സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. സ്വാഭാവികമായും സര്‍ക്കാര്‍ സര്‍വീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികള്‍ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അഴിമതി തടയുന്നതിന് സഹായകരമല്ല. അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി 'അഴിമതിമുക്ത കേരളം' പരിപാടി നടപ്പാക്കും.
അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്‍റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ്വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒരു അതോറിറ്റിക്കു മുമ്പിലാണ് കൃത്യതയുള്ള പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ടാക്കുക. വിവരം നല്‍കുന്ന ആളുകള്‍ ഒരു സര്‍ക്കാര്‍ ഓഫീസിന്‍റെയും പടി ചവിട്ടേണ്ടിവരില്ല. പരാതികള്‍ സോഫ്റ്റ്വെയറില്‍ ശേഖരിച്ച് അതിന്‍റെ നിജസ്ഥിതി ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ മനസ്സിലാക്കി ആവശ്യമായ നടപടികള്‍ക്കായി ഈ അതോറിറ്റി കൈമാറും. വിജിലന്‍സ്/ വകുപ്പുതല നടപടികള്‍ക്ക് ഇതിനുശേഷം ആവശ്യമെങ്കില്‍ അനുമതി നല്‍കും.
ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ടശേഷമാണ് അനുമതി നല്‍കുക. കഴമ്പില്ലാത്ത ആരോപണങ്ങള്‍ ശാസ്ത്രീയമായ ഫില്‍ട്ടറിങ്ങിലൂടെ കടന്നുവരികയുമില്ല. സത്യസന്ധമായ സിവില്‍ സര്‍വീസും പൊതുസേവന രംഗവും വാര്‍ത്തെടുക്കാനുള്ള ഉദ്യമത്തില്‍ നാഴികക്കല്ലായിരിക്കും ഈ പരിപാടി. ഇത് റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ആരംഭിക്കും.
പിണറായി വിജയൻ
മുഖ്യമന്ത്രി
No comments:
Post a Comment