മഹാരാഷ്ട്രയിൽ നിന്നും മധ്യപ്രദേശിലേക്ക് നടക്കാനിറങ്ങിയ മനുഷ്യർ, ഇക്കാണുന്ന വഴികളെല്ലാം തങ്ങൾക്കു നടന്നു തീർക്കാനുള്ളതാണെന്നു കരുതിയ ഇരിക്കപ്പൊറുതി ഇല്ലാത്ത മനുഷ്യർ.
എല്ലാ നാടുകളും അന്യനാടുകളായ ആരുടെയും അതിഥികളല്ലാത്ത മനുഷ്യർ.
അവർ തീവണ്ടികളോട് മത്സരിക്കുകയായിരുന്നില്ല, അവർ ആരോടും മത്സരിക്കുകയായിരുന്നില്ല, എല്ലാ മത്സരങ്ങളിലും തോറ്റോടി കൊണ്ടിരിക്കുന്നവർ.
അവരെ ആരും തടഞ്ഞു നിർത്തുന്നില്ല, അവരെ ആരും ചേർത്തു നിർത്തുന്നില്ല. ആരുടെ കണക്കുപുസ്തകത്തിലും അവരുടെ പേരില്ല, അവരുടെ വേരില്ല, അവരുടെ ചോരയും കണ്ണീരുമില്ല.
എവിടെ കിടന്നാലും ഉറങ്ങിപ്പോകുന്നവർ, ഒരു പ്ലാറ്റ്ഫോം ടിക്കറ്റിന്റെ പോലും ധൂർത്തില്ലാത്തവർ. അവരെ ആരും കാണുന്നില്ല, അവരെ ആരും കയറ്റുന്നില്ല. ഇരുട്ടിൽ മറഞ്ഞു കിടക്കുന്നവർ.
അവരുടെ സ്റ്റേഷൻ വഴിയുള്ള വണ്ടി ആയിരിക്കാം കടന്നുപോയത്, അതിപ്പോൾ അവിടവും കടന്നു പോയിട്ടുണ്ടാവാം.
പാഞ്ഞു വരുന്നൊരു തീവണ്ടി ഒരു ദുഃസ്വപ്നമായി പോലും ഞെട്ടി ഉണർത്താതെ അവർ ഉറങ്ങിപ്പോകുന്നത് എന്തുകൊണ്ടായിരിക്കാം?
വൈകിയോടുന്ന ഒരു തീവണ്ടിയുടെ അത്രയെങ്കിലും കരുണ നമുക്ക് ഇല്ലാതായിപ്പോകുന്നത് എന്തുകൊണ്ടായിരിക്കാം?
അവർ ശരിക്കും ഏതു രാജ്യക്കാരാണ്?
-ഫോർവേഡഡ് ബൈ പദ്മരാജൻ
*****************************************************************
സുപ്രീംകോടതി ഒഴിവുകഴിവ് പറഞ്ഞൊഴിവാകുമ്പോൾ
നിങ്ങളറിയുമോ പതിനേഴ് ജീവനുകളെ ട്രെയിൻചക്രം "കയറ്റിക്കൊന്ന സുപ്രീംകോടതിവിധി യെ...?!"
നിങ്ങളീ വാക്കുകൾ കേട്ടിട്ടുണ്ടോ?!
"Not an expert body' on lodging, feeding migrant workers"
ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിന്, രാജ്യത്തെ ദരിദ്രരിൽ ദരിദ്രരായ, ഒരുനേരത്തെ അന്നത്തിനുവേണ്ടി നാടും കൂടും ഉപേക്ഷിച്ചു ഇതര സംസ്ഥാനങ്ങളിൽ പൊരിവെയിലത്തും പെരുമഴയിലും കഠിനാദ്ധ്വാനം ചെയ്യുന്ന, പുഴുക്കളെപ്പോലെ അധികാരിവർഗ്ഗം കാണുന്ന മനുഷ്യജന്മങ്ങളെ നാട്ടിലെത്തിക്കാൻ വേണ്ടി, സുപ്രീംകോടതിയിൽ നൽകിയ പൊതുതാൽപ്പര്യ ഹരജിയിൽ ഇടപെടാതെ, സുപ്രീംകോടതി ഒഴിവുകഴിവ് പറഞ്ഞൊഴിവായ വാക്കുകളാണിത്. കോടതി ആ പാവം മനുഷ്യരെ പരിഹസിക്കുംപോലെ വീണ്ടും തുടർന്നു -
"We do not plan to supplant the wisdom of the government with our wisdom. We are not experts in health or management and will ask the government to create a helpline for complaints," the bench said while fixing the PIL
ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ഔരംഗബാദിൽ, "പുഴുക്കളെപ്പോലെ"- പിടയാൻപോലുമാവാതെ അവസാനിച്ച പതിനേഴ് മനുഷ്യരെക്കുറിച്ചാണ്, അവരുടെ വർഗ്ഗത്തെക്കുറിച്ചാണ് പറയുന്നത്. എനിക്കും നിങ്ങൾക്കും കഴിക്കാൻ അന്നവും, ഉല്ലസിക്കാൻ ഷോപ്പിംഗ് കോംപ്ലക്സുകളും, ഹോട്ടലുകളും രമ്യഹർമ്യങ്ങളും ഉണ്ടാക്കുന്ന പാവം മനുഷ്യരെക്കുറിച്ച്...
വിശപ്പിനാൽ തോൽക്കാനും, വ്യവസ്ഥിതിക്ക് മുന്നിൽ ജയിക്കാനുമാവാത്ത ഹതഭാഗ്യരെക്കുറിച്ച്...
റയിൽവെ ട്രാക്കിൽ ചതഞ്ഞരഞ്ഞ പിഞ്ചു കുഞ്ഞുങ്ങളെക്കുറിച്ച്.!! 😔😥
നൂറുകണക്കിന് മൈലുകൾക്കപ്പുറമുള്ള കുടിലിലേക്ക്, പൊരിവെയിലിൽ കാൽനടയായി നടന്നുപോകുമ്പോൾ, പാത്രിരാത്രിയിൽ ക്ഷീണം തീർക്കാൻ ഉറങ്ങിയതാണ് വിസർജ്ജ്യങ്ങളും മാലിന്യങ്ങളും നിറഞ്ഞ റയിൽവെ ട്രാക്കിൽ. മാതാപിതാക്കളുടെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കൂടെ. ട്രാക്കിലൂടെ വെയിൽച്ചൂടിലും നടക്കുന്നതെന്തിനെന്നറിയാമോ?! നാട്ടിലേക്കുള്ള വഴിയറിയാത്തതിനാൽ. റയിൽവെ പാളങ്ങൾ വഴിതെറ്റാതെ വീടെത്തിക്കുമെന്ന വിശ്വാസത്താൽ...!
മൈലോർഡ്‌സ്,
കോട്ടിൽ പത്തുലക്ഷം മുടക്കി പേരെഴുതുന്ന അൽപ്പന്റെ നാട്ടിലാണ് സർ...
922 കോടി രൂപമുടക്കി പുതിയ പാർലമെന്റ് മന്ദിരം പണിയുന്ന നാട്ടിലാണ് സർ...
നാലുമണിക്കൂർ നേരം ഡൊണാൾഡ് ട്രംപ് അഹമ്മദാബാദ് സന്ദർശിക്കുന്നതിന്, 127 കോടി രൂപ മുടക്കി ചേരികളിലെ കഷ്ടപ്പാട് മതിലുകെട്ടി മറച്ചുവെച്ച നാട്ടിലാണ് സർ...
പക്ഷികൾക്ക് കാഷ്ഠിക്കാനായി 3000 കോടിയിലേറെ മുടക്കി പട്ടേൽ പ്രതിമ നിർമ്മിച്ച മഹാരാജ്യത്താണ് സർ...
ഒടുവിൽ കഴിഞ്ഞ ദിവസം, മേഹുൽ ചോസ്കിയും വിജയ് മല്യയും അടങ്ങുന്ന കോർപ്പറേറ്റ് കൊള്ളക്കാർക്കായി നികുതിദായകന്റെ 68,600 കോടി രൂപ എഴുതിത്തള്ളിയ മഹാരാജ്യത്താണ് സർ...
ഇന്നലെവരെ ജീവനോടെയിരുന്ന ആ പച്ചമനുഷ്യരും അവരുടെ കുഞ്ഞുങ്ങളും അരഞ്ഞുപോയത്!!
അഞ്ഞൂറോ അറുന്നൂറോ രൂപ മുടക്കി ആ പാവങ്ങളെ വീട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിനോട് ഉത്തരവിടാൻ കഴിയാതിരുന്ന നിങ്ങളൊക്കെ ഇന്നെങ്ങനെയാണ് ഉറങ്ങുന്നത് മൈലോർഡ്‌സ്..?!
യഥാർത്ഥത്തിൽ നിങ്ങളൊക്കെ എന്തിൻറെ കുഞ്ഞുങ്ങളായാണ് ജനിച്ചത്...?!
ഈ രാജ്യം ആരുടേതാണ് മൈലോർഡ്‌സ്...?! 🙄😒
കോവിഡ് കാലത്തെ ഇന്ത്യൻ സുപ്രീംകോടതിയെക്കുറിച്ചു നാളത്തെ നിയമ - ചരിത്രവിദ്യാർത്ഥികൾ പഠിക്കുമ്പോൾ, ക്ലാസ് മുറികളിൽ കണ്ണുനീരല്ല, അറപ്പിന്റെ കാർക്കിച്ചു തുപ്പലും, ഛർദ്ദിയിലെത്താത്ത ഓക്കാനങ്ങളും കൊണ്ട് നിറയുന്ന നാളുകൾ വരും മൈലോർഡ്‌സ്! കാലം നിങ്ങളെ ക്രൂരമായി അടയാളപ്പെടുത്തും!! 😔😒
റയിൽവേ ട്രാക്കിൽ പൂവിതളുകൾപോലെ ചതഞ്ഞരഞ്ഞുപോയ കുഞ്ഞുങ്ങളേ...
പ്രിയരേ മാപ്പ്...😥😰
ഒരു നിസ്സഹായനായ പൗരന്റെ കണ്ണീർപ്പൂക്കൾ...💞🥀
ബാഷ്‌പാഞ്‌ജലി...😔😥💞🥀
BY Adv. Jahangeer Amina Razaq.
NOTE : THE ABOVE ARTICLE DOES NOT ENTIRELY CONTAIN THE BLOGGER'S OPINION. IT IS PUBLISHED HERE ONLY FOR DISCUSSION.-BLOGGER
No comments:
Post a Comment