ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

കോവിഡ് സുഖപ്പെട്ട കുടുംബം ഒരു ലക്ഷം രൂപ നല്‍കി

6 /5/2020 നന്ദിയും കടപ്പാടും വാക്കുകളിലൊതുക്കിയില്ല.* കോവിഡ് സുഖപ്പെട്ട കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി

നന്ദിയും കടപ്പാടും വാക്കുകളിലൊതുക്കാതെ കോവിഡ് ഭേദമായ എരിയാലിലെ ഉമ്മത്ത് കോംബൗണ്ടിലെ കുടുംബം ഒരു ലക്ഷം രൂപയാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍ പ്രദേശത്തെ ഈ കുടുംബത്തിലെ ആറു പേര്‍ക്കാണ് ഒന്നിനു പിറകെ ഒന്നായി കോവിഡ് 19 സ്ഥിരീകരിച്ചത്. മാര്‍ച്ച് 16 ന് ദുബായിയില്‍ നിന്ന് വന്ന അലി അസ്‌കറിനാണ് മാര്‍ച്ച് 21 ന് ആദ്യമായി കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 27 ന് ഇദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമത്ത് സഹ്സിയക്കും പിന്നീട് അലി അസ്‌കറിന്റെ ഉമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ മൂന്നിന് അലി അസ്‌കറിന്റെ ജേഷ്ടന്റെ ഭാര്യ ജസീലയ്ക്കും പിന്നീട് ഏപ്രില്‍ ഏഴിന് ജസീലയുടെ എട്ടും പത്തും വയസ്സുള്ള രണ്ട് പെണ്‍ മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ അഞ്ച് പേരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അടുത്ത ബന്ധുക്കളുടെ ഉള്‍പ്പെടെ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും ഐസൊലേറ്റ് ചെയ്തു. 'കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേരെ രോഗം ബാധിച്ചപ്പോഴുണ്ടായ പ്രയാസവും മാനസിക വേദനയും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്, ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും പല ഭാഗത്ത് നിന്നുണ്ടായപ്പോഴും സര്‍ക്കാറിന്റെ കരുതലും സഹായവും ഏറെ സന്തോഷം നല്‍കിയതായി' അസ്‌കറിന്റെ സഹോദരന്‍ മഹമൂദ് പറഞ്ഞു.
കാസര്‍കോട്, കാഞ്ഞങ്ങാട് ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച സ്നേഹവും ഇവര്‍ നല്‍കിയ ആത്മധൈര്യവും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതാണന്ന് ഈ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. രോഗബാധിതരായവര്‍ക്ക് സ്വന്തം കുടുംബാംഗങ്ങളില്‍ നിന്ന് പോലും ലഭിക്കാന്‍ സാധ്യതയില്ലാത്ത പരിചരണമാണ് ആശുപത്രികളില്‍ നിന്ന് ലഭിച്ചത്. സാധാരണ പനി വന്ന് ആശുപത്രിയില്‍ കിടക്കുമ്പോഴുണ്ടാകുന്ന പ്രയാസം പോലും ആശുപത്രിയിലുണ്ടായില്ല. ഇഷ്ടപ്പെട്ട, ആവശ്യപ്പെട്ട ഭക്ഷണമാണ് എല്ലാ ദിവസവും ലഭിച്ച് കൊണ്ടിരുന്നതെന്ന് അലി അസ്‌കറിന്റെ ഉമ്മ റുഖിയ ഇബ്രാഹിം പറഞ്ഞു. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ പരാജയപ്പെട്ടിടത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്യത്തിലുള്ള കേരള സര്‍ക്കാര്‍ ഈ മഹാമാരിയെ പിടിച്ച് കെട്ടുന്നതില്‍ വിജയിച്ചത്. 'പല രാജ്യങ്ങളിലും കോവിഡ് രോഗ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കും വലിയ സംഖ്യ ചെലവ് വരുന്നതിനാല്‍ ചികിത്സ ലഭിക്കാതെയാണ് പലരും മരണപ്പെടുന്നത്. പ്രായം ചെന്ന രോഗബാധിതരെ രക്ഷപ്പെടുത്താനുള്ള ശ്രമം പോലും പല രാജ്യങ്ങളിലും നടക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, സ്വദേശിയെന്നോ, വിദേശിയെന്നോ, ചെറുതെന്നോ, വലുതെന്നോ, വ്യത്യാസമില്ലാതെ ഒരു രൂപ പോലും ചെലവില്ലാതെയായിരുന്നു ചികിത്സയെന്ന് ഒരു കുടുംബത്തിലെ ആറ് പേര്‍ ഒരേ സമയം രോഗബാധിതരായപ്പോള്‍ അതിന്റെ മുഴുവന്‍ പ്രയാസവും വേദനയും വേവലാതിയും നെഞ്ചേറ്റിയ മഹമൂദ് പറയുമ്പോള്‍ ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.

തന്റെ ഉമ്മയും അനിയനും മക്കളും ഭാര്യയും ഉള്‍പ്പെടെ ആറ് പേര്‍ കോവിഡ് 19 ബാധിച്ച് ആശുപത്രിയിലായപ്പോള്‍ ഗള്‍ഫിലുള്ള മുസ്ഥഫയ്ക്ക് മനസ്സുരുകി പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ലായിരുന്നു. പിന്നീട് എല്ലാവര്‍ക്കും അസുഖം ഭേദമായി എന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം വാക്കുകള്‍ക്കതീതമാണ്. തന്റെ ഉറ്റവരെ സംരക്ഷിച്ച് പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരുന്നതിന് നിമിത്തമായ സംസ്ഥാന സര്‍ക്കാരിനോടുള്ള നന്ദിയും കടപ്പാടും വാക്കുകളിലൊതുക്കേണ്ടതില്ലെന്ന മുസ്ഥഫയുടെയും ബന്ധുവായ ശിഹാബിന്റെയും അഭിപ്രായത്തോട് കുടുംബത്തിലെ മറ്റുള്ളവരും യോജിച്ചു. അങ്ങനെയാണ് കുടുംബ ട്രസ്റ്റായ ഉമ്മത്ത് ഫൗണ്ടേഷന് കീഴില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും ജില്ലയിലെ ആവശ്യത്തിനായി സാനിറ്റൈസറും നല്‍കിയത്. ഇത് കൂടാതെ നാട്ടിലെ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും വിതരണം ചെയ്തു. ജില്ലയിലെ കോവിഡ് നിയന്ത്രണ -പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയ ജില്ലാ കളകറ്റര്‍ ഡോ. ഡി. സജിത് ബാബു, ഐ.ജി വിജയ് സാഖറെ, സ്പെഷ്യല്‍ ഓഫീസര്‍ അല്‍കേശ് ശര്‍മ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി രാംദാസ്, ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍, ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു, ജില്ലയിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാറിന്റെ നിയന്ത്രണവുമായി സഹകരിക്കുന്ന ജനങ്ങള്‍ തുടങ്ങി എല്ലാവരോടും ഈ കുടുംബം നന്ദി അറിയിച്ചു.

സമൂഹത്തോട് ഈ കുടുംബത്തിന് പറയാനുള്ളത്.

ചെറിയ ഒരു ജലദോഷമോ പനിയോ വരണമെന്ന് പോലും ഒരാളും ആഗ്രഹിക്കുകയില്ല. അറിയാതെയാണ് പലരും രോഗികളാകുന്നത്. ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 പോലുള്ള രോഗം പിടിപെട്ടവരും അവരുടെ കുടുംബവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മാനസിക സംഘര്‍ഷങ്ങളും നമ്മള്‍ വിചാരിക്കുന്നതിനെക്കാള്‍ എത്രയോ കൂടുതലാണ്. അതെല്ലാം തരണം ചെയ്ത് രോഗം ഭേദമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള നടപടിക്രമങ്ങളും ക്വാറന്റൈനും പൂര്‍ത്തിയാക്കിയവരെ വീണ്ടും ഒറ്റപ്പെടുത്തകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമീപനം മാറണം. രോഗം പകരാതിരിക്കാനുള്ള സാമൂഹിക അകലം പാലിക്കുന്നതിനെയല്ല ഉദ്ദേശിച്ചത്. കുടുംബത്തില്‍ രോഗമില്ലാത്തവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയവരും അത്യാവശ്യ കാര്യങ്ങള്‍ക്കായി നിയമാനുസൃതം പുറത്തിറങ്ങുമ്പോള്‍ വീണ്ടും വീണ്ടും വേട്ടയാടുന്നത് ഒഴിവാക്കണം. നാളെ നമുക്കും ഈ ഒരവസ്ഥ വരാമെന്ന ചിന്തയോടെ, വിവേകത്തോടെ, ജാഗ്രതയോടെ നല്ലൊരു നാളേക്കായി ഒരുമിച്ച് മുന്നേറാം. ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാറിനെ കഴിയുന്ന വിധം സഹായിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് കൂടി ഈ കുടുംബം അഭ്യര്‍ത്ഥിക്കുന്നു.
ഫോട്ടോ അടിക്കുറിപ്പ്(റുഖിയ ഇബ്രാഹിം)
റുഖിയ ഇബ്രാഹിം ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന് കൈമാറുന്നു

No comments:

Post a Comment