മാസ്കുകൾ.

ചിലരുടെ മാസ്കുകൾ താടിയെ സുരക്ഷിതമായി സംരംക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു.

സംസാരം കേൾക്കുമ്പോൾ പേടിച്ചോടുന്ന വൈറസിനെ മനസിൽ കണ്ടെന്ന മട്ടിൽ സംസാരിക്കുമ്പോൾ മാത്രം മാസ്ക് മാറ്റുകയും അല്ലാത്തപ്പോഴെല്ലാം യഥാസ്ഥാനത്ത് ധരിക്കുകയും ചെയ്ത് മറ്റു ചിലർ വ്യത്യസ്ത മാതൃക തീർക്കുന്നുണ്ടായിരുന്നു.

ആശുപത്രിയുടെ ചുവരിലും, അഴികളിലുമെല്ലാം യഥേഷ്ടം തൊടുകയും, പിടിയ്ക്കുകയും ഒക്കെ ചെയ്ത ശേഷം ആ കൈകൾ മൂക്കിലും, വായിലും തൊടുന്നതിന് ഒരു നിയന്ത്രണവും കാണിക്കാത്തവരായിരുന്നു മിക്കവരും.

ഇത് കണ്ടപ്പോൾ എനിക്ക് എൻ്റെ പഴയ ഡ്രൈവിംഗ് പരിശീലകൻ്റെ വാക്കുകളാണ് ഓർമ്മ വന്നത്. ശരിയായി വാഹനമോടിക്കാൻ പരിശീലിക്കുന്നതു പോലെ കൊറോണാനന്തര ലോകത്ത് ജീവിക്കാനും നല്ല പരിശീലനം നേടേണ്ടതുണ്ടെന്ന് തോന്നുന്നു.

കോവിഡ് -19 ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ഞങ്ങളുടെ ആശാനാണ് ക്ലാസെടുക്കുന്നതെങ്കിൽ ഇങ്ങനെ പറഞ്ഞേയ്ക്കും എന്ന് തോന്നുന്നു.

" പുറത്തിറങ്ങുമ്പോൾ രണ്ട് കാര്യങ്ങൾ മനസിൽ എപ്പോഴും ഓർത്താൽ കൊറോണ വൈറസിനെ 99% വും അകറ്റി നിർത്താം."

"ഒന്ന്,നമ്മുടെ ചുറ്റിലും കാണുന്നവരെല്ലാം Covid ബാധിതരാണെന്ന രീതിയിൽ മാത്രം മറ്റുള്ളവരോട് ഇടപഴകുക "

"രണ്ട്, നമ്മളൊഴികെ മറ്റെല്ലാവരും മൂക്ക് ചീറ്റിയ ശേഷവും ചുമച്ച ശേഷവും കൈകൾ വൃത്തിയാക്കാതെയാണ് എല്ലായിടത്തും തൊടുന്നതെന്നും, അതേ കൈകൾ കൊണ്ടാണ് അവർ നമുക്ക് ഹസ്തദാനം നടത്തിയതെന്നും കരുതി ഇടയ്ക്കിടെ നമ്മുടെ കൈകൾ വൃത്തിയാക്കുക"

ആശാൻ്റെ ഉപദേശങ്ങൾ എപ്പോഴും ഓർത്താണ് വാഹനം ഓടിക്കുന്നതെങ്കിലും രണ്ടു തവണ അപകടത്തിൽപ്പെട്ടു എന്നത് വേറെ കാര്യം. പക്ഷേ രണ്ട് തവണയും പുറകിൽ നിന്നു വന്ന വാഹനങ്ങളാണ് ഇടിച്ചത്. അവർ പഠിച്ചത് ഈ ആശാൻ്റെ അടുത്ത് ആയിരിക്കില്ലല്ലോ. മാത്രവുമല്ല 99% അപകടവും ഒഴിവാക്കാം എന്നല്ലേ ആശാൻ പറഞ്ഞിട്ടുള്ളൂ.

കൊറോണ വൈറസിൻ്റെ കാര്യത്തിലും അതു തന്നെയാവും അദ്ദേഹത്തിൻ്റെ ഉപദേശം.
"മുകളിലെ രണ്ട് ഉപദേശങ്ങൾ പാലിച്ചാൽ 99% കോവിഡ് രോഗവും ഒഴിവാക്കാം "

No comments:

Post a Comment