31/07 / 2020: മലയാളി കോവിഡ് കൈപ്പറ്റാനായി തള്ളിക്കയറിക്കൊണ്ടിരിക്കുകയാണ് .നാം കുറഞ്ഞ പുള്ളികളൊന്നുമല്ല .പത്തു മിനിറ്റു യാത്രക്ക് പോലും ,ബസിൽ സീറ്റ് പിടിക്കാനായി തൂവാല ബുക്കിങ്ങും തള്ളിക്കയറ്റവും നടത്തിയ ചെറുപ്പക്കാരായ സമർത്ഥന്മാരല്ലേ നമ്മൾ !
ബസ് മലയോരത്തെ സ്റ്റോപ്പിൽ നിറുത്തുമ്പോഴേക്ക് തടിമിടുക്കുള്ള ചെറുപ്പക്കാരൊ ക്കെ ഓതിരം കടകം മറിഞ്ഞു ഒഴിഞ്ഞ സീറ്റ് കണ്ട് പിടിച്ചു തൂവാലയെറിഞ്ഞു ബുക്ക് ചെയ്തു ചാടിക്കേറി സീറ്റിലിരിക്കും . കുഞ്ഞിനെയുമെടുത്തു ആകെയുള്ള ഒഴിഞ്ഞ സീറ്റിനടുത്തു ഞാൻ എത്തിയപ്പോൾ അതിലൊരു തൂവാല .പുറകിൽ നിന്നൊരു ചെറുപ്പക്കാരൻ എന്നെ പിടിച്ചു വലിച്ചു പറയുകയാണ്, "ചേട്ടാ അതെന്റെ ന്റെ സീറ്റാ ,എന്റെ തൂവാലയാ " .ബസാണെങ്കിൽ ഇളകിത്തുടങ്ങി .കുനിഞ്ഞു ഇടതു കൈ കൊണ്ട് തൂവാല മാറ്റി ഞാനും കുഞ്ഞും ഇരുന്നു.തൂവാല പുറകിൽ നിന്നയാൾക്കു കൊടുത്തപ്പോൾ വാങ്ങിയില്ല .ഞാനതു പതുക്കെ ബസിൽ ഇട്ടു .ഉടൻ അയാൾ ശബ്ദമുയർത്തി ."എന്റെ തൂവാല എന്തിനാണ് താഴെയിട്ടത് ? ""ഞാൻ ബുക്ക് ചെയ്ത സീറ്റല്ലേ" . "തൂവാല മാറ്റിയിട്ടത് ശരിയല്ല" .എന്നിങ്ങനെ പോയി വാദഗതി .വാഗ്‌വാദം കുറേനേരം നീണ്ടു നിന്നു .സഹയാത്രികർ പലരും മൗനം .കണ്ടക്ടറും മൗനം .യാത്രക്കാരിൽ ചിലർ ചെറുപ്പക്കാരന്റെ പക്ഷം പിടിക്കാനും കൂടി ."ബുക്ക് ചെയ്ത സീറ്റല്ലേ" , "തൂവാല എന്തിനാണ് താഴെയിട്ടത് ?" ഇ തിലും ഭേദം കുഞ്ഞിനെയുമെടുത്തു ബസിൽ നിൽക്കുന്നതായിരുന്നു എനിക്ക് തോന്നിത്തുടങ്ങിയ സമയം ,ബസിലുണ്ടായിരുന്ന , എന്റെ പരിചയക്കാരനായ ഒരു അദ്ധ്യാപകൻ ഇടപെട്ടു ചെറുപ്പക്കാരനെ സമാധാനിപ്പിച്ചു .സ്വന്തം സീറ്റ് ഒഴിഞ്ഞു കൊടുത്തു .അദ്ദേഹം നിലത്തു വീണ തൂവാല എടുത്തു കുടഞ്ഞു എന്നെ ഒന്ന് അമർത്തി നോക്കി ആ ചെറുപ്പക്കാരന്റെ കൈയിൽ തിരിച്ചേൽപ്പിച്ചു .ഞങ്ങൾ രണ്ട് പേരോടും വിശേഷങ്ങൾ ചോദിച്ച ശേഷം തൊട്ടടുത്ത സ്റ്റോപ്പിൽ അദ്ദേഹം ഇറങ്ങുകയും ചെയ്തു . ബസ് നഗരത്തിലേക്ക് സമാധാനപൂർവം മുന്നോട്ടു നീങ്ങുകയും ചെയ്തു .മിക്ക സ്റ്റോപ്പുകളിലും തടി മിടുക്കും സ്വാർത്ഥത യും ഉള്ളവർ തള്ളിക്കയറുകയും സീറ്റ് പിടിക്കുകയും ദുർബലരും ബുദ്ധി കുറഞ്ഞവരും പ്രായം ചെന്നവരും അവശരും ഒക്കെ നിൽക്കേണ്ടി വരികയും ചെയ്തു പോന്നു .ഈ തള്ളി ക്കയറ്റം ഇന്നും തുടരുകയാണ് .ക്യു നില്ക്കാൻ മലയാളി പഠിച്ചിട്ടില്ല .ആശു പത്രികളിലും ,മീൻ കടയിലും ,സൂപ്പർമാർക്കറ്റിലും , എന്തിനു പാല് വാങ്ങുന്ന ദിക്കിൽപോലും മലയാളി തള്ളിക്കയറുകയാണ് .
രാവിലെ മോഹനൻ വക്കീൽ പറഞ്ഞതു ഒടുവള്ളി ആശുപത്രിയിൽ നടന്ന തള്ളിക്കയറ്റത്തെക്കുറിച്ചാണ് . മകളെ പൂച്ച കടിച്ചതാണ് .പേ വിഷ വാക്‌സിൻ കുത്തിവെപ്പു എടുക്കാൻ പോയി .ആശുപത്രിയിൽ സാമൂഹ്യ അകലം പാലിക്കാനായി വെള്ള പെയിന്റടിച്ച വൃത്തങ്ങൾ വരച്ചതിൽ മൂന്നാമനായി വക്കീൽ ൽ നിന്നു .പിന്നീട് വന്ന ബസ്സിൽ ഇറങ്ങിയവർ ,കാറിൽ വരുന്നവർ,ഓട്ടോയിൽ വന്നവർ ഒക്കെ കൂട്ടമായി വന്നു തള്ളിക്കയറി മുന്നിൽ കൗണ്ടറിനടുത്തു കൂടി നിൽപ്പ് തുടങ്ങി .ഇവരൊക്കെ പോയിട്ടാണ് വരി നിന്ന ബുദ്ധിശൂന്യർക്കു ചികിത്സ കിട്ടുന്നത് .കോവിഡ് കൈപ്പറ്റാനായി മലയാളി രോഗികൾ തള്ളിക്കയറിക്കൊണ്ടിരിക്കുകയാണ്.
കോവിഡ് കാലത്തിനു മുൻപ് ഓഡിറ്റോറിയിൽ നടന്ന കല്യാണ സദ്യകൾ ഓർമയുണ്ടോ ? സദ്യ നടക്കുന്ന ഹാളിൽ ഒരു പ്രത്യേക സാമർഥ്യത്തോടെ, തള്ളമാരെയും കുഞ്ഞുങ്ങളെ എടുത്തു നിന്ന മനുഷ്യരെയും പ്രായമായവരെയും വശത്തേക്ക് തള്ളി മാറ്റി , ഇരച്ചു കയറി ,സീറ്റ് പിടിച്ചു .മേശക്കടിയിൽ കൈ കഴുകി ,മൂക്കറ്റം തട്ടിവിടാൻ ,തടി മിടുക്കും ആർത്തിയും ഉള്ള നമ്മൾ മലയാളികൾക്കു ഒരു വല്ലാത്ത അഭിനിവേശമാണ് .കല്യാണം നടന്നോ ആവോ .ആർക്കറിയാം .സദ്യ ഉണ്ണാൻ കാണിക്കുന്ന ആ വൃത്തികെട്ട ഒരു അഭിനിവേശത്തോടെ ,അടഞ്ഞ ശ്രീകോവിലുകൾക്കു മുൻപിൽ കാണിച്ച ദിവ്യമായ സ്വാർത്ഥതയോടെ ,കോവിഡ് കൈപ്പറ്റാനായി മലയാളി സുഹൃത്തുക്കൾ ഹോട്ടലുകളിലും ബാറിലും മാളിലും മീൻകടകളിലും പാൽക്കാരുടെയടുത്തും ആധാരമെഴുത്തുകാരനടുത്തും തള്ളിക്കയറിക്കൊണ്ടിരിക്കുകയാണ്.
തള്ളിക്കയറുന്ന ഭക്തരെ കോവിഡ് അനുഗ്രഹിക്കുക തന്നെ ചെയ്യും .സർക്കാരിന്റെ പ്രതിരോധം പൊട്ടിപൊളിഞ്ഞേ എന്ന് നമുക്ക് അട്ടഹസിക്കാം .
No comments:
Post a Comment