ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, September 30, 2018

കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പുനര്‍നിര്‍മ്മിക്കുക (Build Back Better)"

നിയമസഭ അംഗീകരിച്ച പ്രമേയം
2018 ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ ഉടനീളം പെയ്ത കനത്ത മഴയുടെ ഫലമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാവുകയും കേരളം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തം ഏറ്റുവാങ്ങേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. ഈ ദുരന്തം കേരളത്തിന്‍റെ സമസ്ത മേഖലകളിലും ഏല്‍പ്പിച്ച ആഘാതം ഇനിയും പൂര്‍ണ്ണമായി കണക്കാക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയാടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെയും പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയ്യാറാക്കാന്‍ വേണ്ടി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുണമെന്ന് സഭ ആവശ്യപ്പെടുന്നു.
കേരളത്തിലെ 981 വില്ലേജുകളിലായി 55 ലക്ഷത്തോളം ആളുകള്‍ പ്രളയദുരന്തത്തിന് ഇരയായതായി കണക്കാക്കപ്പെടുന്നു. ദുരന്തത്തില്‍ 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. ഇതിനുപുറമെ ഗുരുതരമായ പരിക്കുകള്‍ പറ്റിയ 140 പേരും ഉണ്ട്. മരണസംഖ്യ പരമാവധി കുറയ്ക്കുകയും പ്രളയബാധിതരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുക എന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഈ മഹാദൗത്യത്തില്‍ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളും സ്വന്തം ജീവന്‍ പണയപ്പെടുത്തി മത്സ്യത്തൊഴിലാളികളും യുവാക്കളും സന്നദ്ധപ്രവര്‍ത്തകരും സജീവമായി അണിനിരന്നു. ഇവരോടൊപ്പം ജനപ്രതിനിധികളാകെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. ഇവരുടെയെല്ലാം സേവനം അഭിമാനപൂര്‍വ്വം അനുസ്മരിക്കുന്നതോടൊപ്പം ഇവരോടുളള കേരള സംസ്ഥാനത്തിന്‍റെ കടപ്പാടും നന്ദിയും ഈ സഭ രേഖപ്പെടുത്തുന്നു.
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായി 3,879 ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചവരുടെ എണ്ണം 2018 ആഗസ്റ്റ് 21 ലെ കണക്കുപ്രകാരം 3,91,494 കുടുംബങ്ങളില്‍പ്പെട്ട 14,50,707 പേര്‍ ആണ്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഇപ്പോള്‍ 305 ആയി കുറയുകയും ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 16,763 കുടുംബങ്ങളില്‍ നിന്നുള്ള 59,296 പേര്‍ ആയി കുറയുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാധനസാമഗ്രികളും ധനസഹായവും കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല സംസ്ഥാനത്തിന് പുറത്തു നിന്നും രാജ്യത്തിനു പുറത്തുനിന്നുപോലും പ്രവഹിക്കുന്ന ആവേശജനകമായ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ദുരിതാശ്വാസക്യാമ്പുകളില്‍ ദൃശ്യമായ സൗഹാര്‍ദ്ദവും മൈത്രിയും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒരുമയുടെയും കൂട്ടായ്മയുടെയും മഹനീയ മാതൃകയായി ലോകം വിലയിരുത്തിയ ദിരുതാശ്വാസ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നത്.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുളള മാധ്യമപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിയാണ് നിരവധി മാധ്യമപ്രവര്‍ത്തകര്‍ ദുരന്തഭൂമിയിലെത്തി ദുരന്തത്തിന്‍റെ തീവ്രത പൊതുസമൂഹത്തിന്‍റെയും അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയതെന്ന കാര്യം ഈ സഭ നന്ദിയോടെ സ്മരിക്കുന്നു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നുള്ള പുനരധിവാസ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ എല്ലാ മേഖലകളില്‍ നിന്നും ഗണ്യമായ തോതില്‍ എത്തിക്കൊണ്ടിരിക്കുന്നു. ന്യായാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രവാസികള്‍, വ്യവസായികള്‍, തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും പരമാവധി സംഭാവന നല്‍കാന്‍ മുന്നോട്ടുവരുന്നുണ്ട്. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ മഹായത്നത്തില്‍ സജീവ പങ്കാളികളാകും എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാത്തരം വിഭാഗീയചിന്താഗതികള്‍ക്കും അതീതമായി കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ദൃഢനിശ്ചയത്തോടെ ഒരു പുതിയ കൂട്ടായ്മയും യോജിപ്പിന്‍റെ ഒരു പുതിയ സംസ്കാരവും ഉയര്‍ന്നുവരുന്നുവെന്നതില്‍ ഈ സഭ അഭിമാനവും സന്തോഷവും രേഖപ്പെടുത്തുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിലും എല്ലാവരും ഒരുമിച്ച്നിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുകൊണ്ട് മുന്നേറണമെന്ന് ഈ സഭ ആഹ്വാനം ചെയ്യുന്നു.
ഈ ആഘാതത്തില്‍ നിന്നും കരകയറുക മാത്രമല്ല, "കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പുനര്‍നിര്‍മ്മിക്കുക (Build Back Better)" എന്ന മാതൃക അവലംബിച്ചുകൊണ്ട് ഒരു പുതിയ കേരളം സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍, അതിനാവശ്യമായ വിഭവസമാഹരണം നടത്തുക എന്നത് അസാധാരണമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇപ്പോള്‍ നല്‍കിയിട്ടുള്ള താത്ക്കാലികമായ ആദ്യ ഗഡു എന്ന നിലയിലുള്ള 600 കോടി രൂപയ്ക്ക് പുറമെ നാശനഷ്ടങ്ങളുടെ അന്തിമ കണക്കുകളുടെ അടിസ്ഥാനത്തില്‍ പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനും പര്യാപ്തമായ കേന്ദ്രസഹായം അനുവദിക്കണമെന്ന് കേരള നിയമസഭയുടെ ഈ പ്രത്യേക സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. പ്രളയക്കെടുതിയുണ്ടായപ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിക്കാനെത്തിയെങ്കിലും നവകേരള സൃഷ്ടിക്കായുള്ള തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായ സഹകരണം ഇനിയും കേരളം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള അതിബൃഹത്തായ ഒരു പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കുമ്പോള്‍ സാങ്കേതികമേഖലയിലും ധനസമാഹരണത്തിന്‍റെ കാര്യത്തിലും അന്താരാഷ്ട്രതലത്തിലുള്ള സഹകരണവും സഹായവും ആവശ്യമായി വരുന്നതാണ്. അതിനാല്‍ വിദേശരാജ്യങ്ങള്‍, ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍, ലോകബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ ഏജന്‍സികള്‍ എന്നിവ നല്‍കാന്‍ തയ്യാറുളള സാമ്പത്തിക-സാങ്കേതിക സഹായവും സഹകരണവും കേരളത്തിന്‍റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് പുനര്‍നിര്‍മ്മാണത്തിന് പരമാവധി പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണമെന്നും ഈ സഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment