ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Thursday, June 10, 2021

സാന്ത്വനപരിചരണം വലിയ മാതൃക

 സാന്ത്വനപരിചരണം വലിയ മാതൃക

നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുവിൻ എന്ന വചനം, മത്സരങ്ങൾനിറഞ്ഞ കാലത്ത് പലരും മറന്നുപോകുന്നുവെന്നതാണ് വർത്തമാനകാല ജീവിതത്തിലെ കാലുഷ്യങ്ങളുടെ അടിസ്ഥാനം. എങ്കിലും ആർദ്രത വറ്റാത്ത ഒരു പൊതുസമൂഹം ഇവിടെയുണ്ടെന്നാണ് മഹാമാരിക്കാലം തെളിയിച്ചത്. പരക്ലേശ വിവേകമുള്ളവർക്കു മാത്രമേ സാന്ത്വനത്തിന്റെ കൈത്താങ്ങ് നൽകാനാവുകയുള്ളൂ. സ്വന്തം പ്രശ്നങ്ങൾ വിസ്മരിച്ച് മറ്റുള്ളവരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ത്യാഗപൂർവം പ്രവർത്തിക്കുന്ന ഒട്ടേറെ പേർ ഓരോ പ്രദേശത്തുമുണ്ട്. സാമൂഹികമോ രാഷ്ട്രീയമോ മതപരമോ ആയ സന്മാർഗാദർശത്താൽ പ്രചോദിതരായാണ് സാമൂഹികസേവനത്തിലേക്ക് മിക്കവരും ഇറങ്ങുന്നത്. കോളറയും വസൂരിയും ബാധിച്ച് ജനങ്ങൾ മരിച്ചുവീണുകൊണ്ടിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയിലെ അനുഭവങ്ങൾ നമുക്കറിയാം. കോവിഡ് കാലത്ത് രോഗികളുടെയും ഒറ്റപ്പെട്ട് കഴിയേണ്ടിവന്നവരുടെയും വിളിപ്പുറത്തെത്തി സഹായമെത്തിച്ച ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർനമ്മുടെ നാട്ടിലുണ്ട്. ഇപ്പോഴും അവരതു തുടരുന്നു. കഴിഞ്ഞ പ്രളയകാലത്തും കേരളത്തിലെ ആ കാരുണ്യസ്പർശം ലോകം ശ്രദ്ധിച്ചു. താത്‌കാലികമായ ഒരു മുൻകൈ എന്ന നിലയിലല്ല, സുസ്ഥിരസംവിധാനമായി അത് തുടരണമെന്നത് കാലത്തിന്റെ ചുവരെഴുത്താവുകയാണ്.

കേരളത്തിൽ രണ്ടാം പിണറായി മന്ത്രിസഭയുടെ ഒന്നാമത്തെ യോഗം പതിവിൽനിന്ന് വിരുദ്ധമായി ദീർഘനേരം നീണ്ടുനിൽക്കുകയുണ്ടായി. പട്ടിണിയില്ലാത്ത, പ്രാഥമിക ജീവിതാവശ്യങ്ങൾക്ക് പ്രയാസമനുഭവപ്പെടാത്ത, പണമില്ലാത്തതിനാൽ ചികിത്സ നിഷേധിക്കപ്പെടാത്ത, പരിചരിക്കാനാളില്ലാത്തതിനാൽ നരകയാതനയനുഭവിക്കേണ്ടിവരാത്ത അവസ്ഥയുണ്ടാക്കുന്നതിനാണ് മുൻഗണനയെന്നാണ് ആ യോഗത്തിൽ വ്യക്തമാക്കപ്പെട്ടത്. അതിന്റെ തുടർച്ചയായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പ്രസ്താവിച്ചത്‌, ഏറ്റവും പരിഗണനയർഹിക്കുന്നവർക്ക് എല്ലാ സഹായവുമെത്തിക്കുന്നതിലാവും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഊന്നൽ എന്നാണ്. മികച്ചനിലയിൽ സാന്ത്വന പരിചരണപ്രവർത്തനം നടത്തുന്ന ഒട്ടേറെ സംഘടനകൾ ഇന്ന് കേരളത്തിലുണ്ട്. തെരുവുകളിൽ കഴിയുന്നവർക്ക് സ്ഥിരമായി ഭക്ഷണമെത്തിക്കുന്ന സംഘടനകൾ, ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കുന്നവർ എന്നിങ്ങനെ. എന്നാൽ, മനുഷ്യസ്നേഹത്താൽ പ്രചോദിതരായി ത്യാഗപൂർവം പ്രവർത്തിക്കാൻ നേതൃത്വം നൽകുന്നവരുള്ള സ്ഥലങ്ങളിൽ മാത്രമാണിതുള്ളത്. പലേടത്തും അതില്ല. അടുത്ത വീട്ടിൽ എന്തുസംഭവിക്കുന്നുവെന്നറിയാതെ കഴിയുന്നവരേറെയാണ്. ശരിയായുള്ള പാരസ്പര്യമുണ്ടെങ്കിൽ ദുരിതങ്ങൾ പരമാവധി ഇല്ലാതാക്കാനാവും. ആത്മഹത്യകൾ ഇല്ലാതാക്കാനാകും.

സാന്ത്വനപരിചരണം ഔദ്യോഗികമായ ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നതു വഴി തദ്ദേശസ്വയംഭരണ വകുപ്പ് രാജ്യത്തിനാകെ വലിയ മാതൃകയാണ് കാട്ടുന്നത്. കോവിഡ് കാലത്ത് രൂപവത്‌കരിച്ചതും ഇനിയും വിപുലീകരിക്കുന്നതുമായ സാമൂഹിക സന്നദ്ധസേന മുഖേന സേവനങ്ങൾ വാതിൽപ്പടിയിലെത്തിക്കുന്നതിനാണ് തീരുമാനം. പുറത്തുപോകാൻ കഴിയാത്ത വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ സേവനങ്ങൾ വീട്ടിൽത്തന്നെ ലഭ്യമാക്കൽ, ജനകീയ ഹോട്ടലിൽനിന്ന് ഭക്ഷണമെത്തിക്കൽ, കിടപ്പുരോഗികൾക്കാവശ്യമായ പരിചരണം, ആശുപത്രികളിൽ കിടക്കുന്ന രോഗികൾക്ക് കൂട്ടിരിപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം സാമൂഹിക സേവന വൊളന്റിയർമാരെ നിയോഗിച്ച് നടപ്പാക്കുന്നതിനാണ് തദ്ദേശസ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. വീടുകളിലെ അധ്വാനഭാരം കുറയ്ക്കുകകൂടി ലക്ഷ്യമാക്കി സ്മാർട്ട്‌ കിച്ചൺ പദ്ധതി നടപ്പാക്കുന്നതും ഇതിന്റെ ഭാഗമായി കാണാം. പഞ്ചായത്ത്-നഗരസഭകളുടെ പ്രധാന ഉത്തരവാദിത്വമായും പദ്ധതിയുടെ ഭാഗമായും ഇത് മാറുമ്പോൾ സാമ്പത്തികമായി സർക്കാരിൽനിന്ന് കൂടുതൽ സഹായം ആവശ്യമായിവരും. പ്രത്യേകിച്ചും വൊളന്റിയർമാർക്ക് പ്രതിഫലം നൽകേണ്ടതായി വരുമ്പോൾ പ്രത്യേക ഗ്രാന്റ് തന്നെ സർക്കാർ നൽകേണ്ടതുണ്ട്.

ഭാവിയിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രധാനപ്പെട്ട ഒരു മേഖല സാന്ത്വന പരിചരണത്തിന്റേതാകുമെന്നുറപ്പാണ്. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അത് മുൻകൂട്ടി കണ്ടറിഞ്ഞ് നേരത്തേതന്നെ മികവ് പ്രകടിപ്പിച്ച് ചുവടുറപ്പിച്ചു. അത് മാതൃകയാക്കി മറ്റുള്ളവരും രംഗത്തുവന്നുകൊണ്ടിരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഏതു നല്ലകാര്യവും വിവാദമാകാനും കക്ഷിരാഷ്ട്രീയാതിപ്രസരത്തിനിടയാക്കാനും അല്പസമയം മതിയെന്നതാണ് സ്ഥിതി. വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ നിയമാനുസൃതവും സുതാര്യവുമായ മാർഗം സ്വീകരിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കണം. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയാൽ അത്‌ ലോകത്തിനു മുന്നിൽ പുതിയൊരു കേരളമാതൃകയാവുമെന്നത് നിസ്സംശയമാണ്.

വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ നിയമാനുസൃതവും സുതാര്യവുമായ മാർഗം സ്വീകരിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കണം. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയാൽ അത്‌ ലോകത്തിനു മുന്നിൽ പുതിയൊരു കേരളമാതൃകയാവുമെന്നത് നിസ്സംശയമാണ്

-Editorial MATTHRBHUMI 11062021

No comments:

Post a Comment