ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Wednesday, September 22, 2021

വിഷവാതകങ്ങൾ വീട്ടിൽ

 വിഷവാതകങ്ങൾ വീട്ടിൽ ( input from The Mathrubhumi)


നൈട്രജൻ അപകടകാരിയോ?

വിഷവാതകങ്ങളിൽ പെടാത്തതും തീപിടിക്കാത്തതുമാണ് നൈട്രജൻ എന്ന് കൂട്ടുകാർ പഠിച്ചിട്ടുണ്ടല്ലോ. നാം നിത്യവും ശ്വസിക്കുന്ന വായുവിലെ 78 ശതമാനവും നൈട്രജനാണുതാനും. അപ്പോൾ നൈട്രജൻ എങ്ങനെ മാരകമാകും?

നൈട്രജൻ സിലിൻഡർ െവച്ചിരിക്കുന്ന വായുസഞ്ചാരം അധികമില്ലാത്ത മുറികളിൽ വാതകച്ചോർച്ചയുണ്ടെങ്കിൽ നൈട്രജൻ അവിടെയുള്ള വായുവിനെ പുറംതള്ളി ആ മുറിയിൽ നിറയാൻ തുടങ്ങും. നൈട്രജന് നിറമോ മണമോ ഇല്ലാത്തതുകൊണ്ട് ഇത് നമുക്ക് തിരിച്ചറിയാൻ കഴിയില്ല. ഇവിടെ എത്തിപ്പെടുന്ന ഒരാൾ പ്രാണവായു കിട്ടാതെ ചിലപ്പോൾ അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും എത്തിപ്പെടാം. ഈ അവസ്ഥയെ ആസ്ഫീക്സിയ (Asphyxia) എന്നു പറയും. നൈട്രജൻ മാത്രമല്ല ഹീലിയം, പാചകവാതകം തുടങ്ങി മറ്റുവാതകങ്ങളും ഇത്തരത്തിൽ നമ്മെ മരണത്തിലേക്ക് തള്ളിവിടും. ബയോഗ്യാസ് പ്ലാന്റിലേക്ക് ഇറങ്ങിയവരും കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നവരും ചിലപ്പോൾ ഇത്തരം അപടത്തിൽപ്പെടാറുണ്ട്. ഓക്സിജന്റെ അഭാവമാണ് പ്രധാനമായും ഇവിടെ സംഭവിക്കുന്നത്.

:ഒരു സംഭവകഥ പറയാം: പുതുതായി നിർമിച്ച ഒരു ഫ്ളാറ്റിൽ താമസംതുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കയായിരുന്നു. പെയിന്റടിക്കലും ചുവരിൽ അലമാര പിടിപ്പിക്കലുമെല്ലാം തകൃതിയായി നടക്കുന്നു. ഒരുദിവസം, രാത്രി അവിടെ കിടന്നുറങ്ങിയ ജോലിക്കാരൻ മരിച്ചതായി പിറ്റേദിവസം രാവിലെ കണ്ടു. ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, ഫ്ളാറ്റിലെ ജനലുകളെല്ലാം തുറന്നാണ് കിടന്നിരുന്നത്.

എങ്ങനെ സംഭവിച്ചു?

അടുക്കളയിൽ അലമാരവെക്കുന്ന സമയത്ത് പാചകവാതകക്കുഴലിൽ നേരിയ ദ്വാരമുണ്ടാകുകയും പാചകവാതകം തറയിലേക്ക് പതുക്കെ അരിച്ചിറങ്ങാൻ തുടങ്ങുകയുംചെയ്തു. പുതിയ പെയിന്റ് അടിച്ചതുകൊണ്ട് വാതകത്തിന്റെ മണം തിരിച്ചറിയാനും കഴിഞ്ഞില്ല. നിലത്തുകിടന്നുറങ്ങിയയാൾ മരണത്തിന് കീഴ്‌പ്പെട്ടു.

വാതകങ്ങളുടെ സ്വഭാവം

സാന്ദ്രത (density) എന്ന പദം നാം പഠിച്ചിട്ടുണ്ടല്ലോ. പാചകവാതകത്തിന് നാം ശ്വസിക്കുന്ന വായുവിനെക്കാൾ സാന്ദ്രത കൂടുതലാണ്. ചോർച്ചയുണ്ടാകു​േമ്പാൾ അത് മുറിയുടെ അടിഭാഗത്തേക്ക് ഒഴുകും. ഒരു പാത്രത്തിൽ വെള്ളമൊഴിക്കുമ്പോൾ വെള്ളം പാത്രത്തിനടിയിലേക്ക് പോകുന്നതുപോലെ കൂടുതൽ വാതകം വരുന്തോറും അത് തറയിൽനിന്ന് മുകളിലേക്ക് നിറഞ്ഞുവരും. അതോടൊപ്പംതന്നെ വായുവിനെ അത് മുകളിലേക്ക് പൊക്കുകയും ചെയ്യും. അതിനാൽ, മുറിയുടെ അടിഭാഗത്ത് ശ്വസിക്കാനുള്ള വായുവിന്റെ അളവ് വളരെ കുറവായിരിക്കും. നിലത്ത് കിടന്നുറങ്ങുന്ന ഒരാൾ ഈ അവസ്ഥയിൽ ഓക്സിജൻ കിട്ടാതെ അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും എത്തിപ്പെടും.

വിഷവാതകങ്ങൾ

വിഷവാതകം ഹാനികരമാകുന്നത് നാം ശ്വസിക്കുന്ന വായുവിൽ അതിന്റെ തോത് അനുസരിച്ചാണ്. ഒരു വിഷവാതകം വായുവിൽ ഏതളവിലെത്തിയാൽ ഹാനികരമാകുമെന്ന് കണക്കാക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡമാണ് ത്രെഷോൾഡ് ലിമിറ്റ് വാല്യു (Threshold Limit Value) അഥവാ TLV. ഇതിനെ വായുവിന്റെ അംശം എന്ന PPM (parts per million) എന്ന യൂണിറ്റിലാണ് അറിയപ്പെടുന്നത്.

കൂടാതെ ഇതിനെ ഒരു പ്രവൃത്തിദിവസം എട്ടുമണിക്കൂർ ശ്വസിക്കാവുന്ന അളവ്, 15 മിനിറ്റ് ശ്വസിക്കാവുന്ന അളവ്, ഒരിക്കലും ശ്വസിക്കാൻ പാടില്ലാത്ത അളവ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഒരു വാതകത്തിന്റെ TLV നമ്പർ കുറഞ്ഞതാണെങ്കിൽ ആ വാതകം കൂടുതൽ മാരകമായിരിക്കും. ഒരു ചെറിയ അംശം മതി അത് മനുഷ്യന് ഹാനികരമാകാനെന്ന് സാരം.

പാചകവാതകം

സിലിൻഡറിൽവരുന്ന എൽ.പി.ജി (Liquified petroleum Gas) എന്ന പാചകവാതകത്തിന്റെ പ്രധാന ഘടകങ്ങൾ പ്രൊപെയ്നും (Propane) ബ്യൂട്ടെയ്നും (Butane) ആണ്. ഒരു ചെറിയ തീയിൽനിന്ന് പെട്ടെന്ന് കത്തിപ്പിടിക്കുകയും ധാരാളം ചൂട് തരുന്നതുമായ ഈ വാതകം സൂക്ഷിച്ചുപയോഗിക്കണമെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ, തീപ്പിടിത്തത്തിലൂടെയല്ലാതെയും ഈ വാതകം മാരകമാകും. താരതമ്യേന മണമില്ലാത്ത ഈ വാതകത്തിന്റെ ചോർച്ച അറിയുന്നതിനുവേണ്ടിയാണ് ഇതിൽ ചീഞ്ഞ കാബേജിന്റെ മണമുള്ള മെകാപ്റ്റൻ (Mercaptan) എന്ന വാതകം ചേർത്തിരിക്കുന്നത്.

പാചകവാതകം എപ്പോഴും കത്തിപ്പിടിക്കുമോ?

പാചകവാതകംപോലുള്ള കത്തിപ്പിടിക്കുന്ന വാതകങ്ങൾ (Flammable gases) കത്താനും ചില മാനദണ്ഡങ്ങളുണ്ട്.

വാതകങ്ങൾ കത്താൻ ഓക്സിജന്റെ ആവശ്യമുണ്ടെന്ന് നമുക്കറിയാമല്ലോ. വാതകത്തെ അപേക്ഷിച്ച് വായുവിന്റെ അനുപാതം കൂടിയാലും കുറഞ്ഞാലും വാതകത്തിന് തീപിടിക്കില്ല. വായുവിന്റെ അളവ് കൂടിയാൽ, കത്തുന്നതിനാവശ്യമുള്ള വാതകം ഇല്ലായ്മയും (LEL-Lower Explosive Limit) വായുവിന്റെ അളവ് കുറഞ്ഞാൽ വാതകമിശ്രിതത്തിൽ വേണ്ടത്ര ഓക്സിജൻ ഇല്ലായ്മയും (UEL-Upper Explosive Limit) ആണ് തീപിടിക്കാതിരിക്കാനുള്ള കാരണം.

വിവരങ്ങൾ എവിടെക്കിട്ടും?

നമ്മൾ സാധാരണ ഉപയോഗിക്കാത്ത ഏതൊരു പദാർഥവും അത് ഖരപദാർഥമായാലും വാതകമായാലും കൈകാര്യംചെയ്യേണ്ട സുരക്ഷിതമാർഗങ്ങളെക്കുറിച്ച് പഠിച്ചതിനുശേഷമേ അതുമായി ബന്ധപ്പെടാൻ പാടുള്ളൂ. ഈ വിവരങ്ങൾ കൃത്യമായും സമഗ്രമായും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള Safety Data Sheet (MSDS -Meterial Safety Data Sheet) ഓരോ പദാർഥത്തിനും ലഭ്യമാണ്. MSDS നിങ്ങൾക്ക് കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഗൂഗിളിൽപ്പോയി MSDS എന്ന് ടൈപ്പ്ചെയ്ത് സ്പെയ്സ് ഇട്ട് പദാർഥത്തിന്റെ പേരുചേർത്താൽ നിങ്ങൾക്കത് ലഭ്യമാണ്.

Sunday, September 5, 2021

ഒരു ക്ലസ്റ്ററിൽ 50 വീട്‌; ക്വാറന്റീൻ ലംഘിച്ചാൽ പിഴ

 ഒരു ക്ലസ്റ്ററിൽ 50 വീട്‌; ക്വാറന്റീൻ ലംഘിച്ചാൽ പിഴ

FROM THE MATHRBHUMI

: ക്വാറന്റീൻ ലംഘിച്ചാൽ പിഴ ഈടാക്കണമെന്ന് തദ്ദേശവകുപ്പിന്റെ മാർഗരേഖ. പോലീസ്, സെക്ടറൽ മജിസ്‌ട്രേറ്റ്, വില്ലേജ് ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിലാകും പിഴ ഈടാക്കുക.

കോവിഡ് വ്യാപനമുള്ള എല്ലാ വാർഡുകളിലും 50 വീടുകളുടെ ക്ലസ്റ്ററുകൾ രൂപവത്കരിച്ച് അയൽപക്ക സമിതിയുടെ നിരീക്ഷണത്തിലാക്കും. വാർഡുതല സമിതിയുടെ ഉപഘടകങ്ങളായിട്ടായിരിക്കും ഇവ പ്രവർത്തിക്കുക. സന്നദ്ധസേനാംഗങ്ങളെയും റെസിഡന്റ്‌സ് അസോസിയേഷനുകളെയും കുടുംബശ്രീളെയും ജനമൈത്രി പോലീസിനെയും സമിതിയിൽ ഉൾപ്പെടുത്തും.

കോവിഡ് പോസിറ്റീവായ ആൾക്ക് വീട്ടിൽക്കഴിയാൻ സൗകര്യമുണ്ടോയെന്ന് സമിതി ഉറപ്പുവരുത്തും. വീട്ടിലെ മറ്റംഗങ്ങൾ പുറത്തിറങ്ങരുത്. കുടുംബാംഗം അല്ലാത്ത, രോഗിയുമായി സമ്പർക്കമുള്ളവരെ കണ്ടെത്തി നിശ്ചിതകാലത്തേക്ക് ക്വാറന്റീനിലാക്കും.

ഒരുവീട്ടിൽ എല്ലാവരും ക്വാറന്റീനിലായാൽ അവർക്ക് ഭക്ഷണം, മരുന്ന്, അത്യാവശ്യ സാധനങ്ങൾ എന്നിവ എത്തിക്കാൻ ഇന്ധനച്ചെലവും യാത്രച്ചെലവും തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം. പ്രമേഹം, രക്തസമ്മർദം, അർബുദം, ശ്വാസകോശ സംബന്ധമായ അസുഖബാധിതർ എന്നിവരെ ഡി.സി.സി.കളിലേക്കോ സി.എഫ്.എൽ.ടി.സി.കളിലേക്കോ മാറ്റും.

ശ്വാസതടസ്സം, നെഞ്ചുവേദന, സംസാരശേഷിയോ ചലനശേഷിയോ നഷ്ടമാകൽ, ബോധക്ഷയം, തളർച്ച, രക്തംകലർന്ന കഫം എന്നീ ലക്ഷണമുള്ളവർക്ക് ഉടൻ വൈദ്യസഹായം ഉറപ്പാക്കണം. ഇവരെ ആശുപത്രിയിലേക്കു മാറ്റിയെന്ന് ഉറപ്പാക്കേണ്ടതും അയൽപക്കസമിതിയാണ്.

നിയന്ത്രണവിധേയമല്ലാത്ത ജീവിതശൈലീ രോഗങ്ങളോ കിടപ്പുരോഗികളോ അല്ലാത്ത ശരിയായ മാനസികാരോഗ്യമുള്ള കോവിഡ് രോഗികളെ വീട്ടുനിരീക്ഷണത്തിൽ അനുവദിക്കും.

സമിതിയുടെ മറ്റു ചുമതലകൾ

* ദൈനംദിന നിരീക്ഷണത്തിനുപുറമേ ഹോം ഐസലേഷൻ കോവിഡ് മാനദണ്ഡപ്രകാരമാണോ എന്നു നിരീക്ഷിക്കും. ഫോൺവഴി ദിവസവും രോഗവിവരം അറിയണം.

* നേരിയ രോഗലക്ഷണമുള്ളവരുടെയും ലക്ഷണമില്ലാത്തവരുടെയും രോഗാവസ്ഥ ഓരോ 12 മണിക്കൂറിലും നിരീക്ഷിക്കും.