****മാസ്ക്കുകൾക്കും മറ്റുമുള്ള ദൗർലഭ്യം പരിഹരിക്കാൻ കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ നിർമാണ യൂണിറ്റുകൾ തുടങ്ങുന്ന കാര്യം ആലോചിക്കുക******
input from luca
കോവിഡ്-19 നിയന്ത്രണത്തിൽ ഇതു വരെ കേരളം മാതൃകാപരമായ പ്രവർത്തനം തന്നെയാണ് നടത്തിയിട്ടുള്ളത്. പക്ഷെ ഒരു ആഗോള പാൻഡമിക്കിൽ നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്നില്ല കാര്യങ്ങളുടെ പോക്ക്. ഇപ്പോൾ നാം പ്രധാനമായും പ്രവർത്തിക്കുന്നത് രോഗബാധിതർ വിദേശത്തു നിന്നു വരുന്നവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണെന്ന അനുമാനത്തിൽ നിന്നുകൊണ്ടാണ്. സംശയമുള്ളവരെ മുഴുവൻ ടെസ്റ്റു ചെയ്യാത്ത സാഹചര്യത്തിൽ ഇത് ശരിയായിക്കോളണമെന്നില്ല. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിൽ കേരളത്തെപ്പോലെ ഊർജ്ജിതമായ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. അവിടെ നിന്ന് വരുന്നവരെ നാം പരിഗണനപ്പട്ടികയിൽ കാര്യമായി ഉൾപ്പെടുത്തിയിട്ടുമില്ല.
ചുരുക്കത്തിൽ, സാധാരണ പനികളും മറ്റുമായി തെറ്റിദ്ധരിക്കപ്പെട്ട കോവിഡ് കേസുകൾ ഇപ്പോൾ തന്നെ നമ്മുടെ ഇടയിൽ സ്ഥലം പിടിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട്. അങ്ങിനെയെങ്കിൽ നാം എത്ര തന്നെ പ്രയത്നിച്ചാലും അടുത്ത 2-3 ആഴ്ച്ചകൾക്കുള്ളിൽ ധാരാളം കേസുകൾ നമ്മുടെ നാട്ടിൽ ഉണ്ടാവാമെന്നത് പ്രതീക്ഷിച്ചേ പറ്റൂ. അത്തരമൊരു സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങൾ ഉടൻ തുടങ്ങണം.
രോഗം ബാധിച്ചവരിൽ 80-90 % പേർക്ക് ഒരു സാധാരണ ജലദോഷപ്പനി പോലെയേ അനുഭവപ്പെടുകയുള്ളൂ. അത്തരക്കാർ വീട്ടിൽ ഇരിക്കുക തന്നെയാണ് വേണ്ടത്. 20 ശതമാനം പേർക്കേ മെഡിക്കൽ പരിശോധന വേണ്ടി വരികയുള്ളൂ. 5 ശതമാനത്തോളം പേർക്ക് തീവ്ര പരിചരണം (ICU) വേണ്ടി വരും.ഇവരിൽ അധിക ഭാഗവും പ്രായം കൂടുതൽ ഉള്ളവരോ അല്ലെങ്കിൽ ശാസകോശ / ഹ്രദയ രോഗങ്ങൾ ഉള്ളവരോ ആയിരിക്കും. ഒരു ജില്ലയിൽ 10000 പേർക്ക് ഒരേ സമയം രോഗം പിടി പെട്ടാൽ 500 പേർക്കെങ്കിലും തീവ്ര പരിചരണം നൽകേണ്ടി വരും. ഇതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക ദുഷ്കരമാണ്.
ഒരേ സമയം 100000 പേർക്കാണ് രോഗമെങ്കിൽ 5000 തീവ്രപരിചരണം വേണ്ട രോഗികൾ എന്ന അസാദ്ധ്യമായ സ്ഥിതിയായിരിക്കും നമുക്ക് മുന്നിൽ. സർക്കാർ, സഹകരണ, സ്വകാര്യ മേഖലകൾ എല്ലാം ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഈ വിഷമസന്ധി തരണം ചെയ്യാൻ കഴിയൂ. എല്ലാ മേഖലകളിലും ഉള്ള വിദഗ്ദ്ധരെ ആസൂത്രണത്തിൽ അടക്കം പങ്കാളികളാക്കണം.
ഈ സാഹചര്യത്തിൽ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ
1. നിലവിലുള്ള നിർദേശങ്ങൾ തുടരണം. ഗൾഫ് രാജ്യങ്ങൾ അടക്കം വിദേശത്തു നിന്ന് എത്തുന്ന എല്ലാവരും 14 ദിവസം സ്വന്തം വീട്ടിൽ ക്വാരൻ്റൈൻ പാലിക്കുമെന്ന് ഉറപ്പു വരുത്തണം.
2. തീവ്രരോഗം വരാൻ സാദ്ധ്യതയുള്ളവരെ സംരക്ഷിക്കുക. 60 വയസ്സിനു മുകളിലുള്ളവർ, ശാസകോശ – ഹ്രദയ രോഗങ്ങൾ ഉള്ളവർ എന്നിവരെ രോഗസാധ്യതയുള്ളവരിൽ നിന്ന് മാറ്റി നിർത്തുക. അത്തരക്കായി ഒരു reverse quarantine ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കണം. അത്തരക്കാരെ സംരക്ഷിക്കാൻ വേണ്ട മാർഗ്ഗനിർദേശങ്ങൾ (Guidelines) രൂപികരിച്ച് അത് എല്ലാ വീടുകളിലും എത്തിക്കുക.
3. സ്വകാര്യ ആശുപത്രികൾ അടക്കം എല്ലാ ആശുപത്രികളിലും കോവിഡ് രോഗികൾക്കായി isolation വാർഡുകൾ തയ്യാറാക്കുക. എല്ലാ താലൂക്ക് / ജില്ലാ ആശുപത്രികളിലും ഇത്തരം എത്ര ബെഡ്ഡുകൾ ലഭ്യമാണെന്ന് പരസ്യപ്പെടുത്തണം.
4. കോവിഡ് രോഗികൾക്കായി പരമാവധി വെൻ്റിലേറ്റർ സൗകര്യങ്ങൾ ഉള്ള തീവ്ര പരിചരണ യൂണിറ്റുകൾ കഴിയുന്നത്ര സർക്കാർ / സ്വകാര്യ ആശുപത്രികളിൽ തരപ്പെടുത്തുക
5. കോവിഡ് രോഗികൾക്കായി പ്രത്യേക ആംബുലൻസ് സംവിധാനങ്ങൾ ഒരുക്കുക.
6. സ്വകാര്യ ലാബുകളിലടക്കം പരമാവധി കേന്ദ്രങ്ങളിൽ രോഗനിർണയത്തിനായുള്ള PCR ടെസ്റ്റിനുള്ള സംവിധാനങ്ങൾ ഒരുക്കുക.
7. വീടുകളിൽ തന്നെയുള്ള രോഗികൾക്ക് ആധികാരികമായ ഡിജിറ്റൽ/ടെലി കൺസൾട്ടേഷനുള്ള സംവിധാനങ്ങൾ ഒരുക്കുക
8. മാസ്ക്കുകൾക്കും മറ്റുമുള്ള ദൗർലഭ്യം പരിഹരിക്കാൻ കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ നിർമാണ യൂണിറ്റുകൾ തുടങ്ങുന്ന കാര്യം ആലോചിക്കുക
No comments:
Post a Comment