സ്നേഹപ്രകാശം
ഓണത്തോണി മടങ്ങുന്നു. കനിവിന്റെ സാന്ത്വനം നൽകി.
നിലയില്ലാക്കയത്തില്‍ നിന്നും കരകയറ്റാന്‍ ഒരു കൈ സഹായം തകര്‍ന്നത് ഒരു ടൗണല്ല. പതിനായിരങ്ങളുടെ ജീവിതമാണ്. തൃശൂരിലെ ഏറ്റവും തിരക്കേറിയ പട്ടണമായ ചാലക്കുടിയില്‍ ഇപ്പോള്‍ ചാളക്കുടിലുകള്‍ പോലും ബാക്കിയില്ല.അലറിപ്പാഞ്ഞ് സര്‍വ്വം വിഴുങ്ങിയ പെരുവെളളം അനാഥമാക്കിയത് പതിനായിരക്കണക്കിന് ജീവിതങ്ങളെ.കല്ല് പോലും കരഞ്ഞു പോകുന്നതാണിവിടത്തെ കാഴ്ച്ചകള്‍.ചെളികയറി അടഞ്ഞു പോയ തെരുവീഥികള്‍.ചുമരുകള്‍ മുക്കാലും തകര്‍ന്നു വീണ കെട്ടിടങ്ങള്‍.കെട്ടിടങ്ങള്‍ക്കകത്ത് നീക്കം ചെയ്യുന്തോറും വന്ന് നിറയുന്ന ചെളിവെളളം.വെളളവും ചെളിയും കയറി പ്രവര്‍ത്തനരഹിതമാകാത്ത ഒരു ഇലക്ട്രാണിക് സാധനവും പാത്രവും വസഃത്രങ്ങളും ശയ്യോപകരണങ്ങളും ബാക്കിയില്ല.തകരാതെ ബാക്കിയായ കടകളിലെ വൈദ്യുതി സംവിധാനം റീ വയറിങ്ങ് ചെയ്യേണ്ട നിലയിലാണ്.മലിനജലവും കിണറുമെല്ലാം കൂടിക്കലര്‍ന്ന് പ്രളയജലത്തിന് മുന്നില്‍ കുടിവെളളത്തിന് പൊറുതിമുട്ടിയ കുറേ സാധുമനുഷ്യര്‍.ചെറുകിടകടക്കാര്‍ എത്ര കടം വാങ്ങിയാലും പരിഹരിക്കാന്‍ കഴിയാത്ത അവരുടെ സ്വന്തം ഉപജീവനത്തിന്‍റെ അത്താണികള്‍ ചെളിയിലാണ്ടതു കണ്ട് ഗദ്ഗദകണ്ഠരായി നില്‍ക്കുന്നു.സ്കൂളുകള്‍ പലതും നാമാവശേഷമായി. ആ കെട്ടീടങ്ങളില്‍ സ്വാഭാവികത വീണ്ടെടുക്കാന്‍ ഭഗീരഥപ്രയത്നമൊന്നും മതിയാവില്ല.
.................................................
.
മലയാളികളുടെ പ്രിയപ്പെട്ട മാതൃഭൂമി-ദൈവത്തിന്റെ സ്വന്തം നാട് - ദുരന്തത്തിന്‍റെ ഇരുള്‍നിഴലില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ ഇരമ്പിയെത്തിയത് മനുഷ്യസ്നേഹത്തിന്‍റെ മഹാപ്രവാഹം.ആധുനികകേരളം ഇന്നുവരെ അനുഭവീച്ചിട്ടില്ലാത്ത പ്രളയക്കെടുതിയാണ് തെക്കന്‍ജില്ലകളില്‍ താണ്ഢവമാടിയത്.കൊടിയ ദുരന്തത്തിന്‍റെ ആഘാതം കുറക്കാന്‍ വടക്കന്‍പ്രദേശങ്ങളില്‍ നിന്നും വ്യക്തികളും സംഘടനകളും ഉള്‍പ്പെടുന്ന സന്നദ്ധസംഘങ്ങള്‍ വേണ്ടുവോളം ഒഴുകിയെത്തി.കൂട്ടത്തില്‍ അണ്ണാരക്കണ്ണനും തന്നാലാവത് എന്ന മട്ടിലാണ് കാഞ്ഞങ്ങാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കുൾ പിടിഎ എക്സി.അംഗങ്ങളുടെയും അരയി ഗവ.യു.പി.സ്കൂളുകളിനടുത്ത വൈറ്റ് ആർമിയുടെയും പൈര ടുക്കം പ്രിസത്തിന്റെയും സഹകരണത്തോടെ ഞങ്ങള്‍ക്കും ഒരോണത്തോണിയും തുഴഞ്ഞ് അവിടെയെത്താനായത്.ആഘോഷമില്ലാത്ത ഓണം എന്ന് അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് മനുഷ്യസേവനത്തിന്‍റെ മഹാസന്ദേശം സ്വയം ഏറ്റെടുത്ത് തിരുവോണദിനത്തില്‍ പുറപ്പെട്ടതായിരുന്നു ഞങ്ങള്‍. പെരിയാര്‍ വിഴുങ്ങിയ ചാലക്കുടിയെ വീണ്ടെടുക്കാന്‍.
ദുരന്തങ്ങളുടെ നെടുനീളത്തിലുള്ളൊരു ശ്മശാനഭൂമീയായിത്തീര്‍ന്നിരുന്നൂ ചാലക്കുടി. തിളച്ചുമറിഞ്ഞ ജീവിതത്തിന്‍റെ ഉത്സവഭൂമിയില്‍ സര്‍വ്വത്ര കണ്ണീരുണങ്ങാത്ത സങ്കടപ്പാടുകള്‍. ആളുയരത്തില്‍ വീടു തോറും അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ തന്നെ ഞങ്ങള്‍ ഏറെ പാടു പെട്ടു.ഓണത്തോണീസംഘത്തിലെ ആശാരിമാരും ഇലക്ട്രീഷ്യന്‍മാരും പ്ളംബര്‍മാരും കല്പണിക്കാരും തെല്ലിട വിശ്രമിക്കാതെയാണ് ഈ നാലുദിവസങ്ങളില്‍ ചാലക്കുടിയെ ആവാസയോഗ്യമാക്കാനുളള ത്യാഗോജ്ജ്വലപരിശ്രമങ്ങളില്‍ മുഴുകിയത്.നിറഞ്ഞ വെളളത്തിനടുത്ത് കുടിവെളളത്തിനായി കേഴുന്ന മനുഷ്യാവസ്ഥ നമ്മുടെയൊക്കെ ജീവിതത്തിന്‍റെ നിരാലംബത എത്രത്തോളമാണെന്ന് ആരെയും കരളുലയ്ക്കും വിധം ബോധ്യപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു. അങ്ങനെയുളള ദൈന്യതകളിലേക്കാണ് കാരുണ്യത്തിന്‍റെ കടലായി വന്നവരോടൊപ്പം ഞങ്ങളും പ്രവര്‍ത്തിച്ചത്.വിപത്തുകളെ നേരിടാന്‍ അതിമഹത്തായ സേവനസന്നദ്ധത വേണമെന്ന ' തിരിച്ചറിവാണ് "ഓണത്തോണി " യുടെ പ്രചോദനം. സാമൂഹ്യഇടപെടലുകള്‍ പ്രാദേശികമായ അതിരുകളെ ഭേദിച്ച് എവിടേക്കും പരക്കുന്നതാണ് സഫലവും സാര്‍ത്ഥകവുമായ മാനവികത. ഞങ്ങളുടെ സംഘാംഗങ്ങളെ വിശ്രമരഹിതരായി കര്‍മ്മനിരതരാക്കിയത് ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോള്‍,പിന്നെന്തിന്? എന്ന ബോധ്യമായിരുന്നു.നിസ്വാര്‍ത്ഥസേവനത്തിന്‍റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ അവിടെ ഞങ്ങള്‍ നൂറ്റി നാല്പത്തിയേഴ് വീടുകൾ വൈദ്യുതീകരിച്ചു. 63 വീടുകളിൽ പ്ലംബിംഗ് ജോലി പൂർത്തിയാക്കി. പത്ത് വീടുകൾ തകർന്ന ഓട് മാറ്റി നിർമ്മാണ പ്രവൃത്തികൾ തുടങ്ങി.ഒരു വീടിന്റെ ചുമർദിത്തി നിർമ്മിച്ചു കൊടുത്തു.മരങ്ങൾ മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി മാറ്റി. പത്തോളം കിണർ ശുദ്ധീകരിച്ചു ആറ് വീടുകളിൽ പെയിന്റിംഗ് ജോലി തുടങ്ങി. പതിമൂന്ന് ടീം ഇലക്ട്രീഷ്യൻമാർ, രണ്ടു ടീം മരപ്പണിക്കാർ ,വീടു നിർമ്മാണത്തിന്റെ എല്ലാ മേഖലയിലും വൈദഗ്ദ്ധ്യമുള്ള പത്തംഗങ്ങളുള്ള രണ്ടു ടീമുകൾ, പെയിന്റർമാർ 2 ടീം
എന്നിവരടങ്ങിയതാണ് തൊഴിൽ സേന. പ്രവൃത്തിക്കാവശ്യമായ എല്ലാ പണിയായുധങ്ങളും യന്ത്രസാമഗ്രികളും ഒരു പ്രത്യേക വണ്ടിയിൽ നിറച്ച് സർവ സന്നാഹങ്ങളോടുകൂടിയാണ് തിരുവോണ നാളിൽ ചാലക്കുടിയിലെത്തിയത്.
നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ജയന്തി പ്രവീൺ, വൈസ് ചെയർമാൻ നീ.വിൽസൺ പാണാട്ടുപറമ്പിൽ എന്നിവരുടെ പൂർണ സഹകരണം, നഗരസഭാ ചെയർമാൻമാരുടെ ചേമ്പർ ചെയർമാൻ കൂടിയായ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ അയച്ച സംഘം എന്ന നിലയിൽ പൊതുമരാമത്ത് വകുപ്പ്റെസ്റ്റ് ഹൗസിൽ താമസം, ഭക്ഷണം............പലതും ചെയ്തു.ചെയ്തതിന്‍റെ നൂറിരട്ടി ഇനിയും ചെയ്യേണ്ടതുണ്ട്.വിദ്യാലയങ്ങള്‍ സാമൂഹികബോധത്തിന്‍റെ പാഠശാലകള്‍ മാത്രമല്ല വര്‍ക്ക് ഷോപ്പുകള്‍ കൂടിയാകണം എന്ന വിദ്യാഭ്യാസഫലപ്രാപ്തിയിലേക്ക് വരുംകാലത്തിന് ഒരു ചൂണ്ടു പലകകൂടിയാവുകയാണ് ഓണത്തോണി.ഞങ്ങള്‍ ഉടനടി സൃഷ്ടിച്ചെടുത്ത ഒരു കുഞ്ഞു തോണി,അത് സമയത്ത് അവിടെ തുഴഞ്ഞെത്തി. ഇങ്ങനെ ഇനിയും ഒരു പാട് തോണികള്‍ പ്രളയക്കെടുതികളിലേക്ക് എത്തേണ്ടതുണ്ട്.പ്രയാസങ്ങളിലുഴലുന്നവരെ സഹായിക്കാന്‍ വിദ്യാര്‍ത്ഥി രക്ഷാകര്‍ത്തൃജനസമൂഹത്തിന് പ്രേരണയാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ ഇതിനേക്കാള്‍ കൃതാര്‍ത്ഥത വേറെന്തിനാണ്?
..................................................
അല്പം പിന്നോട്ട് :പറമ്പിക്കുളം അണക്കെട്ടില്‍ നിന്നും തമിഴ്നാട് അളവില്‍ കൂടുതല്‍ വെള്ളമൊഴുക്കിയതാണ് ചാലക്കുടിയിലെ പ്രളയത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട്. പെരിങ്ങല്‍കുത്ത് ഡാം കരകവിഞ്ഞൊഴുകും വിധത്തില്‍ ജലപ്രവാഹത്തിന് കാരണമായത് പറമ്പിക്കുളത്ത് നിന്നും അപ്പര്‍ ഷോളയാറില്‍ നിന്നും അനിയന്ത്രിതമായി വെള്ളം തുറന്നു വിട്ടതോടെയാണെന്നാണ് വിലയിരുത്തൽ.
19,500 ക്യുബിക് അടി വെള്ളമാണ് സെക്കൻഡില്‍ തുറന്നു വിടുകയെന്നാണ് തമിഴ്നാട് ആഗസ്റ്റ് 16ന് പുലര്‍ച്ചെ ഒരു മണിക്ക് അറിയിച്ചത്. എന്നാല്‍ 40,000 ക്യുബിക് അടി വെള്ളം രണ്ട് മണിയോടെ തുറന്നു വിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചത്. കെ.സി.ഇ.ബി.പറയുന്നു.
ഇറിഗേഷന്‍ വകുപ്പാണ് ജലം പങ്കുവെക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നതിനാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്.
അതേസമയം പെരിങ്ങല്‍കുത്ത് ഡാമില്‍ മരങ്ങളും മുളങ്കൂട്ടങ്ങളും അടിഞ്ഞതിനെത്തുടര്‍ന്ന് ഡാമിന്റെഷട്ടറുകള് തകരാറിലായത് പുതിയ പ്രതിസന്ധിയായി.