ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Friday, June 25, 2021

സ്ത്രീധനത്തിൻ്റെ പേരിലുള്ള മരണങ്ങൾ

 സ്ത്രീധനത്തിൻ്റെ പേരിലുള്ള വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം - ഡിവൈഎഫ്ഐ



കൊല്ലത്തെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അപരിഷ്‌കൃത മനസുമായി ജീവിക്കുന്ന ഇത്തരം ആളുകൾ മലയാളികൾക്ക് അപമാനമാണ്. സ്ത്രീധനം എന്ന സങ്കല്പം തന്നെ നിയമം മൂലം നിരോധിച്ചിട്ട് വർഷങ്ങളായെങ്കിലും അടുത്തിടെ വന്ന വാർത്തകൾ അപകടകരമായ സന്ദേശമാണ് നൽകുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരേണ്ടതുണ്ട്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ക്രൂരമായ പീഡനത്തിന്റെ വാർത്തകളാണ്.  സ്ത്രീധനത്തിൻ്റെ പേരിൽ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് വിസ്മയ തന്നെ പറയുന്ന വാട്സാപ്പ് സന്ദേശങ്ങളും മകൾ ആത്മഹത്യ ചെയ്യില്ലെന്നും വിസ്മയയുടേത് കൊലപാതകമാണെന്നുമുള്ള അച്ഛൻ ആരോണവും പുറത്തുവന്നിട്ടുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ ഇല്ലാതാകാനുള്ളതല്ല പെൺ ജീവിതങ്ങൾ. അതിനാൽ, വിസ്മയയുടെ മരണത്തിൻ്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കണം. 


സമീപകാലത്തായി സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്നത് നാം ഗൗരവത്തോടെ കാണണം. കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ് പെൺകുട്ടികൾ എന്ന ധാരണ സമൂഹത്തിൽ ഇന്നും ശക്തമായുണ്ട്. അതിൻ്റെ പരിണിത ഫലം കൂടിയാണ് വിസ്മയയുടെ മരണം. ഈ സമൂഹത്തിലെ ഒരു കുടുംബത്തിലും ഒരു പെൺകുട്ടിയും ഇത്തരം സംഭവങ്ങൾക്ക് ഇരയാകാൻ പാടില്ല. സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയുടെയും ജീവിതം വഴിമുട്ടാൻ പാടില്ല. അതിന് കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പരിഷ്‌കൃത സമൂഹത്തിൽ നിന്ന് സ്ത്രീധനം എന്ന വിപത്തിനെ തുടച്ചുനീക്കുന്നതിന് ഡിവൈഎഫ്ഐ ശക്തമായ കാമ്പയിനുകൾ ഉയർത്തിക്കൊണ്ട് വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.-DYFI

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

പൊതുവെ കേരളത്തിന്റെ തെക്കൻ ദേശങ്ങളിൽ സ്ത്രീധനം നിശ്ചയിച്ചുള്ള വിവാഹവും സ്വത്ത്, ജാതി, സ്ത്രീധനം ഇവയെ അടിസ്ഥാനമാക്കിയുള്ള ജീവിതാസൂത്രണവും  കാണുന്നു.ഇത് പഠനവിധേയമാക്കേണ്ടതാണ്.-CKR

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

എന്താണ് ചില ഭർതൃഗേഹങ്ങളിൽ സംഭവിക്കുന്നത്? വില്പനച്ചരക്കാക്കി അഭ്യസ്തവിദ്യരായ പെൺകുട്ടികളെപ്പോലും കാണുന്ന അവസ്ഥ ! കൈക്കൂലി വകുപ്പിലെ ഉദ്യോഗസ്ഥന് പെൺകുട്ടിയും ഒരു കൈക്കൂലിയായിരുന്നിരിക്കാം. പോരാ, പോരാ കൊണ്ടുവരു, കൊണ്ടുവരു എന്ന് ആക്രോശിച്ചിട്ടുണ്ടാകാം. പാവം, മാനഹാനി ഭയന്ന് പെൺകുട്ടിയുടെ കുടുംബം adjust ചെയ്യാൻ പറഞ്ഞുകാണും. ഇങ്ങനെ എത്രയെത്ര കനൽതീയിലൂടെയാണ് നിരവധി പെൺകുട്ടികളുടെ ജീവിതം കടന്നുപോകുന്നത്. കാലിടറാതിരിക്കുന്നതെങ്ങനെ? കേരള സമൂഹം ഏറെ മാറേണ്ടിയിരിക്കുന്നു. കാഴ്ചപ്പാടുകളും. സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ ?-RAJAN PALLIYATHU

*******************************************************************

പുരുഷ അധികാരപ്രധാന മായ ചിന്തകളും വഴക്കങ്ങളും നിയമ രീതികളും ഇതിൽ പ്രധാന പങ്കു വഹിക്കുന്നു.ഇക്കാര്യങ്ങളിൽ കൃത്യസമയത്ത് ഉചിതമായി ഇടപെടാൻ കഴിയുന്ന സംവിധാനങ്ങൾ അതിക്രമങ്ങളെ കുറിച്ചുള്ള പ്രാഥമിക സൂചനകൾ ലഭിച്ചിട്ടും പുരുഷന് ( സർക്കാർ ഉദ്യോഗസ്ഥൻ / പോലീസ് )അനുകൂലമായി വിട്ടുവീഴ്ചകൾ ചെയ്യുന്നത് കുറ്റവാളികൾക്ക് തെറ്റ് ചെയ്യാൻ സമയവും ഇടവും നൽകുന്നു. പെരിന്തൽമണ്ണയിലെ പ്രണയ പരാക്രമത്തിലും ഇത് കാണാം. സ്ത്രീ സമത്വ ആശയങ്ങൾ സമൂഹത്തിന്റെ മധ്യ വർഗങ്ങളിലേക്കും അടിത്തട്ടിലേക്കും പ്രായോഗിക തലത്തിലെത്തിക്കാനുള്ള സൂക്ഷ്മതല പ്രവർത്തനങ്ങൾ രാഷ്ട്രീയ /സാമൂഹ്യ പ്രവർത്തകർ സ്വജീവിതത്തിൽ പകർത്തുകയും ബോധപൂർവം പ്രചരിപ്പിക്കുകയും വേണം.-CKR

******

പെൺകുട്ടിയുടെ കുടുംബമാണ് തെറ്റു ചെയ്തെന്ന് ആക്രോശിക്കുന്നവരുണ്ട്. നമ്മളാണെങ്കിൽ ഇതു തന്നെയല്ലേ ചെയ്യുക? ചെറിയ ചെറിയ പ്രശ്നങ്ങളിൽ Adjustment ന് തയ്യാറാവണമെന്ന് നമ്മൾ മക്കളോട് പറയില്ലേ ? ഗുരുതരമായ പ്രശ്നമാകുമെന്ന് പാവം അച്ഛനുമമ്മയും അറിയുമ്പോഴേക്കും കൈവിട്ടു പോയിട്ടുണ്ടാകും.RP

>>>>

അതും വാസ്തവം.-CKR

****

വിവാഹമോചനം ഒരു തെറ്റല്ല. കുറ്റവുമല്ല.


അമ്മമാരോട്,

വിവാഹമാണ് ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യം എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കരുത്. 

വല്ല വീട്ടിലും പോയി ജീവിക്കുമ്പോൾ വളർത്തുദോഷം കേൾപ്പിക്കരുത് എന്നു പറഞ്ഞ് വളർത്തുകയുമരുത്. 

നാട്ടുകാരെന്തു പറയും എന്നു കരുതി നിങ്ങടെ മാനം കാക്കാൻ പതിനെട്ടു തികയാൻ കാത്തു നിന്ന് പെൺമക്കളെ കെട്ടിച്ചു വിടാൻ ധൃതി കാട്ടരുത് .

സ്ത്രീധനം കൊടുക്കരുത്;സ്ത്രീധനം ചോദിച്ചു വരുന്നവന് മകളെയും കൊടുക്കരുത്.

അവർക്ക് ആകുവോളം പഠിക്കട്ടെ. അവർ യഥേഷ്ടം കളിക്കുകയും ചിരിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്യട്ടെ.

വിവാഹം കഴിഞ്ഞു പഠിത്തം എന്നൊരു ഫോർമുലയ്ക്ക് അവരുടെ മുമ്പിൽ വയ്ക്കരുത്.

പെൺമക്കളെ ധൈര്യവതികളായി വളർത്തുക. പെൺകുട്ടികൾക്കായി വരച്ചിരിക്കുന്ന പരമ്പരാഗത വഴികളിൽ നിന്ന് മാറി നടക്കാനും പുതിയ വഴി വെട്ടിത്തെളിക്കാനും അവരെ പഠിപ്പിക്കുക.

ചെന്നു കയറിയ വീട്ടിൽ മകൾക്ക് ജീവിതം തുടരാൻ പറ്റാത്ത സാഹചര്യം വന്നാൽ നിങ്ങൾക്കേ അതു മനസ്സിലാകൂ. മകളെ തിരിച്ചുവിളിക്കാൻ അമാന്തം കാണിക്കരുത്. പ്രശ്നങ്ങൾ ഒത്തു തീർത്ത് അവളെ മരണത്തിന് വിട്ടുകൊടുക്കരുത്. 

സ്വന്തം കാലിൽ നിന്ന് മുന്നോട്ടു പോകാനുള്ള ധൈര്യം നൽകുക.

പെൺകുട്ടികളോട്,

വിവാഹം ജീവിതത്തിൻ്റെ ഒരേയൊരു ലക്ഷ്യമല്ല. 

പഠിക്കുക,  സ്വന്തം കാലിൽ നിൽക്കാനുള്ള അറിവും ധൈര്യവും ആർജ്ജിക്കുക. ഒരു പൗരൻ എന്ന നിലയിൽ സമൂഹത്തോടുള്ള കടപ്പാട് നിറവേറ്റുകയാണ് പ്രഥമ ധർമ്മം. ജാതിക്കും തുകയ്ക്കുമപ്പുറത്ത് മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരാളെ കണ്ടെത്തുന്ന പക്ഷം വിവാഹം കഴിക്കുക.

ഒരുമിച്ച് പോകാൻ പറ്റില്ല എന്ന ഘട്ടം വരുന്ന പക്ഷം സന്തോഷത്തോടെ ധൈര്യത്തോടെ പിരിയുക. മരിക്കാൻ നിൽക്കരുത്. അത് തോൽവിയാണ്. ജീവിതം തിരിച്ചുപിടിക്കണം. വിവാഹം നിങ്ങളുടെ മാത്രം ആവശ്യകതയല്ല. 

സർക്കാർ ചെയ്യേണ്ടത്,

കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകുക.

സ്ത്രീകളെ രണ്ടാം തരമാക്കുന്ന എല്ലാ നിയമങ്ങളും എടുത്ത് കളയുക.

അവസരസമത്വവും തുല്യതയും ഉറപ്പാക്കുക.

സ്ത്രീധന നിരോധന നിയമം കർക്കശമായി നടപ്പിലാക്കുക.

മദ്യം സമ്പൂർണമായും നിരോധിക്കുക.

മറ്റ് ചില കാര്യങ്ങൾ കൂടെ ,

വിവാഹം, കുടുംബ ജീവിതം ഇവയെയെല്ലാം സംബന്ധിച്ച് ഏറെ പഴക്കമുള്ള കാഴ്ചപ്പാടുകളാണ് ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നത്. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളുടെ സംരക്ഷണയിൽ ഒരു പ്രായം വരെ വളർത്തപ്പെട്ട്, വിവാഹത്തിലൂടെ ശിഷ്ട ജീവിതത്തിന് ഇടം കണ്ടെത്തുന്നു എന്നതിൽ കവിഞ്ഞ് കൂടുതലൊന്നും ഇക്കാലത്തും സംഭവിക്കുന്നില്ല. ഭക്ഷണം, വസ്ത്രം, താമസിക്കാനുള്ള ഇടം തുടങ്ങിയവ വിവാഹത്തിലൂടെ ഭദ്രമാക്കാൻ ശ്രമിക്കുന്നു. ഇന്നും പെൺകുട്ടികൾ വിവാഹം എന്ന ഒരേയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വളർത്തപ്പെടുന്നത്. സ്ത്രീയുടെ ധർമ്മത്തെയും ചുമതലകളെയും കുറിച്ച് തലമുറതലമുറകളായി കൈമാറി കിട്ടിയ അറിവാണ് ഈ ആധുനിക കാലത്തും ഒരു അമ്മയുടെ കരുതൽ ധനം.

ആ അറിവാണ് പെൺകുട്ടികൾക്ക് പകർന്നു നൽകുന്നത്. എവിടെയും പിന്നാക്കം നിൽക്കാനുള്ള പരിശീലനമാണ് പെൺകുട്ടികൾക്ക് ലഭിക്കുന്നത്. അവർ ആത്മവിശ്വാസമില്ലാത്തവരായി വളരുന്നു. 'O ' വട്ടത്തിനപ്പുറം അവരുടെ നോട്ടവും ചിന്തയും എത്തുന്നില്ല എന്ന് വളർച്ചയുടെ ഒരോ ഘട്ടത്തിലും ഉറപ്പാക്കുന്നു. വിദ്യാഭ്യാസവും ജോലിയുമൊക്കെ ഉണ്ടെങ്കിലും അതിനനുസൃതമായ മാനസിക വളർച്ചയും ചിന്താപരമായ ഔന്നത്യവും പ്രകടിപ്പിക്കാൻ സ്ത്രീകൾക്കു മാകുന്നില്ല. 

സ്ത്രീധനത്തിൻ്റെ പേരിൽ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ജന്മിത്ത കാലഘട്ടത്തിൽ നിന്നും ഏറെയൊന്നും മാനസിക വളർച്ച നേടാൻ 21-ാം നൂറ്റാണ്ടിലും പൊതുവിൽ സമൂഹത്തിന് സാധിച്ചിട്ടില്ല എന്നതിൻ്റെ തെളിവാണ്.

ജന്മിത്ത ആശയങ്ങളുടെ അവശേഷിപ്പുകൾ പേറുന്ന ഒരു പുരുഷമേധാവിത്വ സമൂഹമാണ് നമ്മുടേത് എന്നതുകൊണ്ടാണ് ഒരു ജനാധിപത്യക്രമം വിഭാവനം ചെയ്യുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും പെൺകുട്ടികൾക്ക്

നിഷേധിക്കപ്പെടുന്നത്.

ജന്മിത്ത സമൂഹത്തിൽ ഭർതൃ പരിചരണവും അടുക്കള ഭരണവുമായിരുന്നു സ്ത്രീകളുടെ ഒരേയൊരു ധർമ്മം. പഠിക്കാനും പണിയെടുക്കാനും സ്ത്രീകൾ ഇന്ന് പുറത്തേക്കിറങ്ങേണ്ടി വരുന്നുവെങ്കിലും അതിനു സൃതമായി  സ്ത്രീകളുടെ ഉത്തരവാദിത്തങ്ങൾ പുനർനിർവ്വചിക്കപ്പെട്ടിട്ടില്ല.

സമൂഹത്തിൻ്റെ ജനാധിപത്യവത്ക്കരണം എന്ന ഒരു വലിയ സാംസ്കാരിക മുന്നേറ്റം അനിവാര്യമായിരിക്കുന്നു എന്നതാണ് ചുറ്റുപാടും നടക്കുന്ന ഓരോ സംഭവങ്ങളും നമ്മോട് പറയുന്നത്. സ്ത്രീ പുരുഷ ഭേദമെന്യേ ഏതൊരാളും ആമഗ്നരാകേണ്ട മുന്നേറ്റമാണത്.

പങ്കു ചേരുന്ന ഏതൊരാളെയും ആ മുന്നേറ്റം സ്ഫുടം ചെയ്തെടുക്കും.

- WHATSAPP FORWARD 

------

അടിമത്തം -മനഃശാസ്ത്ര പരമായ വ്യാഖ്യാനം 

ബന്ധങ്ങൾ എത്ര ടോക്സിക് ആയാലും, എന്ത് കൊണ്ടാണ് മനുഷ്യർക്ക് അവയിൽ നിന്ന് ഇറങ്ങി പോരാൻ പറ്റാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ. ശാരീരികമായി ഉപദ്രവമേൽപ്പിക്കുന്ന പങ്കാളിയാണെങ്കിൽ പോലും, പലപ്പോഴും ആ ബന്ധം മുറിച്ച് വാക്ക് ഔട്ട് ചെയ്യാൻ സാധിക്കാത്തതെന്താ. സ്ത്രീധന പീഡനത്തെ തുടർന്ന് പെൺകുട്ടി ആത്‍മഹത്യ ചെയ്ത വാർത്ത കേട്ടപ്പോൾ നമ്മളെല്ലാവരും ആഗ്രഹിച്ചില്ലേ, ആ കുട്ടിക്ക് അതിൽ നിന്ന് നേരത്തേ ഇറങ്ങി പോരാൻ പറ്റിയിരുന്നെങ്കിലെന്ന്.


അബ്യൂസീവായ ബന്ധങ്ങളിൽ തുടരുന്ന ഒട്ടനവധി പേർ നമുക്ക് ചുറ്റുമുണ്ടെന്നതാണ് യാഥാർത്ഥ്യം. തന്നെ താൻ അല്ലാതാക്കുന്ന, സ്വത്വത്തെ ഓരോ നിമിഷവും കാർന്നു തിന്ന് ഇല്ലാതാക്കുന്ന വിഷമയമായ ബന്ധങ്ങളിൽ യാതൊരു ഉൾക്കാഴ്ചയുമില്ലാതെ തുടരുന്നവർ. നിരന്തരം ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്ന അവർക്ക് ഒരു തിരിച്ചറിവ് വരണം, എത്രയും പെട്ടെന്ന് ആ ബന്ധം അവസാനിപ്പിച്ച് ഇറങ്ങിപോകാൻ പറ്റണം, അതാണ് ഈ എഴുത്തിന്റെ ലക്ഷ്യം. 


ബന്ധങ്ങൾ ടോക്സിക് ആവുമ്പോഴും, എന്ത് കൊണ്ട് അതിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാതെ വരുന്നു എന്നതിന്റെ കാരണങ്ങളാണ് ഇനി പറയുന്നത്.


1. ഭയം


എപ്പോഴും ഭയന്ന് വിറച്ചു ജീവിക്കേണ്ട അവസ്‌ഥ വന്നിട്ടുണ്ടോ. പങ്കാളി എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത്, അഗ്രസീവ് ആവുന്നത് എന്നറിയാതെ എപ്പോഴും പേടിച്ചു കഴിയുക. പൊട്ടിത്തെറിക്കുന്ന നായകന്മാർ റൊമാന്റിക് ആവുന്നത് സിനിമയിൽ മാത്രമാണ്. റിയൽ ലൈഫിൽ അവരുടെ കൂടെയുള്ള സഹവാസം അങ്ങേയറ്റം ഭയാനകമാണ്. 


ഒരു വിഷപ്പാമ്പിനെ തലയിൽ വച്ച് കൊണ്ട് ജീവിക്കുകയാണ് എന്നാണ് ഒരു സ്ത്രീ തന്റെ വയലന്റായ പാർട്ണറുടെ കൂടെയുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. തന്നെ വിട്ടുപ്പോയാൽ ശാരീരികമായും മാനസികമായും ഉപദ്രവിച്ചേക്കും എന്നൊരു ഭീഷണി എപ്പോഴും അവരുടെ സംഭാഷണങ്ങളിൽ തെളിഞ്ഞും മറഞ്ഞും കടന്ന് വരും. അത് കൊണ്ട് തന്നെ വിക്ടിമിന് തന്റെ അവസ്ഥയെ കുറിച്ച് ആരോടെങ്കിലും തുറന്ന് പറയാൻ തന്നെ പേടി ആയിരിക്കും.


2. ഗ്യാസ് ലൈറ്റിങ്


മാനിപ്പുലേഷൻ ആണ് അബ്യൂസീവ് ബന്ധങ്ങളുടെ ഒരു സവിശേഷത. പങ്കാളിയാൽ നിരന്തരം മാനിപ്പുലേറ്റ് ചെയ്യപ്പെട്ട് തന്റെ തന്നെ സമനിലയിൽ വിക്ടിമിന് സംശയം തോന്നിത്തുടങ്ങുന്ന അവസ്ഥയ്ക്കാണ് ഗ്യാസ് ലൈറ്റിങ് എന്ന് പറയുന്നത്.


'നീ ചുമ്മാ ഓവർ തിങ്ക് ചെയ്യുന്നതാ..'


'അല്ലെങ്കിലും നീ വെറുതെ ഇമോഷണൽ ആവും, എന്നെ തീരെ വിശ്വാസമില്ലാ..'


'നീയും നിന്റെ വീട്ടുകാരും എപ്പോഴും ഇങ്ങനെയാണ്.. അല്ലാതെ ഞാൻ ചെയ്തതിന്റെ പ്രശ്നമല്ലാ..'


ഇങ്ങനെ ഓരോന്ന് കേട്ട് കേട്ട്, തന്റെ കുറ്റം കൊണ്ടാണ്, കുറവ് കൊണ്ടാണ്, തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം ഉണ്ടാവുന്നത് എന്നവർ പൂർണ്ണമായും വിശ്വസിച്ചു തുടങ്ങുന്നു. ഇത്രയും കുറവുകൾ ഉണ്ടായിട്ടും തന്റെ കൂടെ നിൽക്കാൻ തയ്യാറാവുന്ന പങ്കാളിയിൽ അവർ കൂടുതൽ ഡിപ്പെൻഡന്റ് ആവുന്നു.


3. Intermittent reinforcement


എലികളിൽ നടത്തിയ ഒരു പരീക്ഷണം പറയാം. ഒരു എലിയെ കൂട്ടിലിട്ടേക്കുന്നു. അതിനുള്ളിൽ ഒരു ലീവർ (lever) ഉണ്ട്. അതിൽ തട്ടിയാൽ ഒരു ധാന്യമണി താഴോട്ട് വീഴും. സംഭവം മനസ്സിലാക്കിയ എലി ഇടക്കിടെ വിശക്കുമ്പോൾ പോയി അതിൽ തട്ടുന്നു. ആദ്യമൊക്കെ തുടർച്ചയായി അത് വീഴും. പെട്ടെന്ന് ഒരു ദിവസം തട്ടിയിട്ടും ധാന്യമണി താഴോട്ട് വരുന്നില്ല. എലി ഒന്നൂടെ തട്ടി നോക്കും, ഇല്ലാ വരുന്നില്ലാ. കുറച്ച് നേരം തട്ടി കഴിയുമ്പോൾ അതാ ഒരെണ്ണം താഴോട്ട് വീഴും. പിന്നെയും കുറെ നേരം തട്ടിയിട്ട് ഒന്നും സംഭവിക്കുന്നില്ലാ. അങ്ങനെ, ഒരു പാറ്റേണും ഫോളോ ചെയ്യാതെ ഇടയ്ക്കിടെ തട്ടുമ്പോൾ മാത്രം ധാന്യമണി താഴോട്ട് വീണ് തുടങ്ങും. 


അങ്ങനെ കിട്ടുന്ന ധാന്യമണി നല്ല ആർത്തിയോടെ ആവും എലി തിന്നുക. അത്രയും നേരം അക്ഷമനായി അതിൽ തട്ടിക്കൊണ്ടിരുന്നത് അവൻ മറക്കും. ആ ഒരു ധാന്യമണിയിൽ ആവും അവന്റെ മുഴുവൻ ഫോക്കസും, അത് വീഴാൻ വേണ്ടി അവൻ സ്വയമേ ഡ്രെയിൻ ഔട്ട് ആയാലും, അത് കിട്ടുമ്പോൾ അനുഭവിക്കുന്ന സന്തോഷം കാരണം ആ ട്രോമയെ അവൻ തിരിച്ചറിയില്ലാ. ഇനിയാ ധാന്യമണി വീഴുന്ന ഗ്യാപ്പ് കൂട്ടിക്കൊണ്ട് വന്നാൽ പോലും, അവൻ കൂടുതൽ ഡെസ്പെരേറ്റായി അതിൽ തട്ടുകയും, താഴോട്ട് വീണ് കിട്ടുമ്പോൾ കൂടുതൽ ഹൈ ആവുകയും ചെയ്യും.


ഇതിനാണ് intermittent reinforcement എന്ന് പറയുന്നത്. ഒരു റിലേഷൻഷിപ്പിന്റെ കോണ്ടക്സ്റ്റിൽ ഇതിനെ bread crumbing എന്നും പറയാറുണ്ട്‌. ഇടയ്ക്കിടെ ഒരു അപ്പ കഷണം ഇട്ട് കൊടുത്ത് നിലനിർത്തുക. നിരന്തരമായ പീഡനങ്ങളുടെ ഇടയിലും ഇടയ്ക്ക് വല്ലാതെ സ്നേഹം കാണിക്കും, 'നീ ഇല്ലാതെ എനിക്ക് പറ്റില്ലാ', 'നീ ആണ് എന്റെ സോൾമേറ്റ്' എന്നെല്ലാം പറഞ്ഞ് കളയും. സ്ഥിരം കിട്ടുന്ന നെഗറ്റീവിന്റെ ഇടയിൽ ആയത് കൊണ്ട്, ഈ പോസിറ്റീവ് സംഭവത്തോട് ഇര അഡിക്ടഡ് ആവും. ബാക്കിയെല്ലാം വിട്ട് അതിനോട് അറ്റാച്ചഡ് ആയി, താൻ ഓരോ നിമിഷവും ഉരുകി തീരുന്നത് തിരിച്ചറിയാൻ സാധിക്കാതെ, അതിന് വേണ്ടി കാത്തിരിക്കും. താൻ സന്തോഷവതിയാണ്, തങ്ങളുടെ ബന്ധം ഐഡിയൽ ആണെന്ന് ഉറച്ച് വിശ്വസിക്കും.


Trauma bonding, അതായത് അബ്യൂസ് ചെയ്യുന്ന ആളും ചെയ്യപ്പെടുന്ന ഇരയും തമ്മിൽ ശക്തമായ വൈകാരിക ബന്ധം രൂപപ്പെടുന്നതിന് അടിസ്ഥാനം മേൽപ്പറഞ്ഞ intermittent reinforcement ആണ്.


4. Learned helplessness


Martin Seligman എന്നൊരു അമേരിക്കൻ സൈക്കോളജിസ്റ്റ് നടത്തിയ പരീക്ഷണമാണ് പറയുന്നത്. പട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിച്ച്, രണ്ട് കൂട്ടിലിട്ടേക്കുന്നു. അതിൽ ഒരു കൂടിന്റെ ഫ്ലോറിൽ നിന്ന് ഇടയ്ക്കിടെ ഇലക്ട്രിക് ഷോക്ക് അടിക്കുന്നു. അത് നിയന്ത്രിക്കാനോ, ഒഴിവാക്കി വിടാനോ ആ കൂട്ടിൽ കിടക്കുന്ന പട്ടികൾക്ക് സാധിക്കില്ലാ. അങ്ങനെ കുറെ ഷോക്ക് അവർക്ക് കിട്ടിയ ശേഷം, ഈ രണ്ട് കൂടുകളും അടുപ്പിച്ചു വെയ്ക്കുന്നു. ഒന്ന് ചാടി കടന്നാൽ, ഷോക്ക് അടിക്കാത്ത കൂട്ടിൽ പോവാം എന്ന അവസ്‌ഥ. ഒരു കൂട്ടം പട്ടികൾ പെട്ടെന്ന് ചാടി അപ്പുറത്ത് പോയിട്ടും, കുറച്ച് പട്ടികൾ ഷോക്ക് അടിക്കുന്ന കൂട്ടിൽ തന്നെ, ചാടി പുറത്ത് പോവാൻ യാതൊരു മോട്ടിവേഷനും കാണിക്കാതെ, തുടരുന്നു. They had learned to become helpless. (ഒറിജിനൽ എക്സ്‌പെരിമെന്റിൽ മൂന്ന് ഗ്രൂപ്പ് ഉണ്ട്, സിംപിളായിട്ട് തത്വം പറഞ്ഞതാ).


തങ്ങളുടെ കണ്ട്രോളിൽ അല്ലാത്ത, വിചാരിച്ചാലും ഒഴിവാക്കാൻ പറ്റാത്ത ട്രോമ നിരന്തരമായി നേരിടേണ്ടി വരുമ്പോൾ ചില മനുഷ്യരിൽ കാണപ്പെടുന്ന നിസ്സഹായതയ്ക്കാണ് learned helplessness എന്ന് പറയുന്നത്. എത്ര 'ഷോക്ക്' അടിച്ചാലും ആ ബന്ധത്തിൽ നിന്ന് പുറത്ത് കടക്കാനുള്ള യാതൊരു ശ്രമവും അവർ നടത്തില്ലാ.


5. പങ്കാളിയുടെ 'രക്ഷകൻ' ആവുക


മിക്കവാറും അബ്യൂസ് ചെയ്യുന്നവർ നൽകുന്ന ഒരു നരേറ്റീവ് ഉണ്ട്. തന്റെ ജീവിത സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെ ടെറർ ആക്കിയത്. ചെറുപ്പത്തിൽ സ്നേഹം കിട്ടാതെ വളർന്ന് കൊണ്ടാണ് താൻ ഇങ്ങനെ ആയത്. നീ മാത്രമേ എന്നെ മനസ്സിലാക്കിയിട്ടുള്ളൂ, ശരിക്കും സ്നേഹിച്ചിട്ടുള്ളൂ. നീ കൂടെ ഇട്ടിട്ട് പോയാൽ, ഞാൻ പൂർണ്ണമായും നശിക്കും. 


ഈ കഥ കേൾക്കുന്ന ഇരയ്ക്ക് സ്വാഭാവികമായും താൻ ഒരു 'രക്ഷകൻ' ആയ പോലെ അനുഭവപ്പെടും. സ്നേഹിച്ച് അയാളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരാനും, അതിന് വേണ്ടി എന്തും സഹിക്കാനും അവർ തയ്യാറാവുന്നു. സ്നേഹത്തിന് വേണ്ടി ത്യാഗം ചെയ്യുന്നത് അത്രയും ഗ്ലോറിഫൈ ചെയ്ത് വച്ചേക്കുന്ന നാടാണല്ലോ നമ്മുടെ.


അവർ വിട്ട് പോയാലും, ഇപ്പറഞ്ഞ ആൾക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന സത്യം അവർ തിരിച്ചറിയുകയേ ഇല്ലാ. അയാൾ അടുത്ത ഇരയെ തേടും, അത്ര തന്നെ.


6. നാട്ടുകാർ എന്ത് വിചാരിക്കും


നമ്മുടെ നാട്ടിൽ വളരെ റെലവന്റ് ആണീ സംഭവം. കുറെ പൊന്നും പണവും കൊടുത്ത് എന്റെ വീട്ടുകാർ എന്നെ കെട്ടിച്ചതല്ലേ, എങ്ങനെ എല്ലാം വിട്ടെറിഞ്ഞ് തിരിച്ച് പോവും. അവർക്ക് നാണക്കേടാവില്ലേ, ഇത്രയും നാളും പെർഫെക്ട് ആയി പോയ അവരുടെ ഗ്രാഫിൽ ഇതൊരു ബ്ലാക്ക് മാർക് ആവില്ലേ. അയൽക്കാർ കുടുംബക്കാർ നാട്ടുകാർ, എല്ലാവരും എന്നെ കുറ്റം പറയും, ഒറ്റപ്പെടുത്തും. അത് കൊണ്ട് ഇങ്ങനെ പോട്ടേ, ഇതിപ്പോൾ എന്റെ ജീവിതം മാത്രമല്ലേ നശിക്കുള്ളൂ. എന്റെ വീട്ടുകാർ, കുഞ്ഞുങ്ങൾ എല്ലാവരും ഹാപ്പി ആയിട്ടിരിക്കുമല്ലോ.


ഇങ്ങനെയുള്ള ചിന്തകൾ കാരണം, എത്ര ഭീകരമായ ടോർച്ചറും സഹിച്ച് ജീവിക്കുന്ന അനേകം പേരുണ്ട് സമൂഹത്തിൽ. എന്തൊരു അവസ്ഥയാണ് അല്ലേ.


ഈ സമൂഹമോ മതങ്ങളോ വിദ്യാഭ്യാസമോ അയൽക്കാരോ നാട്ടുകാരോ, സ്വന്തം തന്തയും തള്ളയും പോലും, അബ്യൂസീവായൊരു ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കില്ലാ, ഉപദേശിക്കില്ലാ. 'വിട്ട് വീഴ്‌ച' ചെയ്ത് തുടരാനും, 'സ്നേഹ'ത്തിന് വേണ്ടി സഹിക്കാനുമല്ലേ എല്ലാവരും എപ്പോഴും പറഞ്ഞ് തന്നിട്ടുള്ളത്. മതി ത്യാഗം ചെയ്തത്, ഇത് നിങ്ങളുടെ ജീവിതമാണ്, ഇനിയും എരിഞ്ഞ് തീരേണ്ട ആവശ്യമില്ല. ഇന്നൊരു തീരുമാനമെടുത്ത് ഇറങ്ങുക. അതിന് മേൽപ്പറഞ്ഞ ഏതുമാവാം തടസ്സമായി നിൽക്കുന്നത്, അത് തിരിച്ചറിയാനും പരിഹരിക്കാനും ഈ എഴുത്ത് സഹായകമാവുമെന്ന് കരുതുന്നു.


Courtesy : തോമസ് റാഹേൽ മത്താ









No comments:

Post a Comment