ജന്മനാ രണ്ടു കൈകളില്ല, സ്വധീനവുമില്ലാത്ത വലതുകാൽ വണ്ണംകുറവും ഇടതുകാലിനേക്കാൾ 8 ഇഞ്ച് നീളം കുറവും... നട്ടെലിനു വളവു, ഒരു ചെവിക്കു കേൾവി കുറവ് അങ്ങിനെ 90 % വൈകല്യമുണ്ട് കോഴിക്കോട് താമരശ്ശേരി വെളിമണ്ണകാരനായ ആലത്തുകാവിൽ വീട്ടിൽ മുഹമ്മദ് ആസിമിന്... പക്ഷെ ഇതൊന്നും ആലുവ പെരിയാറിന്റെ ഏറ്റവും വീതി കൂടിയതും 30 അടിയിലേറെ താഴ്ചയുമുള്ള ഭാഗമായ അദ്വൈതാശ്രമം കടവിൽ നിന്നും ആലുവ മണപുറം വരെ നീന്തുന്നതിനു തടസ്സമായില്ല...
2018 ലെ വെള്ളപൊക്കത്തിന് മുൻപ് ആസിമിനെ കുറിച്ച് ഒരു പത്രത്തിൽ ഒരു ലേഖനം വന്നിരുന്നു. കഴിഞ്ഞ 12 വർഷമായി ആലുവ മണപ്പുറം കടവിൽ 5000 ലധികം പേരെ നീന്തൽ പഠിപ്പിച്ചു അതിൽ 1500 ഓളം പേരെ ആലുവ പുഴയുടെ ഏറ്റവും വീതികൂടിയ ഭാഗം നീന്തിക്കടത്തിയ നീന്തൽ പരിശീലകനായ സജി വാളശ്ശേരി ആ ലേഖനം വായിക്കുകയും ആസിമിനെ കാണുവാനായി പത്ര വാർത്തയിലെ മേൽവിലാസത്തിൽ കോഴിക്കോട് വെളിമണ്ണ ചെന്നെങ്കിലും ആസിമും മാതാപിതാക്കളും സ്ഥലത്തു ഇല്ലാതിരുന്നതിനാൽ കാണുവാൻ സാധിച്ചില്ല എങ്കിലും അയൽ വീട്ടിൽ നിന്നും അവരുടെ ഫോൺ നമ്പർ വാങ്ങി ബന്ധപെട്ടു വേറെ ഒരു ദിവസം നേരിൽ ചെന്ന് ആസിമുമായും മാതാപിതാക്കളുമായും സംസാരിക്കുകയും ചെയ്തു. ആദ്യ തവണ സജി വാളശ്ശേരി കോഴിക്കോട് ചെന്ന് ആസിമിനെ കാണുമ്പോൾ ആസിമിന് 12 വയസായിരുന്നു. ഇത്രയും ശാരീരിക പരിമിതികൾ ഉള്ള ആസിമിനെ നീന്തൽ പഠിപ്പിക്കുവാൻ പറ്റില്ല എന്ന് മാതാപിതാക്കൾ പറഞ്ഞു എങ്കിലും വൈകല്യമുള്ളവർ നീന്തുന്ന വിഡിയോകൾ സജി വാളശ്ശേരി ആസിമിനെയും മാതാപിതാക്കളെയും കാണിച്ചു കൊടുക്കുകയും വീണ്ടും ഒരു തവണ കൂടി ആസിമിനെ കോഴിക്കോട് പോയി കണ്ട് മാനസികമായി അവരെ അതിനു തയ്യാറെടുപ്പിക്കുകയും ചെയ്തു... അങ്ങിനെ മൂന്നര വർഷത്തെ പരിശ്രമത്തിന്റെയും കാത്തിരിപ്പിന്റെയും ഒടുവിൽ 2022 ജനുവരിയിൽ ആസിമും പിതാവും ആലുവയിലേക്കു എത്തി.
ജന്മനാ നട്ടെലിന് വൈകല്യമുള്ള കൃഷ്ണ എസ് കമ്മത് , ഇരു കണ്ണിനും കാഴ്ചയില്ലാത്ത നവനീത്, മനോജ്, ഐബിൻ എന്നിവരും ജന്മനാ കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത ആദിത് , അഞ്ചരവയസുകാരി നിവേദിത, ജന്മനാ വലതു കൈക്കു സ്വധീനമില്ലാത്ത അമ്പത്തൊന്നുകാരൻ രാധാകൃഷ്ണൻ, പോളിയോ ബാധിച്ചു വലതുകാലിന്റെ സ്വാധീനം നഷ്ടപെട്ട റോജി ജോസഫ് എന്നിവർ സജി വളശ്ശേരിയുടെ പരിശീലനത്തിൽ അദ്വൈതാശ്രമം കടവിൽ നിന്നും ആലുവ മണപുറം വരെ നീന്തിക്കയറിയവരാണ്'.
ആസിമിന്റെ പിതാവ് ഷാഹിദ് ഒരു ഉസ്‌താദും കോഴിക്കോട് ആലിൻതറ റബ്ബാനിയ്യ: കോളേജിലെ ഖുർആൻ അദ്ധ്യാപകനാണ് . മാതാവ് ജംസീന സഹോദരങ്ങൾ മുഹമ്മദ് ബിശ്റ്, മുഹമ്മദ് ഗസ്സാലി, അഹ്മദ് മുർസി, സഹോദരിമാർ : ഹംന ലുബാബ, സൗദ, ഫാതിമതുൽ ബതൂൽ. സജി വളശ്ശേരിയുടെ സ്വന്തം വീട്ടിൽ ഒരു മുറി അവർക്കായി താമസിക്കാനും നിസ്കരിക്കാനുമുള്ള സൗകര്യവും ഭക്ഷണവും ഒരുക്കിയാണ് സജി അവരെ സ്വീകരിച്ചത്. ഇരു കൈകൾ ഇല്ലാത്തതും വലതു കാലിനു സ്വധീന കുറവുള്ളതും കൊണ്ട് ആസിമിനെ നീന്തൽ പഠിപ്പിക്കുക എന്നുള്ളത് ഒരു ശ്രമകരമായിരുന്നു... എന്നാൽ ആസിമിന്റെ നിശചയദാർഢ്യവും സജി വാളശ്ശേരിയുടെ പരിശ്രമവും ഒത്തു ചേർന്നപ്പോൾ അത് സാധ്യമായി.
2017 ൽ തന്നെ സജി രണ്ടു കയ്യും ഇല്ലാത്തവരെ പഠിപ്പിക്കുന്നതിന് സ്വയം തയ്യാറെടുപ്പു തുടങ്ങിയിരുന്നു... ദിവസങ്ങളോളം നിത്യേന കഠിന പരിശീലനം ചെയ്തു കൊണ്ടായിരുന്നു... രണ്ടു കയ്യും കെട്ടിപിടിച്ചു സജി വാളശ്ശേരി ആലുവ പുഴയിലൂടെ പതിനഞ്ചു മിനിറ്റ് മുതൽ രണ്ടര മണിക്കൂർ വരെ മലർന്നു നീന്തുമായിരുന്നു. ഈ പരിശീലനങ്ങൾകു ശേഷമാണു ആസിമിനെ കണ്ടെത്തുന്നതും പഠിപ്പിക്കുവാൻ തുടങ്ങിയതും.
ഇങ്ങിനെ നീന്തലിനു അവിഭാജ്യ ഘടകങ്ങൾ എന്ന മറ്റുള്ളവർ കരുതുന്ന ഘടകങ്ങൾ വളരെ കുറച്ചു മാത്രം ഉള്ളവരെ ഇത്രെയും ആഴവും വീതിയും ഉള്ള ആലുവ പുഴയിൽ നീന്തികാണിക്കുന്നതിലൂടെ എത്ര ശാരീരിക പരിമിതിയുള്ളവർക്കും നീന്തൽ പഠിക്കുവാൻ ഒന്നും ഒരു തടസ്സമല്ല എന്ന് ഒരു സന്ദേശം ലോകത്തിനു മുഴുവൻ നൽകുക എന്നുള്ളതാണ് സജി വാളശ്ശേരിയുടെ ലക്ഷ്യം. ഇതൊരുപാട് പേർക്ക് പ്രചോദനമാകും എന്ന് പ്രതീക്ഷിക്കുന്നു.
ആലുവ മണപ്പുറം ദേശം കടവിൽ രാവിലെയും വൈകുന്നേരവും 2 മണിക്കൂർ വീതം രണ്ടാഴ്ചത്തെ കഠിന പരിശീലനത്തിനൊടുവിൽ ആണ് ആസിം ഈ നീന്തലിനു തയ്യാറെടുത്തത്. അവസാന നാല് ദിവസങ്ങളിൽ പരിശീലനം ഒരു കിലോമീറ്റർ വരെ നീന്തികൊണ്ടായിരുന്നു.
2017 ൽ വേമ്പനാട്ടു കായലിന്റെ ഏറ്ററ്വും വീതികൂടിയ ഭാഗമായ കോട്ടയം കുമരകം മുതൽ ആലപ്പുഴ മുഹമ്മ വരെയുള്ള ഒൻപതു കിലോമീറ്റർ നീന്തി കടന്നു ചരിത്രത്തിൽ ഇടം നേടിയ ആദ്യ വനിതയാണ് മാളു ഷെയ്ക്. കൃഷ്ണവേണി, ആദിത്യ, അദ്വ്യത് എന്നിവരും സജി വാളശേരി പരിശീലനം നൽകി വേമ്പനാട്ടുകായലിന്റെ ഈ ഭാഗം നീന്തിക്കടന്നവരാണ്. കഴിഞ്ഞ പന്ത്രണ്ടു വർഷമായി ആലുവ ശിവ ക്ഷേത്രത്തിനടുത്തു മണപ്പുറം കടവിലാണ് പരീശീലിപ്പിച്ചു ഇരുന്നത് എന്നാൽ ഈ വർഷം കുട്ടികളെയും മുതിർന്നവരെയും പ്രവേശിപ്പിക്കാത്തതു അമ്പലഭാരവാഹികളുടെ അനുമതിക്ക് വേണ്ടി കാത്തിരിക്കുന്നത് കൊണ്ടാണ് . അനുമതി ലഭിച്ചാൽ, കോവിഡ് വ്യാപനം കഴിഞ്ഞു ഈ കടവിൽ ഒരു ദിവസം ആയിരം പേർക്ക് വരെ മൂന്ന് ബാച്ചുകളിലായി പഠിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിട്ടുണ്ട് . നീന്തൽ പഠിക്കുവാൻ വരുന്നവർ തന്നെയാണ് സുരക്ഷാക്രമീകരണങ്ങൾക്കുള്ള ചിലവുകൾ വഹിക്കുന്നത് . ട്യൂബുകൾ, ലൈഫു് ജാക്കറ്റ് , വള്ളം, ബോട്ട്, ആംബുലൻസ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയാണ് എല്ലാ ദിവസവും ആലുവയിൽ പരിശീലനം നടത്തുന്നത്.
കഴിഞ്ഞ 12 വർഷവും നീന്തൽ പരിശീലനം നടത്തിയ ആലുവ മണപ്പുറം കടവ് ലഭ്യമല്ലാതിരുന്നതിനാൽ ആലുവ മണപ്പുറം ദേശം കടവിലാണ് നീന്തൽ പഠനം പൂർത്തിയായത് . ഈ 2022 ജനുവരിയിൽ തന്നെയാണ് 69 വയസ്സുകാരിയായ ആരിഫയും 70 വയസ്സുകാരനായ വിശ്വംഭരൻ 2014 ൽ ഉണ്ടായ ഒരു ട്രെയിൻ ആക്‌സിഡന്റിൽ ഇരു കാലുകളും നഷ്ട്ടപെട്ട ഷാൻ എന്നിവരും സജി വാളശേരിയുടെ പരിശീലനത്തിൽ പെരിയാർ നീന്തിക്കടന്നവരാണ് .
ആലുവ അദ്വൈത ആശ്രമം കടവിൽ നിന്നും ആലുവ എം എൽ എ അൻവർ സാദത്ത് നീന്തൽ രാവിലെ 8:50 നു ഫ്ളാഗ്ഓഫ് ചെയ്തു കൗൺസിലർമാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ,കെ വി സരള, ശ്രീലത രാധാകൃഷ്ണൻ, ആനന്ദ് ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ആശ്രമം കടവിൽ നിന്നാരംഭിച്ചു റെയിൽവേ പാലത്തിന്റെ തൂണുകൾ ചുറ്റി പുഴ കുറുകെ നീന്തി മണപ്പുറം 9:51 നു വന്നു കയറുമ്പോൾ ഒരു മണിക്കൂറും ഒരു മിനിറ്റും കൊണ്ട് ഒരു കിലോമീറ്ററോളം നീന്തുകയുണ്ടായി. മണപ്പുറം കടവിൽ നീന്തി കയറിയ മുഹമ്മദ് ആസിമിനും പരിശീലകൻ സജി വാളശേരിക്കും എസ് സതീഷും (വൈസ് ചെയർമാൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് ) എം ഒ ജോണും (ആലുവ നഗര സഭ ചെയർപേഴ്സൺ ) മറ്റു പ്രമുഖ വ്യക്തികളും ചേർന്ന് സ്വീകരണം നൽകുകയും ഉണ്ടായി, പി എം സഹീർ (പ്രസിഡണ്ട് , ദേശാഭിവർദ്ധിനി സഹകരണബാങ്ക് ), ഡോ ഷാഹുൽ ഹമീദ് (ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ), നൗഷാദ് തെക്കയിൽ (മനുഷ്യാവകാശ പ്രവർത്തകൻ), കെ സി സ്മിജൻ (സംസ്ഥാന ജനറൽ സെക്രട്ടറി, കേരള ജേർണലിസ്റ് യൂണിയൻ), മുൻസിപ്പൽ കൗൺസിലർമാരായ ദിവ്യ സുനിൽ കുമാർ, സുനീഷ് വി എൻ എന്നിവരും മറ്റു പൗര പ്രമുഖരുടെയും സാന്നിധ്യവുമുണ്ടായിരുന്നു.
"ജന്മനാ എനിക്കുണ്ടായ ഈ കുറവുകൾ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാ കഴിവുകളും എല്ലാം ഉള്ള മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കുവാനും അവരെല്ലാം നീന്തൽ പഠിച്ചു ഇനി ഒരാളും മുങ്ങിമരിക്കരുത് എന്ന വളരെ ശക്തമായ ഒരു സന്ദേശം ലോകത്തിനു നൽകുവാൻ വേണ്ടിയാണ് ഞാൻ ഇന്ന് അദ്വൈത ആശ്രമം കടവ് തുടങ്ങി റെയിൽവേ പാലത്തിന്റെ തൂണുകൾ ചുറ്റി പുഴ കുറുകെ മണപ്പുറം വരെ നീന്തി കയറിയത്." - മുഹമ്മദ് ആസിം
3 വർഷങ്ങൾക്കു മുൻപ് ഒരു പത്രത്തിൽ വന്ന ഒരു ലേഖനത്തിൽ നിന്നും ആസിമിന്റെ കാര്യങ്ങൾ മനസ്സിലാക്കിയ അന്ന് മുതൽ ഞാൻ തയ്യാറെടുക്കുകയായിരുന്നു... 3 വർഷങ്ങൾക്കു മുൻപ് കോഴിക്കോട് താമരശ്ശേരി വെളിമണയിൽ ചെന്ന് നേരിട്ട് കണ്ടു സംസാരിച്ചപോൾ ആസിമിന്റെ 90 % വൈകല്യം മാതാപിതാക്കൾ ഒരു തടസ്സമായി പറഞ്ഞുവെങ്കിലും, ഇടയ്ക്കുള്ള എന്റെ സന്ദർശനങ്ങളും മറ്റു വൈകല്യങ്ങൾ ഉള്ള കുട്ടികളുടെ വിഡിയോകൾ എല്ലാ കാണിച്ചു ആസിമിനെയും മാതാപിതാക്കന്മാരെയും ഇതിനു തയ്യാറെടുപ്പിച്ചു. പിന്നെ ഞാൻ രണ്ടു കയ്യും ഇല്ലാത്തവരെ പഠിപ്പിക്കുന്നതിന് സ്വയം തയ്യാറെടുപ്പു തുടങ്ങിയിരുന്നു... ദിവസങ്ങളോളം നിത്യേന കഠിന പരിശീലനം ചെയ്തു കൊണ്ടായിരുന്നു... രണ്ടു കയ്യും കെട്ടിപിടിച്ചു ആലുവ പുഴയിലൂടെ പതിനഞ്ചു മിനിറ്റ് മുതൽ രണ്ടര മണിക്കൂർ വരെ മലർന്നു നീന്തുമായിരുന്നു. ഈ പരിശീലനങ്ങൾകു ശേഷമാണു ആസിമിനെ പഠിപ്പിക്കുവാൻ തുടങ്ങിയതും. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നീന്തൽ അറിയാത്തതു കൊണ്ട് എത്രെയോ ആളുകൾ മുങ്ങിമരിക്കുന്നു. ഇത്രെയും ശാരീരിക പരിമിതികൾ ഉണ്ടായിട്ടും നീന്തൽ പഠിച്ചു എത്രെയോ ആളുകൾ മുങ്ങിമരിച്ച ഈ ആലുവ പുഴ വളരെ നിസ്സാരമായി നീന്തി കടന്ന ആസിമിനെ കണ്ടിട്ടെങ്കിലും എല്ലാ രക്ഷിതാക്കളും എല്ലാ ആളുകളും നീന്തൽ പഠിക്കുക. എല്ലാവരും നീന്തൽ പഠിച്ചു ഇനി ഒരു മുങ്ങിമരണങ്ങളും ഇല്ലാത്ത ഒരു ലോകമാണ് എന്റെ സ്വപ്നം... - സജി വാളശ്ശേരി
No comments:
Post a Comment